കബഡി കബഡി കബഡി; ലോകകിരീടങ്ങള്‍ ഇന്ത്യന്‍ മണ്ണിലേക്കൊഴുകട്ടെ; ഇന്ത്യന്‍ വനിതകള്‍ക്ക് കബഡിയില്‍ ലോക കിരീടം; തകര്‍ത്തത് ചൈനീസ് തായ്‌പോയിയെ

ന്യൂഡല്‍ഹി: കായികമത്സരങ്ങളിലെ ലോക കിരീടങ്ങള്‍ ഇന്ത്യന്‍ മണ്ണിലേക്ക് ഒന്നൊന്നായി വന്നണഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്റെ ലോകോത്തര വിജയത്തിനു പിന്നാലെ ഇപ്പോഴിതാ കബഡി ലോകകിരീടവും ഇന്ത്യയിലേക്ക്.
ചൈനീസ് തായ്‌പേയിയെ തകര്‍ത്താണ് ഇന്ത്യന്‍ വനിതാ ടീം കബഡിയില്‍ ലോകകിരീടം നേടിയിരിക്കുന്നത്. 11 രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലെ ഫൈനലില്‍ 35-28ന് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാംകിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച കളിമികവ് പുറത്തെടുത്ത ഇന്ത്യ തോല്‍വിയെന്തന്നനറിയാതെ, ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഫൈനലിലെത്തിയതും കിരീടം ചൂടിയതും.
വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ഫൈനലിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം. സെമി ഫൈനലില്‍ ഇറാനെ 33-21 എന്ന സ്‌കോറിലായിരുന്നു പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലടക്കം പരാജയമറിയാതെയായിരുന്നു ചൈനീസ് തായ്‌പേയുടെ ഫൈനല്‍ പ്രവേശം. സെമിയില്‍ ആതിഥേയരായ ബംഗ്ലാദേശിനെ 25-18 സ്‌കോറിലാണ് മറികടന്നത്.
കബഡിയില്‍ ഇന്ത്യ കുറിച്ച ചരിത്ര വിജയത്തിന് പിന്നാലെ ഇന്ത്യന്‍ കബഡി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും രംഗത്തെത്തി. ഇരുവരും സാമൂഹിക മാധ്യമ എക്കൗണ്ടുകളിലൂടെയാണ് തങ്ങളുടെ സന്തോഷവും അഭിനന്ദനങ്ങളും പങ്കുവെച്ചത്.






