കാര്യം നിസാരം പക്ഷേ പ്രശ്‌നം ഗുരുതരം; കേള്‍ക്കാത്ത ശബ്ദം ബാലചന്ദ്രമേനോന്‍ കേള്‍പ്പിക്കുമ്പോള്‍; കണ്ടതും കേട്ടതും ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍; മേനോന്‍ നയം വ്യക്തമാക്കണം

തിരുവനന്തപുരം: കാര്യം നിസാരമാണെന്ന് തോന്നാം പക്ഷേ പ്രശ്‌നം ഗുരുതരമാണേ…ബാലചന്ദ്രമേനോന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സംവിധാനം ചെയ്ത സമാന്തരങ്ങള്‍ എന്ന സിനിമയ്ക്ക് അന്നത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് കൊടുക്കപ്പെടാതെ അവഗണിച്ചത് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്, അല്ല ചര്‍ച്ചയാക്കിയിരിക്കുകയാണ് മേനോന്‍. താന്‍ കണ്ടതും കേട്ടതുമായ അവാര്‍ഡ് നിര്‍ണയ കാര്യങ്ങള്‍ ബാലചന്ദ്രമേനോന്‍ തുറന്നുപറയുമ്പോള്‍ വിവാദങ്ങളേ ഇതിലേ ഇതിലേ എന്ന ക്ഷണപത്രിക തയ്യാറായി.
1997ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകളിലെ പാകപ്പിഴയാണ് 28 വര്‍ഷങ്ങള്‍ക്കിപ്പുറം ബാലചന്ദ്രമേനോന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുകൊണ്ടെന്തു കാര്യം എന്ന് ചിന്തിക്കുന്നവരുണ്ടാകും. പക്ഷേ തെറ്റുകള്‍ വര്‍ഷങ്ങളെത്ര കഴിഞ്ഞാലും തുറന്നുപറയേണ്ടതാണെന്ന് പറയുന്നവരുമേറെയാണ്. എന്തായാലും സമാന്തരങ്ങള്‍ പുതിയ കാലത്ത് വീണ്ടും ചര്‍ച്ചയായിക്കഴിഞ്ഞു.
തന്റെ സിനിമയ്ക്ക് കിട്ടേണ്ടിയിരുന്ന ദേശീയ പുരസ്‌കാരങ്ങള്‍ മലയാളി ഉള്‍പ്പടെയുള്ള ജൂറിയിലെ ചിലരുടെ അവസാനവട്ട തീരുമാനങ്ങളും തിരിമറികളും കാരണം നഷ്ടമായെന്ന കാര്യമാണ് മേനോന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
1997-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടന് പുറമേ സമാന്തരങ്ങള്‍ എന്ന ചിത്രത്തിന് സംവിധായകനും ചിത്രത്തിനുമുള്ള പുരസ്‌കാരം കൂടി ലഭിക്കേണ്ടതായിരുന്നുവെന്നും എന്നാല്‍, അവസാന നിമിഷത്തെ ഇടപെടലില്‍ മറ്റ് രണ്ട് പുരസ്‌കാരങ്ങള്‍ മാറിപ്പോയെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു.
അങ്ങിനെ വെറുതെ എന്തെങ്കിലും വിളിച്ചുപറയുന്ന ആളല്ല ബാലചന്ദ്രമേനോന്‍. അതുകൊണ്ടുതന്നെ താന്‍ ഉന്നയിക്കുന്ന ആരോപണം തെളിവു സഹിതമാണ് അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞത്.
തന്റെ സിനിമാ ജീവിതത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, അന്നത്തെ ജൂറി അംഗത്തിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു മാധ്യമങ്ങളോട് മേനോന്‍ സമാന്തര തള്ളുകളെക്കുറിച്ച് മലയാളി എന്നും ഇഷ്ടപ്പെടുന്ന ആ ബാലചന്ദ്രമേനോന്‍ ടച്ചോടെ പറഞ്ഞത്.
മേനോന്‍ പറഞ്ഞത് ഇങ്ങനെ –
അവാര്‍ഡ് നിശ്ചയം പൂര്‍ത്തിയായപ്പോള്‍ ഞാനായിരുന്നു മികച്ച നടന്‍, ഞാന്‍ മാത്രം. എന്റേതായിരുന്നു മികച്ച ഫീച്ചര്‍ ഫിലിം. ഞാനായിരുന്നു മികച്ച സംവിധായകന്‍. മൂന്ന് അവാര്‍ഡുകളും ബാലചന്ദ്രമേനോന് എന്ന് പറഞ്ഞ് തീരുമാനമാകേണ്ട സമയം വന്നപ്പോള്‍ തിരിമറി നടന്നു. അതില്‍ കേരളത്തില്‍ നിന്നുവന്നയാളുകള്‍ നന്നായി തിരിമറിച്ചിട്ടാണ്, ഈ രീതിയില്‍ മാറിപ്പോയത്. ആരാണ് ഇടപെട്ടതെന്ന് ഞാന്‍ അന്വേഷിച്ചിട്ടില്ല. ജൂറി അംഗം പറഞ്ഞ കാര്യം മാത്രമേ ഞാന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുള്ളൂ.
അദ്ദേഹത്തിന്റെ, ആ ജൂറി അംഗത്തിന്റെ വാക്കുകള്‍ കടമെടുത്ത് പറയുകയാണെങ്കില്‍ ആ വര്‍ഷം ഏറ്റവും നല്ല നടന്‍, സംവിധായകന്‍, ഫീച്ചര്‍ ഫിലിം- ഈ മൂന്ന് അവാര്‍ഡുകളായിരുന്നു സമാന്തരങ്ങള്‍ക്കുവേണ്ടി ആദ്യം മാറ്റിവെച്ചത്. പിന്നീട് ഇടപെടലുകളുണ്ടായപ്പോഴാണ് ഇപ്പോഴത്തെ രീതിയില്‍ പുരസ്‌കാരങ്ങള്‍ വന്നത്. മൂന്നു അവാര്‍ഡുകളും സമാന്തരങ്ങള്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയേനേ – ബാലചന്ദ്രമേനോന്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍ സമാന്തരങ്ങളുടെ വിവാദം റെയില്‍വേ ട്രാക്കിലൂടെ നീങ്ങാന്‍ തുടങ്ങിയിരുന്നു.

പക്ഷേ മേനോന്‍ ഇതൊരു വിവാദമുണ്ടാക്കാനാണ് തുറന്നുപറഞ്ഞതെന്ന് ആരും കരുതുന്നില്ല. ഇത്രയും വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹം ഇത് വെളിപ്പെടുത്തിയത് ഉള്ളില്‍ ഒളിപ്പിച്ചുവെക്കാന്‍ സാധിക്കാത്തതുകൊണ്ടാകാം. അല്ലെങ്കില്‍ ഈ കള്ളക്കളി ആരെങ്കിലുമൊക്കെ അറിയണം എന്നതുകൊണ്ടാകാം.
പറയാന്‍ അനുകൂലമായ സാഹചര്യം വന്നപ്പോള്‍ സംസാരിച്ചു എന്നു മാത്രമേയുള്ളൂ. അന്‍പതു വര്‍ഷത്തെ സിനിമാ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ ഹൃദയസ്പര്‍ശിയായ സംഭവം അതുമാത്രമാണ്, അതുകൊണ്ട് പറഞ്ഞതാണ്. കപ്പിനും ചുണ്ടിനുമിടയ്ക്ക് നഷ്ടപ്പെട്ടതാണ്, സ്വാഭാവികമായും വിഷമമുണ്ടാവില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.
സമാന്തരങ്ങളിലെ അഭിനയത്തിന് ബാലചന്ദ്രമേനോനും കളിയാട്ടത്തിലെ അഭിനയത്തിന് ആ വര്‍ഷം സുരേഷ്‌ഗോപിയുമായി മികച്ച നടനുള്ള പുരസ്‌കാരം പങ്കിടുകയായിരുന്നു. ജയരാജ് (കളിയാട്ടം) മികച്ച സംവിധായകനായും കന്നഡയില്‍നിന്നുള്ള ‘തായി സാഹിബ’ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടന്‍, മികച്ച കുടുംബക്ഷേമ ചിത്രം എന്നീ പുരസ്‌കാരങ്ങള്‍ മാത്രമാണ് അത്തവണ സമാന്തരങ്ങള്‍ക്ക് ലഭിച്ചത്. ദേശീയ പുരസ്‌കാരം വാങ്ങാന്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ ജൂറി അംഗമായിരുന്ന ബോളിവുഡ് നടനും സംവിധായകനുമായ ദേവേന്ദ്ര ഖണ്ഡേവാല ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് തിരുവനന്തപുരത്ത് മേനോന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ കാണിച്ചുകൊടുത്തത്.






