ഒമ്പതുകാരനെ നഗ്നനാക്കി ഒന്നരവര്‍ഷം വാനില്‍പൂട്ടിയിട്ടു; രക്ഷപ്പെടുത്തി പോലീസ്; പിതാവ് അറസ്റ്റില്‍

ഒന്‍പത് വയസ് പ്രായമുള്ള ആണ്‍കുട്ടിയെ ഒന്നര വര്‍ഷത്തോളം വാനില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ഫ്രാന്‍സിലെ ഹേഗന്‍ബീച്ചിലാണ് സംഭവം. 2024 നവംബര്‍ മുതലാണ് കുട്ടിയെ അനധികൃതമായി പിതാവ് തടവിലാക്കിയത്. പൂര്‍ണ നഗ്നനായും പോഷകാഹാരമില്ലാതെ അവശനായുമാണ് കുട്ടിയെ കണ്ടെത്തിയത്. നടക്കാനുള്ള ശേഷിയും ഏറെക്കുറെ നശിച്ചിരുന്നു. ദീര്‍ഘകാലമായി ഒരേയിരുപ്പ് ഇരുന്നതോടെയാണ് കുട്ടിയുടെ ചലനശേഷിക്ക് സാരമായ പ്രശ്നമുണ്ടായതെന്നാണ് വിലയിരുത്തല്‍.
സ്വിറ്റ്സര്‍ലന്‍ഡ്–ജര്‍മനി അതിര്‍ത്തിക്കരികെയാണ് ഹേഗന്‍ബീച്ചെന്ന ഗ്രാമം. അയല്‍പക്കത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാനില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നുവെന്ന് അയല്‍വാസി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. പൊലീസ് വീട്ടിലെത്തി വാന്‍ പരിശോധിക്കണമെന്ന് പറഞ്ഞതോടെ കുട്ടിയുടെ പിതാവ് കുറ്റം സമ്മതിച്ചു. പങ്കാളിയില്‍ നിന്ന് മകനെ രക്ഷിക്കുന്നതിനായാണ് വാനിലേക്ക് മാറ്റിയതെന്നും അല്ലെങ്കില്‍ കുഞ്ഞിനെ അവര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. എന്നാല്‍ കുട്ടിക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായി രേഖകളൊന്നും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് അനധികൃതമായി തടവിലാക്കിയതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. ദിവസം രണ്ട് പ്രാവശ്യം മാത്രമാണ് വാനിലേക്ക് ഭക്ഷണവും വെള്ളവും എത്തിച്ചിരുന്നത്. പുതച്ച് കിടക്കാന്‍ കമ്പിളിയും നല്‍കിയിരുന്നു.
കുട്ടിയെ അവന്‍റെ അമ്മ മറ്റൊരു സ്കൂളിലേക്ക് മാറ്റിയെന്നായിരുന്നു സ്കൂള്‍ അധികൃതരോട് പിതാവ് പറഞ്ഞത്. കുട്ടിയെവിടെ എന്ന് അന്വേഷിച്ച ബന്ധുക്കളോടാവട്ടെ, മാനസിക വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ പ്രത്യേക പരിചരമ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും വിശദീകരിച്ചു. 2024 മുതല്‍ കണ്ടെത്തുന്ന ദിവസം വരെ കുട്ടി കുളിച്ചിട്ടില്ലെന്നും പ്ലാസ്റ്റിക് ബോട്ടിലുകളിലാണ് വിസര്‍ജിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. ദിവസം രണ്ട് പ്രാവശ്യം വാനിനടുത്തേക്ക് എത്തി ഭക്ഷണം വലിച്ചെറിഞ്ഞ ശേഷം പിതാവ് പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു.
കുട്ടിയുടെ പിതാവിനെതിെര തട്ടിക്കൊണ്ട് പോകല്‍, അനധികൃതമായി തടവില്‍ പാര്‍പ്പിക്കല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് പരിചരണവും ഭക്ഷണവും നിഷേധിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. കുട്ടിയുടെ അമ്മയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടപ്പോള്‍ മകന്‍ തടവിലാണെന്ന് അറിയില്ലായിരുന്നുവെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ ഇവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തെങ്കിലും അവരെ പിന്നീട് വിട്ടയച്ചു.കുട്ടിക്ക് പന്ത്രണ്ടും പത്തും വയസുള്ള സഹോദരിമാരുണ്ട്. ഇവരെ പൊലീസ് ഇടപെട്ട് പ്രത്യേക പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റി. കുട്ടിയെ ഇത്തരത്തില്‍ തടവില്‍ പാര്‍പ്പിച്ചിരുന്നതിനെ കുറിച്ച് മാറ്റാര്‍ക്കെങ്കിലും അറിവുണ്ടായിരുന്നോ എന്നതില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
man-arrested-for-locking-9-year-old-son-in-van-for-17-months






