NEWS

സര്‍ക്കാര്‍ ആരോഗ്യ വിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്ക് കൈമാറിയെന്ന് ആരോപണം

കേരള സര്‍ക്കാരിന്റെ കേരള ഇന്‍ഫര്‍മേഷന്‍ ഓഫ് റെസിഡന്റസ് -ആരോഗ്യം നെറ്റ് വര്‍ക്ക് വിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്ക് കൈമാറുന്നതായി റിപ്പോര്‍ട്ട്. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിനാണ് വിവരങ്ങള്‍ കൈമാറുന്നതെന്നാണ് റിപ്പോര്‍ട്ട്.

Signature-ad

നേരത്തെ ഈ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഒരുവിവരവും കനേഡിയന്‍ കമ്പനിക്ക് കൈമാറുന്നില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും കമ്പനി പ്രതിനിധികളുടേയും ഇമെയിലുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഒരു പ്രമുഖ മാഗസിന്‍.

ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ രാജീവ് സദാനന്ദന്‍, പി.എച്ച്.ആര്‍.ഐ.യുടെ തലവനും കാനഡയിലെ മക് മാസ്റ്റര്‍ സര്‍വകലാശലയിലെ പ്രൊഫസറുമായ സലീം യൂസഫ്, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ പ്രൊഫസറും ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ എന്ന എന്‍.ജി.ഒ.യുടെ സെക്രട്ടറിയുമായ കെ. വിജയകുമാര്‍, അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിലെ കെ.ആര്‍. തങ്കപ്പന്‍ എന്നിവരുടെ ഇ-മെയിലുകളാണ് മാഗസിന്‍ പുറത്തുവിട്ടിരിക്കുന്നത്.

നേരത്തെ സര്‍ക്കാരിന്റെ വാദങ്ങള്‍ പച്ചക്കളളമാണെന്നും ഇതിനായി കമ്പനി മുടക്കിയത് കോടികളാണെന്നും മാഗസിന്‍ റിപ്പോര്‍ട്ടര്‍ വ്യക്താമാക്കുന്നു. എന്നാല്‍ കമ്പനിയുമായുളള സഹകരണത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലെന്നും പറയുന്നു.

ഡിസംബര്‍ 2018-നാണ് കിരണ്‍ സര്‍വേ ആരംഭിച്ചത്.കേരളത്തിലെ പത്ത് ലക്ഷം പേരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്ന സര്‍വ്വേ ആയിരുന്നു ഇത്. അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ്, സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍, ഇ-ഹെല്‍ത്ത് കേരള എന്നിവയുടെ പിന്തുണയോടെയാണ് സര്‍വേ നടത്തുന്നതെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്. അതേസമയം,കാനഡയിലെ മക് മാസ്റ്റര്‍ സര്‍വകലാശാലയെക്കുറിച്ചോ അതിന് കീഴിലെ പി.എച്ച്.ആര്‍.ഐ.യെക്കുറിച്ചോ ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നില്ല.

അതിനിടെ, സര്‍വേയില്‍ പി.എച്ച്.ആര്‍.ഐ.യുടെ പങ്കാളിത്തത്തെക്കുറിച്ച് 2019-ല്‍ വീണ്ടും വിവാദങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ വിവരങ്ങള്‍ വിശകലനം ചെയ്യാനുള്ള സാങ്കേതിക സഹായം മാത്രമാണ് പി.എച്ച്.ആര്‍.ഐ.യില്‍നിന്ന് തേടിയതെന്നും ആരോഗ്യവകുപ്പ് ശേഖരിക്കുന്ന വിവരങ്ങള്‍ സ്റ്റേറ്റ് ഡേറ്റ സെന്ററില്‍ സുരക്ഷിതമാണെന്നും കനേഡിയന്‍ കമ്പനിയ്ക്ക് വിവരങ്ങള്‍ കൈമാറുകയാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ മന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വിശദീകരണങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് ഈ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

Back to top button
error: