ഇനി യാത്രകളുടെ കാലം; ക്രിസ്മസ് അവധിക്കാല യാത്രയല്ല; പൊളിറ്റിക്കല്‍ യാത്രകളുടെ കാലം; നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യാത്രകള്‍ തുടങ്ങുകയായി; കേരള യാത്ര പ്രഖ്യാപിച്ച് വി.ഡി.സതീശന്‍

തിരുവനന്തപുരം: ഇനി യാത്രകളുടെ കാലമാണ്, ക്രിസ്മസ് വെക്കേഷനിലെ അവധിക്കാല യാത്രകളല്ല, രാഷ്ട്രീയ പാര്‍ട്ടികളുടെ കേരള യാത്രകള്‍ ആരംഭിക്കാന്‍ ഒരുക്കങ്ങള്‍ അണിയറയില്‍ തുടങ്ങിക്കഴിഞ്ഞു. ഒരുപാട് ദൂരെയല്ലാതെ വന്നുകിടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തങ്ങളാണ് പൊളിറ്റിക്കലി കറക്ട് എന്ന് കേരളത്തിന്റെ പതിനാലു ജില്ലകളിലുമുള്ള വോട്ടര്‍മാരെ ബോധ്യപ്പെടുത്താനുള്ള പൊളിറ്റിക്കല്‍ യാത്രകള്‍ തുടങ്ങാറായിരിക്കുന്നു.
100 സീറ്റ് ലക്ഷ്യമിട്ട് കേരള യാത്രയുമായി വി.ഡി സതീശന്‍ യുഡിഎഫിനു വേണ്ടി യാത്ര തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ചു കഴിഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ കേരള യാത്ര ഫെബ്രുവരിയിലാണ് നടക്കുക. യുഡിഎഫിന്റെ പ്രകടന പത്രിക അവതരിപ്പിച്ചതിന് ശേഷമാണ് യാത്ര ആരംഭിക്കുക.
നിയമസഭ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളിലധികം നേടുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് യാത്ര സംഘടിപ്പിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ചേര്‍ന്ന ആദ്യ യുഡിഎഫ് ഏകോപനസമിതിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. പുതിയ അസോസിയേറ്റഡ് അംഗങ്ങളടക്കം മുന്നണിയുടെ അടിത്തറ വിപുലപ്പെടുത്താന്‍ ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തോടെ ആവേശത്തിലായ യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. 100 സീറ്റ് ലക്ഷ്യമിട്ടുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് സതീശന്‍ പറഞ്ഞു.
ജനുവരിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങും. ഫെബ്രുവരി ആദ്യവാരം പ്രകടനപത്രിക അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരളയാത്ര നടക്കും. മുന്നണിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്താന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്.
സ്വര്‍ണ്ണകൊള്ള ആരോപണം പ്രചാരണത്തില്‍ തുടര്‍ന്നും മുഖ്യ ആയുധമാക്കാനാണ് തീരുമാനം.






