അടിമാലി: എസ്റ്റേറ്റില്‍ വേലി കെട്ടുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ അതിഥിത്തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി സുദര്ശന് (27) ആണ് മരിച്ചത്.
ഇരട്ടയാര്‍ സ്വദേശി ബര്‍ണബാസിനു പരിക്കേറ്റു. പീച്ചാട് കൈനഗിരിയിലെ സെന്റ് തോമസ് എസ്റ്റേറ്റില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.
ഇന്നലെ രാവിലെ പത്തോടെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ കാട്ടാനയെ കണ്ട് നാലു പേരടങ്ങുന്ന തൊഴിലാളി സംഘം ഭയന്നോടുകയായിരുന്നു. പിന്നീട് ഒപ്പമുണ്ടായിരുന്നവര്‍ സുദര്‍ശനെ അന്വേഷിച്ച് എത്തിയപ്പോഴാണ് പാറയില്‍നിന്നു വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.