‘പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുക എന്നത് യുഡിഎഫ് സർക്കാരിന്റെ പ്രധാന നയങ്ങളിലൊന്ന്, അത് നടപ്പാക്കും‘- ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുക എന്നത് യുഡിഎഫ് സർക്കാരിന്റെ പ്രധാന നയങ്ങളിലൊന്നാണെന്നും അതിൽ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ഡോ. ഹാരിസ് ചിറയ്ക്കൽ മുന്നോട്ടുവച്ച നിർദേശങ്ങൾ പരിഗണിക്കുമെന്നും വിവിധ മെഡിക്കൽ കോളേജുകൾ നേരിട്ട് സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം, ഹരിപ്പാട് മെഡിക്കൽ കോളേജുകളുടെ നിർമാണം സർക്കാർ മുന്നോട്ടുകൊണ്ടുപോകുമെന്നും നിലവിൽ പ്രവർത്തിക്കുന്ന മറ്റ് മെഡിക്കൽ കോളേജുകളിലെ സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. രോഗികളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനും ഡോക്ടർമാരുടെ തസ്തികകൾ വർധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഉണ്ടായ ചികിത്സാ പിഴവിനെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും അതിൽ ഉടൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ യോഗം ചേർന്നതായും ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ ആശുപത്രികളിലും ഗുണമേന്മയുള്ള സേവനം ഉറപ്പാക്കാനും മരുന്നുകളുടെ ലഭ്യത കൃത്യമായി നിലനിർത്താനും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ശുചിത്വക്കുറവ് രോഗവ്യാപനത്തിന് കാരണമാകുന്നതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അതുമായി ബന്ധപ്പെട്ട് ഉടൻ പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
എബോള വൈറസിനെക്കുറിച്ച് നിലവിൽ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു. ഇന്ത്യയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിക്കണമെന്നും ഐസൊലേഷൻ വാർഡുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.
ഐഎഎസ് തലത്തിലുള്ള അഴിച്ചുപണിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, തന്റെ വകുപ്പുമായി ബന്ധപ്പെട്ട് മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അതിനാൽ ആ വിഷയത്തിൽ പ്രതികരിക്കേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.






