Breaking NewsIndiaKeralaLead NewsNEWSNewsthen Specialpolitics

അങ്ങിനെ ശശി തരൂര്‍ അതുകൂടി പറഞ്ഞു; മോദി സ്തുതികള്‍ പാടിത്തീരുന്നില്ല; മോദി സര്‍ക്കാരിന്റെ വികസനപദ്ധതികളില്‍ മതവിവേചനം കണ്ടിട്ടില്ലത്രേ; പിഎം ശ്രീയില്‍ കാവിവല്‍ക്കരണവും തരൂര്‍ജി കാണുന്നില്ല; കോണ്‍ഗ്രസ് മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ കാണിച്ച് മത്സരിക്കണമെന്നും ഉപദേശം

 

തിരുവനന്തപുരം: ചില ഗാനങ്ങള്‍ എത്ര പാടിയാലും നമുക്ക് മതിയാകാത്ത പോലെ മോദി സ്തുതികള്‍ എത്ര പറഞ്ഞാലും പാടിയാലും ശശി തരൂര്‍ എംപിക്ക് മതിയാകുന്നേയില്ല. മകനോടുള്ള അമിത വാത്സല്യം ദേവേന്ദ്രനെ ഭിക്ഷക്കാരനാക്കിയെന്ന് പറയും പോലെ മോദിയോടുള്ള അമിതഭക്തി തരൂരിനെ എന്താക്കുമെന്നും കണ്ടറിയണം.

Signature-ad

മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ മത വിവേചനം കണ്ടിട്ടില്ലെന്നാണ് ശശി തരൂരിന്റെ മോദി സ്തുതികളിലെ പുതിയ എപ്പിസോഡ്. ബിജെപിക്കാര്‍ പോലും ഇത്ര മനോഹരമായ ഡയലോഗ് പറഞ്ഞിട്ടുണ്ടാവില്ല. എല്ലാവരും മോദി ചെയ്യുന്ന ഏതു ചെറിയ കാര്യത്തേയും മതത്തിന്റെ വീക്ഷണകോണിലൂടെ മാത്രം നോക്കിക്കാണുമ്പോള്‍ തരൂര്‍ മതവിവേചനം കാണുന്നില്ലെന്ന് തറപ്പിച്ചുപറയുമ്പോള്‍ അടിയന്തിരമായി തരൂര്‍ ഏതെങ്കിലും നേത്രരോഗവിദഗ്ധനെ കാണണമെന്ന് കോണ്‍ഗ്രസുകാര്‍ ഉപദേശിക്കുന്നു.

 

മോദി സര്‍ക്കാര്‍ നടപ്പാക്കിയ പല പദ്ധതികളുമെടുത്ത് തലനാരിഴ കീറിയാണ് ശശി തരൂര്‍ മോദിയുടെ വികസനത്തെ മതവിമുക്തമാക്കി പ്രഖ്യാപിച്ചിരിക്കുന്നത്. ശുചിത്വഭാരത പദ്ധതി അടക്കം മോദി സര്‍ക്കാരിന്റെ ചില പരിപാടികള്‍ക്ക് പിന്തുണയുണ്ടെന്നാണ് ശശി പറയുന്നത്. മണിപ്പൂരിലും മറ്റും ക്രിസ്ത്യന്‍ സമുദായത്തിനും കന്യാസ്ത്രികള്‍ക്കും നേരെ നടന്ന സംഭവങ്ങളും ഏന്തോ തരൂര്‍ കണ്ടിട്ടില്ലെന്ന് തോന്നുന്നു. അപ്പോള്‍ കോണ്‍ഗ്രസുകാര്‍ ഉപദേശിച്ചത് ശരിയാണെന്ന് തോന്നുന്നു, ശശി കണ്ണുഡോക്ടറെ കാണേണ്ട സ്ഥിതിയില്‍ തന്നെയാണ്.
മോദി സര്‍ക്കാരിനെക്കുറിച്ച് എപ്പോഴും നെഗറ്റീവ് പറഞ്ഞാല്‍ മതിയോ എന്നും ശശി തരൂര്‍ ചോദിക്കുന്നു. നെഗറ്റീവ് മോശമാണ് തരൂര്‍ പോസിറ്റീവല്ലോ സുഖപ്രദം.

മോദി സ്തുതിയാണെങ്കിലും രാഹുല്‍ സ്തുതിയാണെങ്കിലും (സോറി രാഹുല്‍ എന്നുവെച്ചാല്‍ മാങ്കൂട്ടത്തില്‍ കുടുംബത്തിലെ രാഹുലല്ല, സാക്ഷാല്‍ രാഹുല്‍ജി-രാഹുല്‍ഗാന്ധി) രാജ്യവും കേരളവും നന്നാകണമെന്നേ ശശി തരൂരിനുള്ളു. രാജ്യവും കേരളവും നന്നാകണമെന്നതാണ് എല്ലാവരുടേയും ആഗ്രഹമെന്നും ശശിതരൂര്‍ നെഞ്ചില്‍കൈവെച്ചു പറയുന്നുണ്ട്.
ആര് ജയിച്ചാലും അവര്‍ എല്ലാവരുടെയും ജനപ്രതിനിധിയാണെന്നും ശശി തരൂര്‍ ഓര്‍മപ്പെടുത്തുമ്പോള്‍ ആരു ജയിച്ചാലും തനിക്കൊന്നുമില്ലേ എന്നൊരര്‍ത്ഥം കൂടി മറനീക്കി വരുന്നുണ്ടതില്‍.
കേരള സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ കേന്ദ്രസര്‍ക്കാര്‍ വികസനം നടപ്പാക്കിയെന്ന സാക്ഷ്യപ്പെടുത്തലും തരൂരില്‍ നിന്നുണ്ടായി. പി എം ശ്രീയില്‍ കാവിവല്‍ക്കരണം കാണുന്നില്ലെന്ന് തരൂര്‍ തറപ്പിച്ചു പറയുമ്പോള്‍ സിപിഎമ്മോ സിപിഐയോ അല്ല വെട്ടിലാകുന്നത് അതും കോണ്‍ഗ്രസ് തന്നെയാണ്. പിഎം ശ്രീ പദ്ധതിയില്‍ സിപിഎമ്മിനെ കോണ്‍ഗ്രസ് കടന്നാക്രമിക്കുമ്പോഴാണ് നിര്‍ലോഭം ശശി തരൂരിന്റെ പിന്തുണ ആ പദ്ധതിക്ക് കിട്ടുന്നത്. പിഎം ശ്രീയില്‍ കാവിവല്‍ക്കരണം കാണുന്നില്ലെന്നും സിലബസില്‍ പ്രശ്‌നമുണ്ടെങ്കില്‍ സംസ്ഥാന സിലബസ് നടപ്പാക്കിയാല്‍ പോരേ എന്നും ശശി തരൂര്‍ ചോദിക്കുന്നു.

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി വേണമെന്ന കോണ്‍ഗ്രസുകാര്‍ ഇന്നേവരെ രഹസ്യമായല്ലാതെ പരസ്യമായി ചിന്തിച്ചിട്ടില്ലാത്ത ആശയം തരൂര്‍ മുന്നോട്ടുവെക്കുന്നുണ്ട്.
മറ്റു മുന്നണികള്‍ക്കൊക്കെ മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാല്‍ കാണിക്കാന്‍ ആളുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും അങ്ങനെയാണ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടുന്നു.
സ്വാഭാവികമായും തരൂര്‍ ഉദ്ദേശിക്കുന്നത് ഡോ.ശശി തരൂര്‍ എംപിയെന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെയാണോ എന്ന്് കേരളീയര്‍ സംശയിച്ചാല്‍ അതില്‍ കുറ്റം പറയാനാകുമോ….കോണ്‍ഗ്രസിന്റെ മുഖം ആകുമോയെന്ന ചോദ്യത്തിന്, രാഷ്ട്രീയക്കാരനായി തുടരും എന്നായിരുന്നു ശശി തരൂരിന്റെ മറുപടി. പിന്നൊരു മനോഹരമായ ചിരിയും….ആ ചിരിയിലുണ്ടെല്ലാം..

ആരോപണങ്ങള്‍ ഉയരുമ്പോള്‍ ചിലര്‍ രാജിവെക്കുമെന്നും ചിലര്‍ തുടരുമെന്നും അത് ഒരോരുത്തരുടെയും മനസാക്ഷിയുടെ വിഷയമാണെന്നുമാണ് മാങ്കൂട്ടത്തിലിനെതിരെയുള്ള കേസിനെയും ആരോപണങ്ങളേയും കുറിച്ചുള്ള ശശി തരൂരിന്റെ നിലപാട്. കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കില്ലെന്നും തരൂര്‍ പറഞ്ഞൊഴിയുന്നു.

 

Back to top button
error: