Breaking NewsKeralaLead NewsNEWSNewsthen Specialpolitics

പോളിംഗ് ബൂത്തുകളിലേക്ക് ആവേശത്തോടെ വോട്ടര്‍മാര്‍; പ്രമുഖരെത്തി വോട്ടു രേഖപ്പെടുത്തി; യുഡിഎഫിന് ഐതിഹാസിക തിരിച്ചുവരവുണ്ടാകുമെന്ന് സതീശന്‍; തിരുവനന്തപുരം തിലകമണിയുമെന്ന് സുരേഷ്‌ഗോപി; വോട്ടില്ലാതെ മമ്മൂട്ടി; പലയിടത്തും വോട്ടിംഗ് മെഷിന്‍ തകരാറില്‍

 

കൊച്ചി: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ ആവേശകരമായ പോളിംഗ്.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ പോളിംഗ് നല്ല രീതിയില്‍ മുന്നേറുന്നുണ്ട്. രാവിലെ തന്നെ വോട്ടര്‍മാര്‍ ബൂത്തുകൡലെത്തിത്തുടങ്ങിയിരുന്നു.
കാര്യമായ പ്രശ്‌നങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പതിവുപോലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളുടെ തകരാറുകള്‍ ഇത്തവണയും ചില ബൂത്തുകളിലുണ്ടായി.

Signature-ad

കൊല്ലം കോര്‍പറേഷന്‍ ഭരണിക്കാവ് ഡിവിഷന്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് മെഷീന്‍ തകരാറിലായതിനെതുടര്‍ന്ന് വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പത്തനംതിട്ട തിരുവല്ല നിരണം എരതോട് ബൂത്തില്‍ വോട്ടിംഗ് തുടങ്ങാനായില്ല. മെഷീന്‍ തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. വണ്ടിപ്പെരിയാര്‍ തങ്കമലയിലും യന്ത്രം തകരാറുണ്ടായി. പകരം യന്ത്രം എത്തിച്ചു. പത്തനംതിട്ട നഗരസഭ ടൗണ്‍ സ്‌ക്വയര്‍ വാര്‍ഡിലും യന്ത്ര തകരാറുണ്ടായി. മൂവാറ്റുപുഴ നഗരസഭയില്‍ വോട്ടിംഗ് മെഷീന്‍ തകരാറായി.

പത്തനാപുരത്ത് ബ്ലോക്ക് ഡിവിഷന്റെ വോട്ടിങ് മെഷീന്‍ മാറിയതും വോട്ടെടുപ്പ് തുടങ്ങാന്‍ വൈകിച്ചു. പട്ടാഴി പാണ്ടിത്തിട്ട ഗവ. എല്‍പിഎസിലെ ബൂത്തില്‍ നടുത്തേരി ബ്ലോക്ക് ഡിവിഷന്റെ മെഷിനായിരുന്നു എത്തിക്കേണ്ടിയിരുന്നത്. പകരം തലവൂര്‍ ഡിവിഷന്റെ വോട്ടിങ്ങ് മെഷിനാണ് എത്തിച്ചത്.

പ്രമുഖവ്യക്തികള്‍ രാവിലെ തന്നെയെത്തി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.

 

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഐതിഹാസികമായ തിരിച്ചുവരവ് ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജനങ്ങള്‍ യുഡിഎഫിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വോട്ടു ചെയ്യാനെത്തിയ സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമാണെന്നും ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും
യുഡിഎഫ് നേരത്തെ തുടങ്ങിയ മുന്നൊരുക്കവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സതീശന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതിരോധത്തിലായത് സിപിഎമ്മാണ്. കോണ്‍ഗ്രസ് കൃത്യമായി നടപടി എടുത്തു. അറസ്റ്റ് തെരഞ്ഞെടുപ്പ് വരെ നീട്ടി കൊണ്ടുപോയി പ്രതിരോധത്തിലായത് സിപിഎമ്മാണെന്നും സതീശന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ ജഡ്ജ്മെന്റ് വന്ന ശേഷം വിശദമായ അഭിപ്രായം പറയാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡിലെ എന്‍എസ്എസ് എച്ച്എസ്എസിലെ പോളിങ് ബൂത്തില്‍ ആദ്യ വോട്ടറായി നേരത്തെ എത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും കുടുംബവും. പാര്‍ലമെന്റ് സമ്മേളനം അടക്കം നടക്കുന്നതിനാല്‍ ഡല്‍ഹിയിലേക്ക് പോകേണ്ടതിനാല്‍ കൂടിയാണ് സുരേഷ് ഗോപി നേരത്തെ പോളിങ് ബൂത്തിലെത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം തിലകമണിയുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ടു ചെയ്ത ശേഷം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപിക്ക് വിജയം ഉറപ്പാണെന്നും ഭൂരിപക്ഷം ജനങ്ങള്‍ തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്ക് തന്നെ കിട്ടുമെന്ന പ്രതീക്ഷയാണ് വോട്ടെടുപ്പ് ദിനത്തില്‍ സുരേഷ് ഗോപി പ്രകടിപ്പിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഈ സംഭവത്തില്‍ മുന്‍പും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. കോടതി വിധി പറയട്ടെ, അത് അംഗീകരിക്കണം. അത് അംഗീകരിക്കുക എന്നത് എല്ലാവര്‍ക്കും ബാധകമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

 

ഇത് നിര്‍ണായകമായ തെരഞ്ഞെടുപ്പാണെന്ന് വോട്ട് ചെയ്തശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നാടിന്റെ ഒരു മാറ്റത്തിനായി വോട്ട് ചെയ്യണമെന്നും നാടിന് ഗുണം ചെയ്യുന്ന കാര്യത്തിനായി വോട്ട് ചെയ്യണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കവെയാണ് മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല എന്ന വാര്‍ത്ത പുറത്തുവരുന്നത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനാവില്ല. പൊന്നുരുന്നിയിലെ സികെസി എല്‍പി സ്‌കൂളിലെ നാലാം ബൂത്തിലായിരുന്നു കഴിഞ്ഞ തവണ വരെ മമ്മൂട്ടി വോട്ട് ചെയ്തിരുന്നത്.

 

Back to top button
error: