കാലുവാരല്‍, വിട്ടുനില്‍ക്കല്‍, അസാധുവാക്കല്‍: അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കടുംവെട്ട്; കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചവര്‍ ഇരുണ്ടു വെളുത്തപ്പോള്‍ രാജിവച്ച് ബിജെപി ചേരിയില്‍; സിപിഎമ്മിനെതിരേ മത്സരിച്ച് സിപിഐ; അധ്യക്ഷനെ നോമിനേറ്റ് ചെയ്ത യുഡിഎഫ് സ്വതന്ത്രന്റെ വോട്ട് എല്‍ഡിഎഫിന്; മധ്യ കേരളത്തില്‍ ട്വിസ്റ്റോടു ട്വിസ്റ്റ്

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പില്‍ മധ്യ കേരളത്തില്‍ ട്വിസ്റ്റോടു ട്വിസ്റ്റ്. തൃശൂരില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച എട്ടു പേരാണു കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു ബിജെപിക്കു പിന്തുണ നല്‍കിയത്. ഇവിടെ ബിജെപിക്കാരന് പ്രസിഡന്റുമായി.
എറണാകുളത്ത് ട്വന്റി 20 പിന്തുണയില്‍ വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് പത്തുവര്‍ഷത്തിന് ശേഷം യുഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴ നെടുമുടിയില്‍ സിപിഎമ്മിലെ പ്രശ്നങ്ങള്‍ മൂലം തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ എട്ട് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയുമായി ചേര്‍ന്ന് മുന്നണി രൂപീകരിച്ച് ഭരണം പിടിച്ചു.
എറണാകുളം ജില്ലയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകളില്‍ ട്വന്റി 20 എന്ത് നിലപാട് സ്വീകരിക്കുമെന്നതായിരുന്നു പ്രധാന ചോദ്യം. പലയിടത്തും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നെങ്കിലും വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ കഥ മാറി. ട്വന്റി 20യുടെ രണ്ടംഗങ്ങള്‍ പിന്തുണച്ചതോടെ പത്തുവര്‍ഷത്തിന് ശേഷം പഞ്ചായത്തില്‍ യുഡിഎഫ് ഭരണം പിടിച്ചു. പുതൃക്ക പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ ട്വന്റി 20ക്ക് ഭരണം ലഭിച്ചു, തിരുവാണിയൂരില്‍ ട്വന്റി ട്വന്റിയുടെ റെജി വര്‍ഗീസ് പ്രസിഡന്റായതോടെ ഇത്തവണയും അവര്‍ക്ക് നാല് പഞ്ചായത്തുകള്‍ സ്വന്തമായി.
എന്നാല്‍ ട്വന്റി 20ക്ക് ഭരണമുണ്ടായിരുന്ന വടവുകോട് പുത്തന്‍കുരിശ് ബ്ലോക്ക് പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ എല്‍.ഡി.എഫ് ഭരണത്തിലെത്തി. ചേന്ദമംഗലം പഞ്ചായത്ത് എല്‍.ഡി.എഫ് വിമതന്റെ പിന്തുണയില്‍ യു.ഡി.എഫ് പിടിച്ചെടുത്തു. നറുക്കെടുപ്പിലൂടെ കോതമംഗലം പോത്താനിക്കാട് പഞ്ചായത്ത് എല്‍.ഡി.എഫിന് ലഭിച്ചപ്പോള്‍, ഞാറയ്ക്കല്‍ യു.ഡി.എഫ് പിടിച്ചെടുത്തു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ കെ.ജി.രാധാകൃഷ്ണനെ എതിരില്ലാതെ തിരഞ്ഞെടുത്തു.
ആലപ്പുഴ നെടുമുടിയില്‍ സി.പി.എമ്മിലെ പ്രശ്നം മൂലം ക്വാറം തികയാതെ തിരഞ്ഞടെുപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റി, തര്‍ക്കം മൂലം 9 അംഗങ്ങള്‍ എത്തിയില്ല, പാര്‍ട്ടി നിര്‍ദേശിച്ച പ്രസിഡന്റിനെ അംഗീകരിക്കാനാവില്ലെന്ന് സി.പി.എമ്മില്‍ ഒരു വിഭാഗം നിലപാടെടുത്തതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ സി.പി.എം അംഗത്തിന്റെ വോട്ട് അസാധുവായതോടെ നറുക്കെടുപ്പ് വേണ്ടിവന്നെങ്കിലും ഭാഗ്യം തുണച്ചതോടെ ഭരണം എല്‍.ഡി.എഫിനു തന്നെ കിട്ടി.
പുളിങ്കുന്ന് പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗം ഔസേപ്പച്ചന് വെമ്പാടന്തറ കൂറുമാറി എല്‍.ഡി.എഫില്‍ ചേര്‍ന്ന് പ്രസിഡന്റായി. നറുക്കെടുപ്പിലൂടെ വെളിയനാട് ബ്ലോക്ക് പഞ്ചായത്തിനും എല്‍.ഡി.എഫിനും വള്ളിക്കുന്നം പഞ്ചായത്ത് യു.ഡി.എഫിനും കിട്ടി. ആലപ്പുഴയിലെ ആലാ, ബുധനൂര്‍, കാര്‍ത്തികപ്പള്ളി, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെന്നിത്തല, ചേന്ദംപള്ളിപ്പുറം, നീലംപേരൂര്‍ പഞ്ചായത്തുകളില്‍ ബി.ജെ.പി ഭരണത്തിലെത്തി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റെയി സി.പി.എമ്മിലെ എ. മഹേന്ദ്രനെ തിരഞ്ഞെടുത്തു.
പത്തുവര്‍ഷമായി ബി.ജെ.പി ഭരിച്ചുവരുന്ന തൃശൂരിലെ ഏക പഞ്ചായത്തായിരുന്ന അവിണിശേരി നറുക്കെടുപ്പിലൂടെ യു.ഡി.എഫ് പിടിച്ചെടുത്തു. ഇതേസമയം പാറളം പഞ്ചായത്ത് നറുക്കെടുപ്പിലൂടെ ബി.ജെ.പിക്ക് കിട്ടി. എല്‍ഡിഎഫിന്റെ മേരി തോമസാണ് തൃശൂര്‍ ജില്ല പഞ്ചായത്ത് അധ്യക്ഷ.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിന്റായി യുഡിഎഫിലെ ജോഷി ഫിലിപ്പ് തിരഞ്ഞടുക്കപ്പെട്ടു. എരുമേലി പഞ്ചായത്തില്‍ ക്വാറം തികയാത്തതിനാല്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. 14 സീറ്റുള്ള യു.ഡി.എഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്, എന്നാല്‍ പട്ടികവര്‍ഗ സംവരണം ആയ പഞ്ചായത്തില്‍ യു.ഡി.എഫിന് അംഗമില്ല, അതിനാല്‍ യു.ഡി.എഫ് വിട്ടുനിന്നു. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റായി ബി.ജെ.പിയുടെ മിനര്‍വാ മോഹനെ തിരഞ്ഞെടുത്തു. അയ്മനം, കിടങ്ങൂര്‍ പഞ്ചായത്തുകളിലും ബി.ജെ.പിക്ക് ഭരണമായി. ഇടുക്കിയില്‍ നറുക്കെടുപ്പിലൂടെ രാജകുമാരി, മണക്കാട്, കൊക്കയാര്‍ പഞ്ചായത്തുകള്‍ ഇടതുമുന്നണിക്ക് ലഭിച്ചപ്പോള്‍
3 പള്ളിവാസല്‍ പഞ്ചായത്ത് യു.ഡി.എഫും നേടി. കേരള കോണ്‍ഗ്രസ് അംഗം ഷീല സ്റ്റീഫന്‍ 11 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ ജില്ലയുടെ വിവിധയിടങ്ങളില്‍ നടന്നത് കടുംവെട്ടു നീക്കങ്ങള്‍. കാലുവാരല്‍ മുതല്‍ ഒരു പാര്‍ട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ അപ്പാടെയും രാജിവച്ച് ചിരവൈരികള്ക്കു പിന്തുണ നല്കിയതുമടക്കം അടിമുടി ട്വിസ്റ്റ്.
മറ്റത്തൂര്‍ പഞ്ചായത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചവര്‍ രാജിവച്ച് ബിജെപിയുമായി കൈകോര്‍ത്ത് ഭരണം പിടിച്ചത് ഞെട്ടിച്ചു. കോണ്‍ഗ്രസ്-ബിജെപി സഖ്യമെന്ന ആരോപണം ഇടതുപാര്‍ട്ടികള്‍ ഉയര്‍ത്തിയതോടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്താക്കിയാണു കോണ്‍ഗ്രസ് ജില്ലാ നേതൃത്വം തടിയൂരിയത്. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി കാലുവാരിയതാണു മറ്റൊരു സ്വതന്ത്രനു പിന്തുണ നല്കാന് കാരണമെന്നു പറഞ്ഞാണു പുറത്തായവരുടെ പ്രതിരോധം. തൃശൂര്‍ കോര്പറേഷന് മേയര്‍ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പേമെന്റ് സീറ്റ് വിവാദം അവസാനിക്കുംമുമ്പാണു മറ്റത്തൂരിലെ ഇരുട്ടടി.
പാറളത്തു കോണ്‍ഗ്രസ് അംഗം ബോധപൂര്‍വം വോട്ട് അസാധുവാക്കി ബിജെപിക്കു വഴിയൊരുക്കിയെന്നാണ് ആരോപണം. യുഡിഎഫിനും എന്‍ഡിഎയ്ക്കും ആറു സീറ്റുവീതമായിരുന്നു ലഭിച്ചത്. നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡന്റ് സ്ഥാനവും എന്‍ഡിഎയ്ക്കു ലഭിച്ചു. ബിജെപിയിലെ ഒരു വോട്ട് അസാധുവായതോടെ വല്ലച്ചിറയില്‍ എല്‍ഡിഎഫിലെ രമ പ്രകാശന് പ്രസിഡന്റായി. ചൊവ്വന്നൂരില്‍ എസ് ഡിപിഐയുടെ രണ്ടുവോട്ടുകള്‍ നേടി കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണം നേടിയതും ചര്‍ച്ചയായി.
കഴിഞ്ഞവട്ടം ആദ്യം എന്‍ഡിഎ ഭരണം പിടിച്ച അവിണിശേരിയില്‍ ഇക്കുറി നറുക്കെടുപ്പിലൂടെ യുഡിഎഫ് അധികാരത്തിലെത്തി. എന്നാല്‍, വൈസ് പ്രസിഡന്റ് സ്ഥാനത്തിന്റെ ഭാഗ്യം എന്ഡിഎയ്ക്കുതന്നെ ലഭിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്താങ്ങിയ യുഡിഎഫ് സ്വതന്ത്രന്‍തന്നെ വോട്ടെടുപ്പില്‍ കാലുമാറിയതോടെ പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിന്. എന്നാല്‍, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റുകൂടിയായ എല്‍ഡിഎഫ് അംഗം വോട്ട് അസാധുവാക്കിയത് ഞെട്ടിച്ചെങ്കിലും നറുക്കെടുപ്പില്‍ ഇടതിനെത്തന്നെ ഭാഗ്യം തുണച്ചു. വേലൂരില്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ യുഡിഎഫിനു ലഭിച്ചു.
അരിമ്പൂര്‍ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം യുഡിഎഫിനു ലഭിച്ചപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിനു ലഭിച്ചു. ഇടതുവലതു മുന്നണികള്‍ക്ക് 10 സീറ്റു വീതം ലഭിച്ചതോടെയാണു നറുക്കെടുപ്പിലേക്കു നീങ്ങിയത്. എടത്തിരുത്തി, കൊറ്റംകുളം എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെയാണു ജയിച്ചത്. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ എല്‍ഡിഎഫിനു ലഭിച്ചു. രണ്ടു മുന്നണികള്‍ക്കും ഇവിടെ ഏഴു സീറ്റു വീതമാണു ലഭിച്ചത്.
നെന്മണിക്കരയില് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഒരേ മുന്നണിയിലെ സിപിഐയും സിപിഎമ്മും മത്സരിച്ചതും ചര്‍ച്ചയായി. വൈസ്പ്രസിഡന്റ് സ്ഥാനം സിപിഐ ആവശ്യപ്പെട്ടിട്ടും നല്‍കാതെ വന്നതോടെയാണു ചേരിതിരിഞ്ഞത്. വോട്ടെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിതന്നെ ജയിച്ചു.






