സംവരണേതര വിഭാഗത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സംവരണം; എതിര്‍ക്കുന്നവര്‍ ”കുരുടന്‍ ആനയെ കണ്ടപോലെ”

തിരുവനന്തപുരം: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ട തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ”കുരുടന്‍ ആനയെ കണ്ടപോലെ” ആണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

2019 ജനുവരിയില്‍ പാര്‍ലമെന്റ് പാസാക്കിയ 103-ാം ഭരണഘടനാ ഭേദഗതിയുടേയും തുടര്‍ന്നുള്ള കേന്ദ്ര വിജ്ഞാപനങ്ങളുടേയും അടിസ്ഥാനത്തിലാണ് സാമ്പത്തികമായി ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഉള്ള പത്ത് ശതമാനം സംവരണം. നിലവിലുള്ള സംവരണത്തില്‍ ഒരു കുറവുമുണ്ടാവില്ല. ഓപ്പണ്‍ മെറിറ്റില്‍ ഇപ്പോഴുള്ള 50 ശതമാനത്തില്‍ നിന്നാണ് പത്തു ശതമാനം നീക്കിവെക്കുന്നതെന്ന് തിരുവനന്തപുരം എം എന്‍ സ്മാരകത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കാനം പറഞ്ഞു.

ഇതു സംബന്ധിച്ച് റിട്ടയേര്‍ഡ് ജഡ്ജി, ജസ്റ്റിസ് കെ ശശിധരന്‍ നായര്‍ കണ്‍വീനറായുള്ള രണ്ടംഗ കമ്മിറ്റി വിശദമായി പരിശോധന നടത്തി. അതിനനുസൃതമായാണ് ഇപ്പോള്‍ തീരുമാനം എടുത്തിട്ടുള്ളത്. ഭരണഘടനാ ഭേദഗതി പാര്‍ലമെന്റില്‍ വന്ന അവസരത്തില്‍ ഒരു മുഖ്യധാരാ പാര്‍ട്ടിയും അതിനെ എതിര്‍ത്തില്ല.

കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പിന്നാക്കക്കാര്‍ക്ക് എതിരായാണ് തീരുമാനം എന്ന നിലയില്‍ സാമുദായിക സംഘടനകളെ ഒരുമിച്ചു കൂട്ടാന്‍ മുസ്ലീം ലീഗ് ശ്രമിക്കുന്നത്. യഥാര്‍ത്ഥ വസ്തുത മനസ്സിലാക്കുമ്പോള്‍ ഇന്ന് ലീഗിനൊപ്പം നില്‍ക്കുന്നവര്‍തന്നെ അവരെ തള്ളിപ്പറയും.
ചില സമുദായങ്ങളെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് ഇടതുമുന്നണി തീരുമാനമെന്ന കെ പി സി സി പ്രസിഡന്റിന്റെ വിമര്‍ശനം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അദ്ദേഹം അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് സംശയ നിവൃത്തി വരുത്തുകയാണ് വേണ്ടത്. നിയമം നടപ്പിലായി കഴിയുമ്പോള്‍ മാത്രമേ ഇപ്പോള്‍ ഉണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയൂ. സീറോ മലബാര്‍ സഭ കാര്യങ്ങള്‍ മനസ്സിലാക്കിയാണ് പ്രതികരിച്ചിട്ടുള്ളതെന്ന് കാനം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കില്ല
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയില്‍ എടുത്ത നടപടി സര്‍ക്കാരിന്റെ പ്രതിച്ഛായയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

ശിവശങ്കര്‍ ഇപ്പോള്‍ ഗവണ്മെന്റിന്റെ ഭാഗമല്ല. ആരോപണം ഉയര്‍ന്നപ്പോള്‍തന്നെ അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി. സിവില്‍ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.

മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അദ്ദേഹം കഴിഞ്ഞ കുറേ നാളായി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാത്ത ഒരു ദിവസം ചൂണ്ടിക്കാണിക്കാനാവുമോ എന്നായിരുന്നു കാനത്തിന്റെ മറുചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *