NEWS

നാല്പതാം വയസിന്റെ നിറവിൽ പത്തനംതിട്ട

പത്തനംതിട്ട:  ജില്ലയ്ക്ക് ഇന്ന് 40 വയസ്സ് കേരളത്തിന്റെ 13-ാമത് ജില്ലയായി 1982ലെ കേരളപ്പിറവി ദിനത്തിലാണ് പത്തനംതിട്ട ജില്ല നിലവില്‍ വന്നത്.
പച്ചപ്പുവിരിച്ച പത്തനംതിട്ടയുടെ ഏറിയപങ്കും വനമേഖലയാണ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ വനം ഡിവിഷനുകളായ റാന്നിയും കോന്നിയും പത്തനംതിട്ടയുടെ ഭാഗം. കുന്നിന്‍ചെരിവുകളും നദികളും അരുവികളും വെള്ളച്ചാട്ടങ്ങളും തീര്‍ത്ത മനോഹാരിത പത്തനംതിട്ടയുടെ സൗന്ദര്യത്തിന്‍റെ മാറ്റുകൂട്ടി. പമ്ബയും അച്ചന്‍കോവിലും മണിമലയാറും കല്ലടയാറും ജില്ലയിലൂടെയാണ് ഒഴുകുന്നത്. ഇതിലേക്ക് വന്നുചേരുന്ന ചെറുതും വലുതുമായ നിരവധി പുഴകളും അരുവികളും. അണക്കെട്ടുകളാല്‍ സമ്ബന്നമാണ് പത്തനംതിട്ട. ഇതിനൊപ്പം തീര്‍ഥാടക ജില്ലയെന്ന ഖ്യാതിയും പത്തനംതിട്ടയ്ക്കുണ്ട്.

കുറഞ്ഞ ഒരു കാലയളവില്‍ ഏറ്റവുമധികം തീര്‍ഥാടകര്‍ വന്നുപോകുന്ന കേന്ദ്രമാണ് ശബരിമല. മാരാമണ്‍, പരുമല,മഞ്ഞനിക്കര, ചെറുകോല്‍പ്പുഴ, ഇരവിപേരൂര്‍ തുടങ്ങി പത്തനംതിട്ടയുടെ വിശ്വാസി സംഗമഭൂമികള്‍ ഏറെ.

സാംസ്കാരികത്തനിമ നിലനിര്‍ത്തുന്ന ആറന്മുളയും മണ്ണടിയും കവിയൂരും കൊടുണ്ണും ഇലവുംതിട്ടയും പേരുകേട്ട കടമ്മനിട്ട, ഇലന്തൂര്‍, കോട്ടാങ്ങല്‍, ഓതറ, എഴുമറ്റൂര്‍ പടയണികളും ഈ നാടിന്‍റെ അഭിമാനമാണ്.

ഇക്കോ ടൂറിസം മേഖലയില്‍ കുറഞ്ഞ ഒരു കാലയളവു കൊണ്ട് പത്തനംതിട്ടയിലുണ്ടായ മാറ്റം ഏറെ ശ്രദ്ധേയമാണ്. കോന്നി ആനക്കൂടും അടവിയിലെ കുട്ടവഞ്ചി സവാരിയും ഒക്കെ ചേര്‍ത്ത് രൂപീകൃതമായ ഇക്കോ ടൂറിസം പ്രോജക്‌ട് ശ്രദ്ധേമായ നേട്ടങ്ങള്‍ കൈവരിച്ചു. കുട്ടവഞ്ചി സവാരി ഇന്ന് വനംവകുപ്പിന്‍റെ വലിയ ഒരു വരുമാന സ്രോതസു തന്നെയാണ്. മലയോര കാനന ടൂറിസത്തിനു പേരുകേട്ട ഗവി പത്തനംതിട്ടയിലാണ്.
സര്‍ക്കാര്‍ മേഖലയില്‍ ജില്ലയില്‍ ഒരു മെഡിക്കല്‍ കോളജ് കോന്നിയില്‍ പ്രവര്‍ത്തന സജ്ജമായെന്നതാണ് നാല്പതാം പിറന്നാളില്‍ ജില്ലയുടെ അഭിമാനം. എംബിബിഎസ് ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ തുടങ്ങിയതോടെ പത്തനംതിട്ട മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തു സ്ഥാനം പിടിച്ചു.
 അത്യാധുനിക സംവിധാനങ്ങളോടെയുള്ള മെഡിക്കല്‍ കോളജാണ് കോന്നിയില്‍ ഉയര്‍ന്നിരിക്കുന്നത്. അനുബന്ധ സൗകര്യങ്ങള്‍ എല്ലാം സമീപഭാവിയില്‍ തന്നെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ ഒരു ഹബ്ബായി കോന്നി ഇതോടെ മാറുമെന്നും പ്രതീക്ഷയുണ്ട്.

Back to top button
error: