പാനൂരിലെ കൊലക്കത്തി പ്രതി സ്വയം നിര്‍മിച്ചത്; തൊണ്ടി സാധനങ്ങള്‍ ബാഗിലാക്കി കുളത്തില്‍ താഴ്ത്തി
കണ്ണൂര്‍: പാനൂര്‍ മൊകേരി വള്ള്യായിയില്‍ വിഷ്ണുപ്രിയയെ പട്ടാപ്പകല്‍ വീട്ടിലെ കിടപ്പുമുറിയില്‍ കഴുത്തറുത്തു കൊന്നത് പ്രതി സ്വയം നിര്‍മിച്ച കത്തി കൊണ്ടെന്ന് പോലീസ്. കട്ടിങ് മെഷീന്‍ ഉപയോഗിക്കാനും പ്രതി പദ്ധതിയിട്ടു. ഇതിനായി കട്ടിങ് മെഷീന്‍ വാങ്ങി, പവര്‍ ബാങ്കും കരുതി. എന്നാല്‍, പദ്ധതി പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നു പോലീസ് പറയുന്നു. കട്ടിങ് മെഷീന്‍ ശ്യാംജിത്തിന്റെ മാനന്തേരിയിലെ വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തി.
കൊലപാതക സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും ഷൂസും ബാഗിലാക്കി ശ്യാംജിത്തിന്റെ വീടിനടുത്തുള്ള പറമ്പിലെ കുളത്തില്‍ താഴ്ത്തിയ നിലയിലായിരുന്നു. ബാഗില്‍നിന്ന് മുളകുപൊടിയും പോലീസ് കണ്ടെടുത്തു. ഇരുതല മൂര്‍ച്ചയുള്ള കത്തി നിര്‍മിച്ചത് മൂന്നുദിവസം കൊണ്ടാണെന്നും ഇതിനുള്ള ഇരുമ്പും പിടിയും വാങ്ങിയത് പാനൂരില്‍ നിന്നാണെന്നും പോലീസ് പറയുന്നു. കത്തി മൂര്‍ച്ച കൂട്ടാനുള്ള ഉപകരണവും വീട്ടില്‍നിന്ന് കണ്ടെത്തി. പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയ ബൈക്ക് വീടിനുമുന്നില്‍നിന്ന് കണ്ടെത്തി. പ്രതി അന്വേഷണം അട്ടിമറിക്കാനും ആസൂത്രിതമായ ശ്രമം നടത്തി. മറ്റൊരുടെയോ മുടി ശേഖരിച്ച് ബാഗില്‍ സൂക്ഷിച്ചിരുന്നതായി പോലീസ് പറയുന്നു.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് വിഷ്ണുപ്രിയ കൊല്ലപ്പെട്ട വിവരം പുറംലോകം അറിയുന്നത്. വിഷ്ണുപ്രിയ രക്തത്തില്‍ കുളിച്ചു കിടക്കുന്ന കാഴ്ച അമ്മയ്ക്കും കാണേണ്ടി വന്നു. വിഷ്ണുപ്രിയയുടെ ശരീരത്തില്‍ 18 ഓളം മുറിവുകളാണ് ഉണ്ടായിരുന്നത്. കഴുത്തു ഭാഗം അറ്റു തൂങ്ങിയ നിലയിലാണ്. കൈ കാലുകള്‍ ഉള്‍പ്പെടെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ടെന്ന് പോലീസ് പരിശോധനയില്‍ വെളിവായി. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചു നടത്തിയ അക്രമത്തില്‍ കൈകാലുകളിലെ നാഡികള്‍ക്കടക്കം ക്ഷതമേറ്റിട്ടുണ്ട്.