കൊച്ചി: കുണ്ടന്നൂരില്‍ ബാറിലെ വെടിവയ്പില്‍ പ്രതികള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. ആയുധനിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കൊല്ലം സ്വദേശി സോജന്‍, ഇയാളുടെ അഭിഭാഷകന്‍ ഹറോള്‍ഡ് എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ ഇന്ന് ബാറിലെത്തിച്ച് തെളിവെടുക്കും. ഫോറന്‍സിക് വിദഗ്ദ്ധരും ബാറില്‍ പരിശോധന നടത്തും. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് കുണ്ടന്നൂരിലെ ഓജീസ് കാന്താരി ബാറില്‍ വെടിവയ്പുണ്ടായത്. ഉച്ചയ്ക്ക് ഒരുമണിയോടെ ബാറിലെത്തിയ സോജനും ഹറോള്‍ഡും, നാലുമണിയോടെ ബില്ലിന് പണം നല്‍കി പുറത്തിറങ്ങി. ഇതിനിടെ സോജന്‍ കൈയിലുണ്ടായിരുന്ന കവറില്‍നിന്നു റിവോള്‍വറെടുത്ത് യാതൊരു പ്രകോപനവും കൂടാതെ വെടിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
വൈകിട്ട് ഏഴ് മണിയോടെയാണ് ബാറുടമ പോലീസില്‍ വിവരമറിയിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സോജന്‍. ഹാറോള്‍ഡാണ് ഇയാളെ ജാമ്യത്തിലിറക്കിയത്. ജാമ്യം ലഭിച്ച സന്തോഷത്തില്‍ ബാറിലെത്തി മദ്യപിച്ച് പോകുംവഴിയാണ് വെടിവച്ചത്. അഭിഭാഷകന്റേതാണ് തോക്ക്. ഇതിന് 2025 വരെ ലൈസന്‍സുണ്ട്.