വീണ്ടും രാഷ്ട്രീയ-സിനിമ പീഡനക്കേസ്; പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള പീഡനപരാതിയില്‍ നടപടികളിലേക്ക് കടന്ന് പോലീസ്; പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും; സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു; പരാതി നല്‍കിയത് വനിത ചലച്ചിത്ര പ്രവര്‍ത്തക; മുന്‍ എംഎല്‍എക്കെതിരെ കേസെടുത്തിരിക്കുന്നത് ലൈംഗികഅതിക്രമത്തിന്; മാപ്പുപറയാന്‍ തയ്യാറാണെന്നും നിരപരാധിയാണെന്നും കുഞ്ഞുമുഹമ്മദ്

തിരുവനന്തപുരം: സിനിമ രാഷ്ട്രീയ മേഖലകളില്‍ വിവാദമാകാന്‍ വീണ്ടുമൊരു പീഡനക്കേസ്. മഗ്‌രിബ്, ഗര്‍ഷോം, പരദേശി, വീരപുത്രന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനും ഇടതുപക്ഷ സഹയാത്രികനും മുന്‍ എംഎല്‍എ കൂടിയുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയാണ് വനിത ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയിരിക്കുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയിലാണ് കേസ് .
വനിതാ ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് നടപടികളാരംഭിച്ചു. പരാതിക്കാരിയുടെ മൊഴി വിശദമായി എടുക്കാനാണ് തീരുമാനം. പരാതിയില്‍ പറയുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. പി.ടി കുഞ്ഞുമുഹമ്മദിന്റെയും മൊഴി രേഖപ്പെടുത്തും. മുന്‍ എംഎല്‍എ കൂടിയായ പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് ചലച്ചിത്ര പ്രവര്‍ത്തക നല്‍കിയ പരാതി പോലീസിന് കൈമാറുകയായിരുന്നു.
അതേസമയം, പരാതി കുഞ്ഞുമുഹമ്മദ് നിഷേധിച്ചു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അവരോട് മാപ്പു പറയാന്‍ തയ്യാറാണെന്നും തനിക്കെതിരെ മുന്‍പൊരിക്കലും പരാതി ഉണ്ടായിട്ടില്ലെന്നും പി.ടി.കുഞ്ഞുമുഹമ്മദ് പറഞ്ഞു.
ഡിസംബര്‍ 13ന് ആരംഭിക്കുന്ന 30-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള മലയാളം ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിനിടെ കഴിഞ്ഞ മാസം ആറിനാണ് പരാതിക്ക് ആസ്പദമായ സംഭവം. ഐഎഫ്എഫ്‌കെയിലേക്കുള്ള മലയാളം സിനിമകളുടെ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനായിരുന്നു പി.ടി.കുഞ്ഞുമുഹമ്മദ്.
പരാതിക്കാരിയായ ചലച്ചിത്രപ്രവര്‍ത്തകയും കമ്മിറ്റിയിലുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങള്‍ താമസിച്ചിരുന്നത്. സ്‌ക്രീനിംഗിന് ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. കഴിഞ്ഞ മാസം ആറിനായിരുന്നു സംഭവം. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. ഈ പരാതി മുഖ്യമന്ത്രി കന്റോണ്‍മെന്റ് പോലീസിന് കൈമാറുകയായിരുന്നു. പോലീസിനോടും ചലച്ചിത്ര പ്രവര്‍ത്തക പരാതി ആവര്‍ത്തിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പോലീസ് കേസെടുത്തത്.






