Breaking NewsKeralaLead NewsNEWSNewsthen Specialpolitics

പൂരനഗരിയില്‍ പത്താണ്ടിനു ശേഷം ഭരണക്കുടമാറ്റം ; 33-11-8-4 = 56 ; കോര്‍പറേഷനില്‍ മൂവര്‍ണക്കുടയുയര്‍ന്നു ; താമരമൊട്ടുകള്‍ കൂടുതല്‍ വിരിഞ്ഞു ; ചെങ്കൊടി ആഞ്ഞുവീശിയില്ല

തൃശൂര്‍: പത്താണ്ടിന്റെ നീണ്ട ഇടവേളയ്ക്കു ശേഷം തൃശൂര്‍ കോര്‍പറേഷനില്‍ ഭരണക്കുടമാറ്റം. ഒരു ഡിവിഷന്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് 55ല്‍ നിന്ന് 56 ഡിവിഷനുകളായി മാറിയ തൃശൂര്‍ കോര്‍പറേഷനില്‍ 33 ഡിവിഷനുകളില്‍ യുഡിഎഫിന്റെ മൂവര്‍ണവിജയപതാാക വീശി.
പത്താണ്ടു ഭരിച്ച എല്‍ഡിഎഫിന് 11 സീറ്റുകളില്‍ മാത്രം കൊടുത്ത തൃശൂര്‍ കോര്‍പറേഷനിലെ ജനങ്ങള്‍ ഇക്കുറി പ്രതിപക്ഷത്തിരുത്തി. എന്‍ഡിഎക്ക് കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടു സീറ്റുകളില്‍ കൂടി ലീഡു നല്‍കി എട്ടു സീറ്റില്‍ വിജയിപ്പിച്ചു നാലു സ്വതന്ത്രന്‍മാരും ലീഡുയര്‍ത്തി.
കഴിഞ്ഞ തവണ 25 സീറ്റുകള്‍ നേടിയാണ് എല്‍എഡിഎഫ് ഭരണംപിടിച്ചത്. 24 സീറ്റുകള്‍ യുഡിഎഫ് നേടിയിരുന്നു.

 

Signature-ad

മുപ്പത് ഡിവിഷനുകളുള്ള തൃശൂര്‍ ജില്ല പഞ്ചായത്ത് എല്‍ഡിഎഫ് നിലനിര്‍ത്തി. 21 സീറ്റുകള്‍ അവര്‍ ലീഡ് ചെയ്തപ്പോള്‍ ഒമ്പതിടത്ത് യുഡിഎഫും.
നഗരസഭകളിലും എല്‍ഡിഎഫിനാണ് മേല്‍ക്കോയ്മ. ഏഴില്‍ അഞ്ചും ഇടതു നേടിയപ്പോള്‍ രണ്ടില്‍ ഒതുങ്ങി യുഡിഎഫ്.
16 ബ്ലോക്കുകളില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് 4, സ്വതന്ത്രന്‍ ഒന്ന് എന്ന നിലയിലാണ്.
ആകെയുള്ള 1601 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 642 എണ്ണത്തില്‍ ഇടതു കുതിപ്പാണ്. 526ല്‍ യുഡിഎഫും. 146 വാര്‍ഡുകളില്‍ എന്‍ഡിഎക്കാണ് മുന്നേറ്റം. 73 സ്വതന്ത്രരും മുന്നേറുന്നു.

തൃശൂര്‍ കോര്‍പറേഷനില്‍ പോരാട്ടപ്പൂരം
അമ്പത്തിയാറ് ഡിവിഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പത്തുവര്‍ഷത്തിനു ശേഷമുള്ള യുഡിഎഫിന്റെ ശക്തമായ തിരിച്ചുവരവിനാണ് പൂരനഗരി സാക്ഷ്യം വഹിക്കുന്നത്.
രണ്ടു ടേമുകളില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വന്നതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇക്കുറി രണ്ടും കല്‍പ്പിച്ച് പോരിനിറങ്ങിയ യുഡിഎഫിന്റെ പരിശ്രമങ്ങള്‍ പാഴായില്ല.
കോര്‍പറേഷനില്‍ 56ല്‍ 33 സീറ്റുകളില്‍ ശക്തമായ മുന്നേറ്റം കാഴ്ചവെച്ച് യുഡിഎഫ് റിട്ടേണ്‍സ് എന്ന് തെളിയിച്ചിരിക്കുകയാണ് തൃശൂരിലെ യുഡിഎഫ്.
സിറ്റിംഗ് കൗണ്‍സിലറായിരുന്ന കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയേല്‍ പാട്ടുരായ്ക്കല്‍ ഡിവിഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.വി.കൃഷ്ണമോഹനനോട് പരാജയപ്പെട്ടത് യുഡിഎഫിന് കനത്ത തിരിച്ചടിയായി.

കോര്‍പറേഷന്‍ പത്തുവര്‍ഷം തുടര്‍ച്ചയായി ഭരിച്ച ഇടതിന് പത്തിനൊപ്പം ഒരു സീറ്റില്‍ കൂടി ലീഡ് ലഭിച്ചപ്പോള്‍ പതിനൊന്ന് സീറ്റിലേക്കൊതുങ്ങി പതിയെ നീങ്ങുകയാണ്.
മുന്‍ മേയര്‍ അജിത ജയരാജന്റെ തോല്‍വിയും മേയര്‍ സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞിരുന്ന എഴുത്തുകാരി ലിസി ജോയിയുടെ തോല്‍വിയും എല്‍ഡിഎഫിന് തിരിച്ചടിയായി.

അതേസമയം ആറു നീന്തിക്കടന്ന് എന്‍ഡിഎ തൃശൂര്‍ കോര്‍പറേഷനില്‍ തങ്ങളുടെ ഗ്രാഫ് ആറില്‍ നിന്ന് എട്ടിലേക്കുയര്‍ത്തി.
എട്ടില്‍ മുന്നേറുന്ന എന്‍ഡിഎക്ക് കോട്ടപ്പുറം ഡിവിഷന്‍ നറുക്കെടുപ്പിലൂടെയാണ് സ്വന്തമായത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ കൗണ്‍സിലറുമായിരുന്ന യുഡിഎഫിലെ കെ.ഗിരീഷ്‌കുമാറിനും എന്‍ഡിഎയുടെ വിനോദ് കൃഷ്ണനും തുല്യവോട്ട് ലഭിച്ചതിനെ തുടര്‍ന്ന് റീ കൗണ്ടിംഗ് നടത്തുകയും അതിലും തുല്യ വോട്ടു തന്നെ രേഖപ്പെടുത്തിയതോടെ നറുക്കെടുപ്പിലൂടെ വിജയിയായി വിനോദ് കൃഷ്ണനെ തെരഞ്ഞെടുക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: