സംവാദത്തിന് ക്ഷണിച്ച് വി. ശിവന്‍കുട്ടി; തീയതിയും കുറിച്ചു; മറ്റൊരു ദിവസമാകാമെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: നേമത്തെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്‍.ഡി.എ. സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് മന്ത്രി വി.ശിവന്‍കുട്ടി. രാജീവ് ചന്ദ്രശേഖര്‍ തയ്യാറാണെങ്കില്‍ 29-ന് രാവിലെ 10 മുതല്‍ ഉച്ചവരെ പൂജപ്പുര മൈതാനത്ത് സംവാദം നടത്താമെന്ന് വി.ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍, 29ന് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നതിനാല്‍ ആ ദിവസം പറ്റില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇത് മുന്‍കൂട്ടി കണ്ടാണ് ശിവന്‍കുട്ടി സംവാദത്തിനു ക്ഷണിച്ചത്. 29-ന് സംവാദത്തിനു ക്ഷണിച്ചത് ശിവന്‍കുട്ടിയുടെ അടവാണെന്നും മറ്റൊരു ദിവസമാകാമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.
നേമത്ത് നിലവിലെ എം.എല്‍.എ. വികസന പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ നേരത്തേ പറഞ്ഞിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെയും ബി.ജെ.പി. കാലത്തെയും വികസനങ്ങള്‍ താരതമ്യപ്പെടുത്തി മന്ത്രി പത്രസമ്മേളനം നടത്തിയത്. ഇതിനിടെയാണ് സംവാദത്തിനു വെല്ലുവിളിച്ചത്. ശിവന്‍കുട്ടി ആളുകളെ വിഡ്ഢിയാക്കുകയാണ്. മറ്റൊരുദിവസം തീരുമാനിച്ചാല്‍ തീര്‍ച്ചയായും വികസനസംവാദത്തിന് തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.






