Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

വ്യാജ ഐഡി കാര്‍ഡ് കേസില്‍ ധൃതിപിടിച്ചുള്ള അറസ്റ്റ് രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ഉപയോഗിച്ചു; പോലീസ് റഡാറിലെങ്കിലും പീഡനക്കേസില്‍ രാഹുലിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് സൂചന; നിലമ്പൂര്‍ തെരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത് അടക്കം കോടതിയില്‍ ഉന്നയിക്കും; ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍ നടപടി

ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഹുലിനെതിരേ മുമ്പ് ഉയര്‍ന്നുവന്ന ആരോപണങ്ങളും നിലമ്പൂര്‍ തെരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും അടക്കമുള്ള സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിയെ സ്വതന്ത്രമായി വിടുന്നതു കേസ് അട്ടിമറിക്കാനും സാക്ഷികളെയും ഇരയെയും സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള സാഹചര്യമുണ്ടാക്കുമെന്നു പ്രോസിക്യൂഷനു കോടതിയില്‍ വാദിക്കാന്‍ കഴിയും.

തിരുവനന്തപുരം: യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത കേസിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതം. വ്യാഴാഴ്ച യുവതി തെളിവ് സഹിതം പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍പ്പോയ രാഹുലിന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സംരക്ഷണം ഒരുക്കുന്നെന്നാണു സൂചന. ഫോണ്‍ സ്വിച്ച് ഓഫാണ്. പാലക്കാട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ മുങ്ങിയത്. വെള്ളിയാഴ്ച പകല്‍ കുറച്ചുനേരം ഫോണ്‍ ഓണ്‍ ആയപ്പോള്‍ പാലക്കാട് ടവര്‍ ലൊക്കേഷനാണ് കാണിച്ചത്.

എന്നാല്‍, ജാമ്യഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കേ ധൃതിപിടിച്ചുള്ള അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണു വിവരം. ഇത്തരത്തിലുള്ള അറസ്റ്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുതലെടുക്കാന്‍ സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് വൈകിപ്പിക്കുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയാല്‍ ഉടന്‍ അറസ്റ്റുണ്ടാകും. അതേസമയം, ധൃതിപിടിച്ച് അറസ്റ്റുണ്ടായാല്‍ കോടതിയില്‍നിന്ന് വിപരീത പരാമര്‍ശമുണ്ടാകുന്നതു പോലീസിനും സര്‍ക്കാരിനും ഒരുപോലെ തിരിച്ചടിയാകും. രാഹുല്‍ എവിടെയുണ്ടെന്നു പോലീസിനു കൃത്യമായി അറിയാമെന്നാണു വിവരം.

Signature-ad

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ ഐഡികാര്‍ഡ് നിര്‍മിച്ചെന്ന കേസില്‍ പോലീസ് ധൃതിപിടിച്ചു വീടുവളഞ്ഞ് രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതു പോലീസിനു വലിയ തിരിച്ചടിയുണ്ടാക്കി. കോടതിയില്‍നിന്നു ജാമ്യം ലഭിച്ചതോടെ രാഹുല്‍- ഷാഫി ടീം വന്‍ പ്രചാരണമാണു സര്‍ക്കാരിനെതിരേ അഴിച്ചുവിട്ടത്. സൈബര്‍ അനുയായികളെയും ഇതിനായി ഉപയോഗിച്ചു. സര്‍ക്കാരിനെതിരേ മാധ്യമങ്ങളും വലിയതോതില്‍ തിരിഞ്ഞു. രാഹുലിന്റെ ക്രിമിനല്‍ ബുദ്ധി ഇത്തരത്തില്‍ ബലാത്സംഗ കേസിലും പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നാണു ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഹുലിനെതിരേ മുമ്പ് ഉയര്‍ന്നുവന്ന ആരോപണങ്ങളും നിലമ്പൂര്‍ തെരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും അടക്കമുള്ള സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിയെ സ്വതന്ത്രമായി വിടുന്നതു കേസ് അട്ടിമറിക്കാനും സാക്ഷികളെയും ഇരയെയും സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള സാഹചര്യമുണ്ടാക്കുമെന്നു പ്രോസിക്യൂഷനു കോടതിയില്‍ വാദിക്കാന്‍ കഴിയും. അന്വേഷണത്തിന്റെ ഭാഗമായി രാഹുലിന്റെ ഫോണ്‍ പിടിച്ചെടുക്കേണ്ടതുണ്ട്.

മൂന്നിടങ്ങളില്‍ പീഡനം നടത്തിയെന്നു മൊഴിയില്‍ പറയുന്നതിനാല്‍ അവിടങ്ങളിലെല്ലാം എത്തിച്ചു തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. മാത്രമല്ല, വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ചതടക്കം കേസ് നിലനില്‍ക്കുന്നതിനാല്‍ ഇയാള്‍ കൃത്രിമം കാണിക്കാന്‍ സാധ്യതയുണ്ടെന്നും കോടതിയില്‍ വാദിക്കാന്‍ കഴിയും. ഇതിനുശേഷം രാഹുലിന്റെ ജാമ്യഹര്‍ജി തള്ളുകയാണെങ്കില്‍ അതു കേസിനും ബലമാകും. നേരേമറിച്ചു ധൃതി പിടിച്ചുള്ള അറസ്റ്റിനുശേഷം ജാമ്യം അനുവദിച്ചാല്‍ അത് പോലീസിനും നാണക്കേടാകും.

എല്ലാ പഴുതുകളും അടച്ചശേഷം അറസ്റ്റ് മതിയെന്നാണു സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാടെന്നാണു വിവരം. പാര്‍ട്ടി സെക്രട്ടറി ഒഴിച്ച് ഇക്കാര്യത്തില്‍ മറ്റാരും അഭിപ്രായം പറയേണ്ടതില്ലെന്നും നിലപാട് എടുത്തിട്ടുണ്ട്. ഇത്രയും വിവാദങ്ങളുണ്ടായിട്ടും മന്ത്രിമാരോ മുഖ്യമന്ത്രിയോ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല. അഭിപ്രായ പ്രകടനം നടത്തുകയും കോടതിയുടെ വാക്കാലുള്ള പരാമര്‍ശമെങ്കിലും വിപരീതമാകുകയും ചെയ്താല്‍ അത് വലിയ ചര്‍ച്ചകള്‍ക്കു വഴിവയ്ക്കും. അതുവരെ മാധ്യമങ്ങള്‍ കേസ് സജീവമാക്കി നിലനിര്‍ത്തിക്കോളും എന്നും സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ട്. രാഹുല്‍ ഒളിവില്‍ കഴിയുന്നത് കോണ്‍ഗ്രസ് നേതാക്കളുടെ സംരക്ഷണയിലാണെന്നും പുറത്താക്കിയതും സസ്‌പെന്‍ഡ് ചെയ്തതുമൊക്കെ വെറും പേരിനുള്ള നടപടിയാണെന്നും സൈബര്‍ ഇടത്തിലും പ്രചാണം ശക്തമാണ്. രാഹുലിനെ വിമര്‍ശിക്കുന്ന വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവരെ സൈബര്‍ അണികള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നതും ഇയാളുടെ ക്രിമിനല്‍ ഗൂഢ സംഘത്തിന്റെ നീക്കമാണെന്നു സ്ഥാപിക്കാനും ഇതുവരെ സാധിച്ചിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ചയാണു പരിഗണിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ എസിപി ദിനരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം യുവതിയെ പരിശോധിച്ച വനിതാ ഡോക്ടറുടെ മൊഴിയെടുത്തു. യുവതിയുടെ സുഹൃത്തുക്കളുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ ഒന്നാംപ്രതിയും ഗര്‍ഭഛിദ്രത്തിന് മരുന്നെത്തിച്ച മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് പത്തനംതിട്ട അടൂര്‍ സ്വദേശി ജോബി ജോസഫ് രണ്ടാം പ്രതിയുമാണ്. ജോബിയുടെ സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനവും ഇക്കൂട്ടത്തില്‍ അന്വേഷിക്കുമെന്നാണു വിവരം. ജീവപര്യന്തം തടവുശിക്ഷവരെ കിട്ടാവുന്ന ബലാത്സംഗക്കുറ്റമാണ് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ചുമത്തിയിട്ടുള്ളത്. ആദ്യവിവാഹബന്ധം ഒഴിഞ്ഞശേഷമാണ് രാഹുലിനെ പരിചയപ്പെട്ടതെന്ന് യുവതി മൊഴിനല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ഫോണ്‍ അന്വേഷണസംഘം ശാസ്ത്രീയ പരിശോധനയ്ക്ക ഏറ്റെടുത്തിട്ടുണ്ട്.

 

Back to top button
error: