LocalNEWS

മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം; പോലീസുകാരി നാടുവിട്ടെന്ന് പരാതി, വീട്ടുകാര്‍ ഒളിപ്പിച്ചെന്ന് ആരോപണം

തൃശ്ശൂര്‍: കാരണം കാണിക്കല്‍ നോട്ടീസിന് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നല്‍കിയ മറുപടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍(എസ്.എച്ച്.ഒ)ക്ക് ഇഷ്ടപ്പെടാത്തതിന് മാനസികപീഡനമെന്ന് ആരോപണം. മനംമടുത്ത് വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നാടുവിട്ടു.

തൃശ്ശൂര്‍ നഗരത്തിലെ സ്റ്റേഷനിലായിരുന്നു സംഭവം. കേസന്വേഷണവുമായി ബന്ധപ്പെട്ടാണ് മെമ്മോ നല്‍കിയത്. ഇതിന് വനിതാ ഉദ്യോഗസ്ഥ മറുപടിയും നല്‍കി. മറുപടി ഇത്തരത്തിലല്ല വേണ്ടത്, താന്‍ പറയുംപോലെ എഴുതണം എന്നായി എസ്.എച്ച്.ഒ. കഴിയില്ലെന്നു പറഞ്ഞപ്പോള്‍ ഇപ്പോള്‍ അന്വേഷണത്തിലിരിക്കുന്ന എല്ലാ ഫയലുകളും കേസ് ഡയറിയും മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പിങ്ക് പോലീസ് വാഹനത്തിന്‍െ്‌റ ഡ്രൈവര്‍ ഡ്യൂട്ടിലേക്ക് മാറ്റി.

Signature-ad

ഇത്തരത്തില്‍ മാനസികപീഡനം അസഹ്യമായതോടെ ഉദ്യോഗസ്ഥ മെഡിക്കല്‍ അവധിയെടുത്തു. വൈകിട്ടായിട്ടും വീട്ടിലെത്താത്തതിനാല്‍ വീട്ടുകാര്‍ സ്റ്റേഷനുമായി ബന്ധപ്പെട്ടു. പ്രശ്‌നം ഗുരുതരമാകുമെന്ന് മനസിലാക്കിയപ്പോള്‍ മാന്‍ മിസിങ്ങിന് കേസെടുത്തു. പിന്നീട് പോലീസുകാര്‍ അന്വേഷണമായി. പോലീസുകാരെ പ്രതിസന്ധിയിലാക്കാന്‍ വീട്ടുകാര്‍ തന്നെ ഒളിപ്പിച്ചിരിക്കുകയാണെന്ന ആരോപണവുമുണ്ടായി.

പിറ്റേന്ന് അയല്‍ജില്ലയിലെ കൂട്ടുകാരിയുടെ വീട്ടില്‍ വനിതാ പോലീസുകാരി ഉണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് കേസന്വേഷണഫയല്‍ ആവശ്യപ്പെട്ടപ്പോള്‍ ഇഷ്ടപ്പെടാതെ ഇറങ്ങിപ്പോയതാണെന്ന് സ്ഥാപിക്കാന്‍ പോലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ മേലുദ്യോഗസ്ഥന്‍ ശ്രമം നടത്തിയതായി അടക്കംപറച്ചിലുണ്ട്. പ്രശ്‌നം ഒത്തുതീര്‍ക്കാനുള്ള ശ്രമവും ഇതിനിടയില്‍ നടന്നു. പക്ഷേ, വനിതാ ഉദ്യോഗസ്ഥ തയ്യാറായില്ല. അപ്പോഴാണ് ഗ്രൂപ്പില്‍ ഇത്തരത്തില്‍ പോസ്റ്റ് ഇട്ടുതുടങ്ങിയതെന്നാണ് പോലീസ് വൃത്തങ്ങളിലെ സംസാരം.

 

Back to top button
error: