Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഹോര്‍മൂസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറക്കണം, ഇല്ലെങ്കില്‍ ഊര്‍ജ നിലയങ്ങള്‍ തകര്‍ക്കും: മുന്നറിയിപ്പുമായി ട്രംപ്; അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാനും; യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാന്റെ മിസൈല്‍ പരിധിയിലെന്ന് ഇസ്രയേല്‍

ന്യൂയോര്‍ക്ക്: ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും തുറന്നില്ലെങ്കില്‍ ടെഹ്റാനിലെ ഊര്‍ജ്ജനിലയങ്ങള്‍ തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. സംഘര്‍ഷം ഉടന്‍ അവസാനിക്കില്ലെന്ന സൂചനയിലേക്കാണിതു വിരല്‍ ചൂണ്ടുന്നത്.

‘ഈ നിമിഷം മുതല്‍ 48 മണിക്കൂറിനുള്ളില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഭീഷണിയില്ലാതെ പൂര്‍ണ്ണമായി തുറന്നില്ലെങ്കില്‍, അമേരിക്ക അവരുടെ വിവിധ ഊര്‍ജ്ജനിലയങ്ങളെ ആക്രമിച്ച് നശിപ്പിക്കും, ഏറ്റവും വലുതില്‍ നിന്നായിരിക്കും തുടക്കം’- ട്രംപ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

ഇറാന്റെ മുന്നറിയിപ്പ്

Signature-ad

രാജ്യത്തെ ഇന്ധന-ഊര്‍ജ സംവിധാനങ്ങളിലെ ഏതൊരു ആക്രമണവും മേഖലയിലുടനീളം വലിയ പ്രതികരണത്തിന് കാരണമാകുമെന്ന് ഇറാന്റെ യൂണിഫൈഡ് കോംബാറ്റന്റ് കമാന്‍ഡ് ഓഫ് ദ ആംഡ് ഫോഴ്സ് മുന്നറിയിപ്പ് നല്‍കി. ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുകയാണെങ്കില്‍, ‘മേഖലയിലുള്ള യുഎസിന്റെ എല്ലാ ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചറുകളും ലക്ഷ്യമിടും’ എന്ന് കമാന്‍ഡ് പറഞ്ഞു.

യുദ്ധം പുതിയ ഘട്ടത്തിലേക്ക്

ഇറാന്‍ ആദ്യമായി ദീര്‍ഘദൂര മിസൈലുകള്‍ വിന്യസിച്ചതായി ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതോടെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമായി. ഈ നീക്കം സംഘര്‍ഷം മിഡില്‍ ഈസ്റ്റിന് അപ്പുറത്തേക്ക് വ്യാപിച്ചേക്കാമെന്ന ആശങ്ക ഉയര്‍ത്തുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യയിലുള്ള യുഎസ്-യുകെ സൈനിക താവളത്തിന് നേരെ ഇറാന്‍ 4,000 കിലോമീറ്റര്‍ പരിധിയുള്ള രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി ഇസ്രായേല്‍ സൈനിക മേധാവി ഇയാല്‍ സമീര്‍ പറഞ്ഞു.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാന് നേരെ ആക്രമണം ആരംഭിച്ചതിന് ശേഷം ഇറാന്‍ ഇത്രയും ദീര്‍ഘദൂര പ്രഹരശേഷി ഉപയോഗിക്കുന്നത് ‘ആദ്യമായാണെന്ന്’ ഇസ്രായേല്‍ സൈന്യം വിശേഷിപ്പിച്ചു.

‘ഈ മിസൈലുകള്‍ ഇസ്രായേലിനെ ആക്രമിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. അവയുടെ പരിധി യൂറോപ്യന്‍ തലസ്ഥാനങ്ങളില്‍ എത്തും – ബെര്‍ലിന്‍, പാരീസ്, റോം എന്നിവയെല്ലാം നേരിട്ടുള്ള ഭീഷണിക്ക് കീഴിലാണ്’- സമീര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇറാനിയന്‍ മിസൈല്‍ സംവിധാനങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ക്കായി ബ്രിട്ടീഷ് താവളങ്ങള്‍ ഉപയോഗിക്കാന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിന് യുകെ സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കുന്നതിന് മുമ്പാണ് മിസൈല്‍ വിക്ഷേപണം നടന്നതെന്ന് ബ്രിട്ടന്റെ പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉറവിടത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇരുവശത്തും വര്‍ദ്ധിച്ചുവരുന്ന നാശനഷ്ടങ്ങള്‍

മരണസംഖ്യ കുതിച്ചുയരുകയാണ്. യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ ആരംഭിച്ചതിന് ശേഷം ഇറാനില്‍ 2,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു, അതേസമയം ഇറാനിയന്‍ ആക്രമണങ്ങള്‍ ഇസ്രായേലില്‍ കുറഞ്ഞത് 15 പേരുടെ ജീവനെടുത്തു. ശനിയാഴ്ച വൈകി ഇസ്രായേലിന്റെ തെക്കന്‍ നഗരങ്ങളായ ഡിമോണയിലും അരാദിലും ഇറാനിയന്‍ മിസൈലുകള്‍ പതിച്ചു, കുട്ടികള്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് സാധാരണക്കാര്‍ക്ക് പരുക്കേറ്റു.

തെക്കന്‍ ഇസ്രായേലിലെ ‘സൈനിക കേന്ദ്രങ്ങളെയും’ സുരക്ഷാ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഞായറാഴ്ച പുലര്‍ച്ചെ ഇറാന്റെ വിപ്ലവ ഗാര്‍ഡ് പറഞ്ഞു.

വ്യോമ പ്രതിരോധ പരാജയം ആശങ്ക ഉയര്‍ത്തുന്നു

രാജ്യത്തെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ മിസൈലുകളെ തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഇസ്രായേല്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ സമ്മതിച്ചു. ‘ഞങ്ങള്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും അതില്‍ നിന്ന് പഠിക്കുകയും ചെയ്യും’- അദ്ദേഹം എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. കൂടുതല്‍ സങ്കീര്‍ണ്ണമാകുന്ന സംഘര്‍ഷത്തിനിടയില്‍ ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങളിലെ കേടുപാടുകളെക്കുറിച്ച് ആശങ്കയും വര്‍ധിപ്പിച്ചു.

ആക്രമണം നടന്ന മേഖലയ്ക്ക് സമീപമുള്ള തന്ത്രപ്രധാന സ്ഥലങ്ങള്‍
ഡിമോണ നഗരത്തിന് ഏകദേശം 13 കിലോമീറ്റര്‍ തെക്ക്-കിഴക്കായി ഇസ്രായേലിന്റെ അതീവ സുരക്ഷയുള്ള ആണവ റിയാക്ടര്‍ സ്ഥിതി ചെയ്യുന്നു. ഇസ്രായേലിലെ ഏറ്റവും വലിയ വ്യോമസേനാ കേന്ദ്രങ്ങളിലൊന്നായ നെവാറ്റിം എയര്‍ ബേസ് ഉള്‍പ്പെടെയുള്ള പ്രധാന സൈനിക ഇന്‍സ്റ്റാളേഷനുകളും ഈ മേഖലയിലുണ്ട്. ഇത്തരം തന്ത്രപ്രധാനമായ ആസ്തികള്‍ക്ക് സമീപം നടന്ന ആക്രമണങ്ങള്‍ യുദ്ധം വഷളാകുമെന്ന ഭീതി വര്‍ദ്ധിപ്പിച്ചു.

സൈനിക നടപടി തുടരുമെന്ന് നെതന്യാഹു

രാജ്യത്തിന്റെ നിലവിലെ പോരാട്ടത്തിലെ നിര്‍ണായക നിമിഷമാണിതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വിശേഷിപ്പിച്ചു.  ‘നമ്മുടെ ഭാവിക്കായുള്ള പോരാട്ടത്തിലെ വളരെ പ്രയാസമേറിയ വൈകുന്നേരമാണിത്. എല്ലാ മുന്നണികളിലും നമ്മുടെ ശത്രുക്കളെ ആക്രമിക്കുന്നത് തുടരാന്‍ ഞങ്ങള്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്’ – നെതന്യആഹു പ്രസ്താനവനയില്‍ പറഞ്ഞു.

 

#TrumpWarning, #IranIsraelWar, #StraitOfHormuz, #MiddleEastCrisis, #DimonaAttack, #GlobalNewsMalayalam, #WarUpdate, #Netanyahu, #NuclearSafety, #IranMissileStrike, #InternationalRelations, #BreakingNews, #DefenseNews, #WorldPolitics. #DonaldTrumpIranWarning, #StraitOfHormuzCrisis2026, #IranLongRangeMissiles, #IsraelAirDefenseFailure, #DimonaNuclearPlantNews, #MiddleEastConflictUpdates, #USIranTension, #IsraelMilitaryResponse, #DiegoGarciaMissileAttack, #GlobalEnergySecurity, #IranRevolutionaryGuards, #WestAsiaWarNewsMalayalam.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: