വിറ്റാമിനുകളും ആൻറി ഓക്‌സിഡൻറുകളും കൊണ്ട് സമ്പുഷ്ടമാണ് ഒലീവ് ഓയിൽ. ഒലീവ് ഓയിലിൽ വിറ്റാമിൻ എ, ഡി, ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൻറെ ഇലാസ്തികത നിലനിർത്തുകയും മൃദുലവും തിളക്കമുള്ളതുമായ ചർമ്മത്തെ നിലനിർത്തുകയും ചെയ്യുന്നു. മുഖത്തെ ബ്ലാക്ക് ഹെഡ്സ് ഒഴിവാക്കാനും ചർമ്മത്തിലെ ചുളിവുകളെ കുറയ്ക്കാനുമൊക്കെ ഒലീവ് ഓയിൽ സഹായിക്കുന്നു.
ഇതിനായി രണ്ട് ടീസ്പൂൺ തക്കാളി നീരും ഒരു ടീസ്പൂൺ ഒലീവ് ഓയിലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. തക്കാളിയിൽ പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. തക്കാളിയിൽ ‘ലൈക്കോപീൻ’ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് തുറന്ന സുഷിരങ്ങൾ കുറയ്ക്കുകയും കറുത്ത പാടുകളെെ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കേശ സംബന്ധമായ പ്രശ്നങ്ങൾ പല വിധമാണ്. അതിൽ താരനും തലമുടി കൊഴിച്ചിലും ആണ് ഇന്നും എല്ലാവരുടെയും പ്രധാന വില്ലന്മാർ. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രകൃതിദത്ത മാർഗങ്ങൾ ആശ്രയിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത്തരത്തിൽ താരനെ അകറ്റാനും തലമുടി കൊഴിച്ചിലിനെ തടയാനും മുടി വളരാനും ഒലീവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്. അകാല നരയെ അകറ്റാനും ആരോഗ്യവും തിളക്കവുമുള്ള തലമുടി സ്വന്തമാക്കാനും തലമുടിയെ മൃദുവാക്കാനും ഒലീവ് ഓയിൽ കൊണ്ടുള്ള ഹെയർ മാസ്കുകൾ ഉപയോഗിക്കാം.
അതിനായി രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂൺ ഒലീവ് ഓയിലും ഒരു ബൗളിലെടുത്ത് നന്നായി മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.