KeralaNEWS

ചീത്ത വിളിച്ചാല്‍ പ്രീതി നഷ്ടമാവില്ല; ഗവര്‍ണര്‍ നോക്കേണ്ടത് നിയമ ലംഘനം ഉണ്ടോയെന്ന്: ഹൈക്കോടതി

കൊച്ചി: ഭരണഘടന അനുശാസിക്കുന്ന ഗവര്‍ണറുടെ പ്രീതി വ്യക്തിപരമല്ലെന്ന് ഹൈക്കോടതി. നിയമപരമായ പ്രീതിയെക്കുറിച്ചാണ് ഭരണഘടന പറയുന്നത്. ആരെങ്കിലും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചോ എന്നാണ് ഗവര്‍ണര്‍ നോക്കേണ്ടതെന്നും, കേരള സര്‍വകലാശാലാ സെനറ്റ് കേസിന്റെ വാദത്തിനിടെ ഹൈക്കോടതി പറഞ്ഞു.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ഗവര്‍ണറുടെ അപ്രീതിയുണ്ടാവുന്നത്. ചീത്ത വിളിച്ചാല്‍ പ്രീതി നഷ്ടപ്പെടില്ല. ബോധപൂര്‍വമായ നിയമ ലംഘനം നടക്കുന്നുണ്ടോയെന്നാണ് ഗവര്‍ണര്‍ നോക്കേണ്ടതെന്നും കോടതി പറഞ്ഞു.

Signature-ad

വി.സിയെ നിര്‍ദേശിക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്കു പ്രതിനിധിയെ നിശ്ചയിക്കാത്ത സെനറ്റിന്റെ നടപടിയെ കോടതി വിമര്‍ശിച്ചു. വി.സി ഇല്ലാതെ സര്‍വകലാശാല എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് കോടതി ചോദിച്ചു. പ്രതിനിധിയെ നിശ്ചയിക്കുന്നതിന് താമസം എന്താണ്? അടുത്ത സെനറ്റ് യോഗത്തില്‍ പ്രതിനിധിയെ തീരുമാനിക്കുമോയെന്ന് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. പുറത്താക്കിയതിന് എതിരെ പതിനഞ്ച് സെനറ്റ് അംഗങ്ങളാണ് കോടതിയെ സമീപിച്ചത്. അടുത്ത സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ കോടതി നാളെ തീരുമാനമെടിക്കും.

സെനറ്റ് അംഗങ്ങളുടെ നോമിനേഷന്‍ പിന്‍വലിച്ച തീരുമാനത്തെ ഗവര്‍ണര്‍ സത്യവാങ്മൂലത്തില്‍ ന്യായീകരിച്ചു. വൈസ് ചാന്‍സലര്‍ നിയമനത്തിലെ കാലതാമസം ഒഴിവാക്കാനാണ് ശ്രമിച്ചത്. സര്‍വകലാശാല സെനറ്റ് അംഗമെന്ന നിലയില്‍ ചുമതലകളും ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കുന്നതില്‍ അംഗങ്ങള്‍ പരാജയപ്പെട്ടതായും ഗവര്‍ണര്‍ സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.

 

Back to top button
error: