Breaking NewsNEWS

അണുനാശിനി കുടിച്ച് ആത്മഹത്യാശ്രമം: ഗ്രീഷ്മക്കെതിരേ കേസെടുത്തു; അമ്മയുടെയും അമ്മാവന്റെയും അറസ്റ്റ് ഇന്ന്

തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് കൊലക്കേസ് പ്രതി ഗ്രീഷ്മക്കെതിരേ ആത്മഹത്യ ശ്രമത്തിന് പോലീസ് കേസെടുത്തു. നെടുമങ്ങാട് പോലീസ് ആണ് ആത്മഹത്യാ ശ്രമത്തിന് കേസെടുത്തത്. കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ വെച്ച് ഗ്രീഷ്മ ലൈസോള്‍ കുടിച്ച് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഛര്‍ദിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ അപകടനില തരണം ചെയ്യുകയായിരുന്നു. ഗ്രീഷ്മയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് ആശുപത്രി സെല്ലിലേക്കോ ജയിലിലേക്കോ മാറ്റിയേക്കും. ഗ്രീഷ്മയെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ പോലീസ് നെയ്യാറ്റിന്‍കര കോടതിയില്‍ നല്‍കും.

അതേസമയം, ഷാരോണ്‍രാജ് കൊലക്കേസില്‍ ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെ പ്രതി ചേര്‍ത്തത്. അച്ഛനെയും മറ്റൊരു ബന്ധുവിനെയും ഒരു വട്ടം കൂടി ചോദ്യം ചെയ്യും. ഇവര്‍ക്കും തെളിവ് നശിപ്പിച്ചതില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഗ്രീഷ്മയുടെ അമ്മയെ പോലീസ് എസ്.പി ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. അമ്മയെയും അമ്മാവനെയും ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുത്തേക്കും.

Signature-ad

അതിനിടെ, സംഭവ ദിവസം ഷാരോണ്‍രാജ് ധരിച്ച വസ്ത്രം ഫോറന്‍സിക് പരിശോധനയ്ക്കായി കുടുംബം അന്വേഷണസംഘത്തിന് കൈമാറും. ഇത് ഇന്നു തന്നെ ഫോറന്‍സിക് പരിശോധനക്ക് അയക്കും. ഷാരോണിന്റെ ഫോണും ശാസ്ത്രീയ പരിശോധനക്ക് അയയ്ക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: