Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ഒളിവിലെ ഓര്‍മകളുമായി നാളെ രാഹുല്‍ പാലക്കാട് കാലുകുത്തുമെന്ന് സൂചന; പോളിംഗ് ബൂത്തില്‍ മാങ്കൂട്ടത്തിലെത്തിയേക്കുമെന്ന് അഭ്യൂഹം; രണ്ടാംഘട്ട പോളിംഗിലെ ശ്രദ്ധാകേന്ദ്രമായി പാലക്കാട് കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍

 

പാലക്കാട് : രണ്ടാഴ്ചക്കാലത്തെ ഒളിച്ചുകളിക്കു ശേഷം പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ ജില്ലയില്‍ പ്രത്യക്ഷപ്പെടുമെന്ന് സൂചന.
ഒളിവിലെ ഓര്‍മകളുമായി നേരെ രാഹുല്‍ മാങ്കൂട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തുമെന്നാണ് അഭ്യൂഹം.
അറസ്റ്റ് ഭീതി താല്‍ക്കാലികമായി ഒഴിഞ്ഞതോടെയാണ് ഒളിസങ്കേതങ്ങളില്‍ നിന്നും രാഹുല്‍ പുറത്തുവരാനൊരുങ്ങുന്നത്.

Signature-ad

രണ്ടാമത്തെ ബലാത്സംഗ കേസില്‍ ഉപാധികളോടെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ പാലക്കാട് എത്തുമെന്ന അഭ്യൂഹം പരന്നത്.

പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലാണ് രാഹുലിന് വോട്ട്. സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ രണ്ടാം ബൂത്ത് നമ്പറിലാണ് വോട്ട്. രാഹുല്‍ താമസിക്കുന്ന ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബൂത്തില്‍ തന്നെയാണ് രാഹുലിന് വോട്ട്. പാലക്കാട് നഗരസഭയിലെ 24-ാം വാര്‍ഡിലാണ് രാഹുലിന് വോട്ടുള്ളത്.

കഴിഞ്ഞ മാസം 27നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നല്‍കുന്നത്. മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. ഇതിനുപിന്നാലെയാണ് രാഹുല്‍ പാലക്കാട് നിന്ന് ഒളിവില്‍ പോയത്. രണ്ടാഴ്ചയോളമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണ്. ഹൈക്കോടതിക്ക് പിന്നാലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ രാഹുല്‍ വോട്ടവകാശം വിനിയോഗിക്കാന്‍ വരുമെന്ന സൂചനയാണുള്ളത്.

ആദ്യത്തെ ബലാത്സംഗ കേസില്‍ നേരത്തെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു. ആദ്യത്തെ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ആദ്യത്തെ കേസില്‍ അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി വിധിയും രണ്ടാമത്തെ ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്നുമുള്ള ഉത്തരവുള്ളതിനാല്‍ രാഹുല്‍ പുറത്തുവരുമെന്ന് വിവരമാണ് പുറത്തുവരുന്നത്. തിങ്കളാഴ്ച ഹൈക്കോടതി അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടിയില്ലെങ്കിലോ ജാമ്യം തള്ളിയാലോ പോലീസിന് ആദ്യത്തെ കേസില്‍ അറസ്റ്റ് രേഖപ്പെടുത്താനാകും.

ഇന്ന് ഉച്ചയ്ക്കുശേഷമാണ് രണ്ടാമത്തെ ബലാത്സംഗ കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും 11നും ഇടയില്‍ അന്വേഷണ ഉദ്യോസ്ഥര്‍ക്ക് മുന്‍പാകെ ഹാജരായി ഒപ്പിടണമെന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. രാഹുലിനെ ഈ കേസില്‍ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും ഉത്തരവിലുണ്ട്. മൂന്നു ദിവസത്തെ വാദത്തിനുശേഷമാണിപ്പോള്‍ വിധി വന്നിരിക്കുന്നത്.

ഇതിനിടെ രാഹുലിനെതിരെ പോലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പിന്തുടര്‍ന്ന് ശല്യപ്പെടുത്തുക, തടഞ്ഞുവെയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം, രാഹുലിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. കോടതി ഉത്തരവ് ലഭിച്ച ഉടന്‍ അപ്പീല്‍ നല്‍കും. കോടതി ഉത്തരവ് ഇന്ന് തന്നെ ലഭിച്ചാല്‍ ഇന്ന് തന്നെ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കും. അതല്ലെങ്കില്‍ നാളെയായിരിക്കും അപ്പീല്‍ നല്‍കുക.

Back to top button
error: