Breaking NewsKeralaLead NewsNEWSNewsthen Specialpolitics

കോലീബി സഖ്യത്തിന് വഴിവച്ചത് രണ്ട് പത്രപ്രവര്‍ത്തകര്‍; കോണ്‍ഗ്രസിനും ലീഗിനും വേണ്ടി ചര്‍ച്ച നടത്തിയവര്‍ ആരൊക്കെ? ഡീല്‍ ആരോപണം കടുക്കുമ്പോള്‍ ബിജെപി നേതാവ് കെ.ജി. മാരാരുടെ ആത്മകഥ ചര്‍ച്ചയാകുന്നു; രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ‘പാഴായ പരീക്ഷണം’ എന്ന അധ്യായം

തിരുവനന്തപുരം: തെരഞ്ഞെടുപ്പു പോരാട്ടം മുറുകിയതോടെ ജാതി-മത വോട്ടുകള്‍ സ്വന്തം പാളയത്തിലെത്തിക്കാന്‍ മുന്നണികള്‍ ‘ഡീല്‍’ ആരോപണങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചതോടെ ആദ്യമായി ആരോപണം ഉന്നയിച്ചത് യുഡിഎഫ് ആണ്.

വി.ഡി. സതീശന്റെ ആരോപണം മുസ്ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ ഏറ്റെടുത്തു. നേമത്താണ് യഥാര്‍ഥ ഡീല്‍ എന്ന് മുഖ്യമന്ത്രിയും ആരോപിച്ചു. നേരത്തേ, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയ കഥ പുറത്തുവിട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവും രംഗത്തുവന്നു.

Signature-ad

നേമത്തും വട്ടിയൂര്‍ക്കാവിലും ഡീല്‍ ഉണ്ടായെന്ന് യൂത്ത്‌കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.എസ്. നുസൂറാണ് രംഗത്തുവന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖറെ വിജയിപ്പിച്ചാല്‍ അരുവിക്കരയില്‍ വി.എസ്. ശിവകുമാറിനെയും വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനെയും ജയിപ്പിക്കാമെന്നാണു ധാരണയെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവുമൊടുവില്‍ കോ-ലീ-ബീ ആരോപണവുമായി മുഖ്യമന്ത്രിയുമെത്തി. കോണ്‍ഗ്രസും ലീഗും ബിജെപിയും ഇടതുമുന്നണിക്കെതിരേ സഖ്യമുണ്ടാക്കിയെന്നതാണ് ഇത്. കോലീബി സഖ്യം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ ബിജെപി നേതാവായിരുന്ന കെ.ജി. മാരാരുടെ ജീവചരിത്രത്തലൂടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. പുസ്തകം ഇറങ്ങുന്നതിനുമുമ്പേ ഇക്കാര്യം ഇടതുമുന്നണി ഉന്നയിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം.

കെ.ജി. മാരാരുടെ പുസ്തകത്തില്‍ ‘പാഴായ പരീക്ഷണം’ എന്ന പേരില്‍ നാലു പേജുകളിലായാണ് അന്നു നടന്ന ചര്‍ച്ചകളെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. അധ്യായത്തിലെ ഭാഗത്തിന്റെ പൂര്‍ണരൂപം താഴെ

പാഴായ പരീക്ഷണം

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് പാര്‍ലമെന്ററി വ്യാമോഹം മത്തുപിടിപ്പിച്ചതിന്റെ പരിണിതഫലമായിരുന്നു തൊണ്ണൂറ്റി ഒന്നിലെ നിയമസഭാ തെരഞ്ഞെടുപ്പ്. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താന്‍ സി.പി.ഐ.(എം.) തീരുമാനിച്ചു. നായനാരെ മാറ്റി അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകുകയായിരുന്നു ലക്ഷ്യം. സമ്പൂര്‍ണ്ണ സാക്ഷരതാ സംസ്ഥാനമായി കേരളം മാറിയത് 1991 ആദ്യമാണ്. ഇത് അനുകൂല സാഹചര്യമായി അവര്‍ കണക്കുകൂട്ടി.

കോണ്‍ഗ്രസിലെ അന്തഃഛിദ്രവും മൂര്‍ച്ഛിച്ചതിനാല്‍ വിജയപ്രതീക്ഷയില്‍ അവര്‍ക്ക് ലവലേശം സംശയമുണ്ടായില്ല. ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ദയനീയമായി തോറ്റതും തുടര്‍ന്ന് ലീഗ് മുന്നണി വിട്ടതും ഏറെ അനുകൂല സാഹചര്യമെന്നവര്‍ കണക്കുകൂട്ടി. അധികാരത്തിന്റെ അഹന്തയും അക്രമരാഷ്ട്രീയവും കണ്ട് മടുത്ത കേരളീയര്‍ മാര്‍ക്‌സിസ്റ്റ് നേതൃത്വ ഭരണത്തിന് അന്ത്യം കുറിക്കണമെന്ന് ചിന്തിച്ചുറപ്പിച്ചത് അവര്‍ക്ക് മനസിലാക്കാനായില്ല. 1991 ഏപ്രിലില്‍ അസംബ്ലി നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് തയാറായി.

ബി.ജെ.പി.ക്ക് സംഘടനാതലത്തില്‍ പുതിയ സംവിധാനവും പ്രവര്‍ത്തനരീതിയും ആവിഷ്‌കരിച്ച വര്‍ഷമായിരുന്നു ഇത്. പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് സംഘടനാ സംവിധാനം കുറ്റമറ്റതാക്കാനുള്ള ആഗ്രഹവും അഭ്യര്‍ത്ഥനയും മാനിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം മുതിര്‍ന്ന പ്രചാരകനായ പി.പി. മുകുന്ദനെ ബി.ജെ.പി.യുടെ സംഘടനാ സെക്രട്ടറിയായി നിയോഗിച്ചത് 1991 ലാണ്.

1966 മുതല്‍ സംഘപ്രചാരകനായ മുകുന്ദന്‍ കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ സ്വദേശിയാണ്. കണ്ണൂര്‍, ചെങ്ങന്നൂര്‍, ആലുവ താലൂക്ക്, തൃശൂര്‍ ജില്ല, തിരുവനന്തപുരം വിഭാഗം പ്രചാരകനായി പ്രവര്‍ത്തിച്ചു. തൃശൂര്‍ ജില്ലാപ്രചാരകനായി പ്രവര്‍ത്തിക്കുമ്പോഴാണ് അടിയന്തരാവസ്ഥയും തുടര്‍ന്ന് ജയില്‍വാസവും അനുഷ്ഠിച്ചത്. സംഘത്തിന്റെ സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കേണ്ടിവന്നത്. അന്ന് കെ. രാമന്‍ പിള്ളയാണ് സംസ്ഥാന പ്രസിഡന്റ്.ജനറല്‍ സെക്രട്ടറി കെ.ജി.മാരാര്‍. ഒ. രാജഗോപാല്‍ അഖിലേന്ത്യാ ഉപാധ്യക്ഷനും. കേരളത്തിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു.

നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പ് മത്സരങ്ങളില്‍ മുറതെറ്റാതെ മത്സരിക്കുന്ന ബി.ജെ.പിയെ ജയം എന്ന ഭാഗ്യം കടാക്ഷിച്ചിട്ടേയില്ല. എങ്കിലും തളര്‍ച്ച തീരെ ബാധിക്കാതെ വളരാന്‍ കഴിയുന്നു എന്നത് അത്ഭുതത്തോടെയാണ് പലരും വീക്ഷിച്ചത്. 1991ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചേ തീരൂ എന്ന ചിന്ത ശക്തിപ്പെട്ടു. ആരുമായി ചേര്‍ന്നും ലക്ഷ്യം നേടണമെന്നായിരുന്നു തീരുമാനം. മാര്‍ക്‌സിസ്റ്റ് ഹുങ്കിനിരയായി ഏറെ കഷ്ടനഷ്ടങ്ങള്‍ സഹിക്കുന്ന പ്രസ്ഥാനമെന്ന നിലയ്ക്ക് ബി.ജെ.പി. അവരുമായി അടുക്കുന്നതിന് അന്ന് ഒരു സാധ്യതയുമില്ല.

പിന്നെയുള്ളത് ഐക്യമുന്നണിയാണ്. ഐക്യമുന്നണി കക്ഷികളും വിജയപ്രതീക്ഷ തീരെയില്ലെന്ന് കണക്കുകൂട്ടി നില്‍ക്കുകയായിരുന്നു. ബി.ജെ.പിയുമായി ബന്ധപ്പെടുന്നതില്‍ തെറ്റില്ലെന്നവരും അവരുമായി ബന്ധപ്പെട്ടു പോലും ജയിക്കണമെന്ന് ബി.ജെ.പിയും ചിന്തിച്ചു. ഒരു കൂട്ടുകെട്ട് രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം പോലും അന്ന് ബി.ജെ.പിക്ക് വശമുണ്ടായിരുന്നില്ല. ‘പൂച്ചക്കാര് മണികെട്ടും’ എന്ന ശങ്കയ്ക്ക് അന്ത്യം കുറിച്ച് ഇരുകൂട്ടരും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തിന് കളമൊരുക്കിയത് രണ്ട് പത്രപ്രവര്‍ത്തകരാണ്.

കോണ്‍ഗ്രസ് മാത്രമല്ല മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസും ബി.ജെ.പി.യുമായുള്ള ധാരണ പ്രതീക്ഷയോടെയാണ് വീക്ഷിച്ചത്. ലീഗും ബി.ജെ.പി.യും തമ്മിലടുക്കുമോ എന്ന സംശയമായിരുന്നു ആദ്യം ചിലര്‍ക്ക്. എന്നാല്‍ ലീഗ് നേതാക്കളും ബി.ജെ.പി. പ്രതിനിധികളും നിരവധി തവണ ചര്‍ച്ച നടത്തി. മറ്റ് കക്ഷികളേക്കാള്‍ സഹകരണാത്മക സമീപനം അവരിലുണ്ടായി. കോണ്‍ഗ്രസില്‍ ആന്റണിയും മറ്റും ധാരണ പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാകുമെന്ന നിലപാടിലായിരുന്നെങ്കില്‍ ബി.ജെ.പി.

സഹകരണം ഉറപ്പിക്കുന്നതില്‍ കരുണാകരന്‍ അത്യുത്സാഹം കാട്ടി. തിരുവനന്തപുരവും എറണാകുളവും മലപ്പുറവും തൃശൂരും കോഴിക്കോടും കൂടിയാലോചനകള്‍ക്ക് വേദിയായി. ഒടുവിലുണ്ടായ ധാരണ പ്രകാരം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ബേപ്പൂരില്‍ ഡോ. കെ. മാധവന്‍കുട്ടിയെ നിര്‍ത്താനും വടകര ലോക്‌സഭാ മണ്ഡലത്തില്‍ അഡ്വ. രത്‌നസിംഗിനെ പൊതുസ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനും തീരുമാനിച്ചു.

ധാരണയിലെ പരസ്യമായ ഈ നിലപാടിന് പുറമെ മഞ്ചേശ്വരത്ത് കെ.ജി. മാരാര്‍, തിരുവനന്തപുരം ഈസ്റ്റില്‍ കെ. രാമന്‍പിള്ള, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഒ. രാജഗോപാല്‍ എന്നിവര്‍ക്ക് ഐക്യമുന്നണി പിന്തുണ നല്‍കാന്‍ ധാരണയിലെത്തിയിരുന്നു. കെ.ജി. മാരാര്‍ക്ക് ജയിക്കാനാവശ്യമായ വോട്ട് കോണ്‍ഗ്രസും ലീഗും നല്‍കുമെന്ന് ഉറപ്പുണ്ടായി. അതിനായി ഓരോ മുതിര്‍ന്ന നേതാക്കളെത്തന്നെ അവര്‍ ചുമതലപ്പെടുത്തിയതായും അറിയിച്ചു.

തിരുവനന്തപുരത്ത് കോണ്‍ഗ്രസും എന്‍.എസ്.എസും ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാമെന്നായിരുന്നു ധാരണ. ബി.ജെ.പി. സ്ഥാനാര്‍ത്ഥികള്‍ക്ക് എത്ര സീറ്റിലാണോ യു.ഡി.എഫ്. വോട്ട് ലഭിക്കുന്നത് അത്രയും സീറ്റില്‍ തിരിച്ചും വോട്ട് ചെയ്യുമെന്ന് ബി.ജെ.പി.യും ഉറപ്പുനല്‍കി. അതനുസരിച്ചുള്ള ലിസ്റ്റും കൈമാറി. നേതൃത്വത്തിന്റെ എല്ലാ തലത്തിലും ചര്‍ച്ച നടത്തിയെടുത്ത തീരുമാനം പൂര്‍ണമായും നടപ്പാക്കുന്നതിന് ബി.ജെ.പി.ക്ക് കഴിഞ്ഞു.

പരമ്പരാഗത വൈരം പോലും മറന്ന് നിശ്ചിത ലീഗ്-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കാന്‍ ബി.ജെ.പി. പ്രവര്‍ത്തിച്ചു. ആ വോട്ട് പാഴാകില്ലെന്നും ബി.ജെ.പി. സ്ഥാനാര്‍ത്ഥികളായ കെ.ജി. മാരാര്‍, ഒ. രാജഗോപാല്‍, കെ. രാമന്‍പിള്ള എന്നിവര്‍ക്ക് യു.ഡി.എഫ്. വോട്ട് നല്‍കി ജയിപ്പിക്കുമെന്നും അവര്‍ ഉറച്ചു വിശ്വസിച്ചു. അസ്പൃശ്യതയ്ക്കന്ത്യം കുറിച്ച് മുന്നണി രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ ബി.ജെ.പി. കടന്ന ആ തന്ത്രം തെരഞ്ഞെടുപ്പുവേളയില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു.

തെരഞ്ഞെടുപ്പ് ഫലം പക്ഷേ, മറിച്ചായി. ധാരണയനുസരിച്ച് ബി.ജെ.പി. പ്രവര്‍ത്തിച്ചെങ്കിലും അതുപോലുള്ള സഹകരണം യു.ഡി.എഫ്. -പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്നുണ്ടായില്ല. ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെ അവസാന നിമിഷം തന്ത്രപൂര്‍വ്വം അവര്‍ തോല്‍പ്പിച്ചു. ധാരണയനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് എല്ലാ ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ടെന്ന് അവസാന നിമിഷം വരെ കോണ്‍ഗ്രസ് ബി.ജെ.പി.യെ വിശ്വസിപ്പിച്ചു. മുസ്ലീം ലീഗും ഈ ഉറപ്പ് ആവര്‍ത്തിച്ചപ്പോള്‍ മഞ്ചേശ്വരത്ത് കെ.ജി. മാരാരുടെ വിജയപ്രതീക്ഷയ്ക്ക് സംശയത്തിന്റെ നിഴല്‍ പോലും വീണില്ല. ബേപ്പൂരില്‍ ലീഗ് കാര്യമായി സഹകരിച്ചു.

ഡോ. മാധവന്‍ കുട്ടിക്ക് 60,413 വോട്ട് നേടാനായത് ആ സഹകരണം വ്യക്തമാക്കുന്നു. അതേ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ അഹല്യ ശങ്കറിന് ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ലഭിച്ചത് 12,488 വോട്ടാണെന്നത് ഓര്‍ക്കണം. പക്ഷേ മഞ്ചേശ്വരത്ത് അവര്‍ക്ക് വാക്ക് പാലിക്കാനായില്ല. ലീഗിന്റെ സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരരംഗത്ത് നിര്‍ത്തി ബി.ജെ.പി.യെ ജയിപ്പിക്കാന്‍ അവര്‍ വോട്ട് ചെയ്യുമോ എന്ന് നേരത്തെ തന്നെ മാരാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന വി. രവീന്ദ്രനും പി.കെ. കൃഷ്ണദാസിനും ഈ സംശയമുണ്ടായിരുന്നു. എങ്കിലും വിജയം പ്രതീക്ഷിച്ചു.

തിരുവനന്തപുരത്ത് ചില സ്ഥലങ്ങളില്‍ എന്‍.എസ്.എസ്. അനുകൂലമായി നിന്നെങ്കിലും പ്രതീക്ഷിച്ച പിന്തുണ അവരില്‍ നിന്നും ഉണ്ടായില്ല. തിരുവനന്തപുരം ഈസ്റ്റില്‍ കോണ്‍ഗ്രസ് നാമമാത്ര മത്സരമേ നടത്തുകയുള്ളുവെന്നും അവസാന നിമിഷം സ്ഥാനാര്‍ത്ഥി പിന്‍വലിക്കുമെന്നും നല്‍കിയ ഉറപ്പ് പാലിക്കാന്‍ കരുണാകരനായില്ല. കരുണാകരന്റെ വിശ്വസ്തനായിരുന്ന സ്ഥാനാര്‍ത്ഥി അവസാനം ആന്റണിയോട് കൂറുപ്രഖ്യാപിച്ച് മത്സരത്തില്‍ ഉറച്ചുനിന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മധ്യത്തില്‍ രാജീവ് ഗാന്ധിയുടെ വധവും കൂടിയായപ്പോള്‍ അതുവരെയുണ്ടായ ധാരണകളില്‍ താളപ്പിഴവന്നു എന്നതും നേരാണ്.

വളരെ പ്രതീക്ഷയോടെ ബി.ജെ.പി. നടത്തിയ പരീക്ഷണം ഫലവത്തായില്ല എന്ന് വോട്ടെണ്ണിയപ്പോള്‍ വ്യക്തമായി. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ മേലേത്തട്ടിലുണ്ടാകുന്ന തട്ടിക്കൂട്ടിയ ധാരണകള്‍ വിജയത്തിലെത്തിക്കാനാവില്ലെന്ന് ബോധ്യമായി. ‘തോളൊപ്പമില്ലാത്തവരോട് ചങ്ങാത്തം പാടില്ല’ എന്ന ഗുണപാഠവും ബി.ജെ.പി.ക്കുണ്ടായി.

മഞ്ചേശ്വരത്ത് ആയിരത്തോളം വോട്ടിനാണ് കെ.ജി. മാരാര്‍ പരാജയപ്പെട്ടത്. ബി.ജെ.പി.ക്ക് ആ തെരഞ്ഞെടുപ്പിലും ജയിക്കാനായില്ലെങ്കിലും ബി.ജെ.പി.യുമായുണ്ടാക്കിയ ധാരണകൊണ്ടുമാത്രമാണ് യു.ഡി.എഫ്. ഭരണത്തിലെത്തിയത്. തെരഞ്ഞെടുപ്പ് ഫലം ഇക്കുറിയും കെ.ജി.യെ നിരാശനാക്കിയില്ലെങ്കിലും ചതിപറ്റിയതില്‍ ദുഃഖിതനായി. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തപ്പോള്‍ ‘അനാവശ്യമായ പരീക്ഷണം’ എന്ന് കുറ്റപ്പെടുത്താനുള്ള പ്രവണത പ്രകടമായി. ‘ജയത്തിന് അല്ലാതെ തോല്‍വിക്ക് പിതൃത്വമുണ്ടാവില്ല’ എന്ന് പറഞ്ഞതുപോലെ ‘പാളിയ തന്ത്രത്തെ’ തള്ളിപ്പറയാന്‍ ചിലരെങ്കിലും മുന്നോട്ടുവന്നു. എന്നാല്‍ അത്തരക്കാര്‍ക്ക് ആവേശം നല്‍കുന്ന സമീപനം നിരുത്സാഹപ്പെടുത്തി സംഘടനയിലെ ഐക്യം ഊട്ടി വളര്‍ത്താനുള്ള മാരാരുടെ ശ്രമം വിജയിക്കാന്‍ അധികം അധ്വാനമൊന്നും വേണ്ടിവന്നില്ല.

അധികാരമേറ്റ ശേഷം ദേവസ്വം ബോര്‍ഡ് തികച്ചും രാഷ്ട്രീയവിമുക്തമാക്കും, മാര്‍ക്‌സിസ്റ്റ് ഭരണകാലത്ത് രാഷ്ട്രീയ പകയോടെ കെട്ടിച്ചമച്ച കേസുകള്‍ പിന്‍വലിക്കും തുടങ്ങിയ ഉറപ്പുകള്‍ പാലിക്കാനും കരുണാകരന്‍ തയ്യാറായില്ല. തെരഞ്ഞെടുപ്പിലെ കൗതുകകരമായ മറ്റൊരു വസ്തുത നിയമസഭയിലേക്ക് മത്സരരംഗത്തുണ്ടായിരുന്ന ഒരു പ്രമുഖ മാര്‍ക്‌സിസ്റ്റ് നേതാവ് സഹായഭ്യര്‍ത്ഥനയുമായി ബി.ജെ.പി. നേതൃത്വത്തെ സമീപിച്ചിരുന്നു എന്നതാണ്.

#KeralaPolitics, #CoLeBi, #KGMarar, #Congress, #MuslimLeague, #BJP, #KeralaElections, #PoliticalNews, #LDF, #UDF, #PPMukundan, #KKarunakaran, #Manjeshwaram, #KeralaHistory, #Dailyhunt, #GoogleNews, #ViralNews, #MalayalamNews, #PoliticalControversy, #ElectionStrategy #kolibi #കോലീബി #KeralaPolitics, #CoLeBi, #KGMarar, #Congress, #MuslimLeague, #BJP, #LDF, #UDF, #PPMukundan, #KKarunakaran, #Manjeshwaram, #KeralaHistory, #Dailyhunt, #GoogleNews, #MalayalamNews, #PoliticalControversy, #ElectionStrategy, #KeralaElection2026, #PinarayiVijayan, #VDSatheesan, #NemomDeal, #Thiruvananthapuram, #PoliticalMemories, #KGMararAutobiography, #PazhayaPareekshanam, #DailyhuntViral, #TrendingNewsKerala, #PoliticalAnalysis, #IndianPolitics, #KeralaAssembly, #CPIM, #RSS, #DemocraticAlliance, #Vattiyoorkavu, #Aruvikkara, #BreakingNewsKerala, #KeralaMedia, #SocialMediaCampaign, #NewsUpdate, #KeralaVibes

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: