ബലാത്സംഗ കേസിലെ പരാതിക്കാരിയായ അധ്യാപികയെ മർദ്ദിച്ചെന്ന കേസിൽ എൽദോസ് കുന്നപ്പിള്ളിയുടെ അറസ്റ്റ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി തടഞ്ഞു. വഞ്ചിയൂർ പൊലീസ് രജിസ്റ്റർ കേസിലാണ് കോടതിയുടെ നിർദേശം. എൽദോസിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ അന്തിമ ഉത്തരവ് വരുന്നതു വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചു. എൽദോസിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ അന്തിമവാദം നാളെ നടക്കും. അഭിഭാഷകന്റെ ഓഫീസിൽ വച്ച് എൽദോസ് മർദ്ദിച്ചെന്ന മജിസ്ട്രേട്ട് കോടതിയിലെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്. കേസിൽ പരാതിക്കാരിയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുൻകൂർ ജാമ്യം തേടി എൽദോസ് ജില്ലാ കോടതിയെ സമീപിച്ചത്.
അതിനിടെ, എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ ആരോപണങ്ങളുമായി പരാതിക്കാരി കഴിഞ്ഞ ദിവസം വീണ്ടും രംഗത്തെത്തിയിരുന്നു. കേസിൽ നിന്ന് പിൻമാറണമെന്നും മൊഴി നൽകരുതെന്നും ഇപ്പോഴും ആവശ്യപ്പെടുന്നു എന്നാണ് പരാതിക്കാരി പറഞ്ഞത്. കോൺഗ്രസിലെ വനിതാ പ്രവര്‍ത്തക ഭീഷണി സന്ദേശം അയക്കുന്നുവെന്നും പരാതിക്കാരി ആരോപിച്ചു. തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദി എൽദോസ് കുന്നപ്പിള്ളിയാണ് എന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു.
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് എൽദോസ് കുന്നപ്പിള്ളിയെ കഴിഞ്ഞ ദിവസം ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന് ശേഷം എംഎൽഎയെ കോവളത്ത് എത്തിച്ച് സൂയിസൈഡ് പോയിന്റിലും ഗസ്റ്റ് ഹൗസിലും തെളിവെടുപ്പ് നടത്തി.
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ ഇന്ന് പരാതിക്കാരിയുടെ വീട്ടിലെത്തിച്ചും തെളിവെടുത്തു. വരും ദിവസങ്ങളിൽ പെരുമ്പാവൂരിലെത്തിച്ചും തെളിവെടുക്കും. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് ഇദ്ദേഹം വ്യക്തമായ മറുപടി നൽകുന്നില്ലെന്നാണ് വിവരം. യുവതിയുടെ പരാതിയിലെ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് എൽദോസ് കുന്നപ്പിള്ളി.
വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ യുവതി ഇന്ന് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകി.
എന്നാൽ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പുതുതായി സൈബർ കേസുകൂടി രജിസ്റ്റർ ചെയ്തു.പരാതിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് പുതിയ കേസ്.