Breaking NewsIndiaKeralaLead NewsNEWSNewsthen Special

പതിനാറാമത് അന്താരാഷ്ട്രനാടകോത്സവത്തില്‍ ഇരുപത്തിനാല് നാടകങ്ങള്‍; ജനുവരി 25 മുതല്‍ ഫെബ്രുവരി ഒന്നുവരെ തൃശൂരില്‍ നാടകപ്പൂരം; പത്ത് വിദേശനാടകങ്ങളും പതിനാല് ഇന്ത്യന്‍ നാടകങ്ങളും

 

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ തിക്കും തിരക്കും ആരവങ്ങളുമൊഴിഞ്ഞാല്‍ തൃശൂരില്‍ പിന്നെ ലോകനാടകപ്പൂരം. ഇന്റര്‍നാഷണല്‍ തീയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള ഇറ്റ്‌ഫോക്ക് ജനുവരി 25 ന് തുടങ്ങി ഫെബ്രുവരി ഒന്നിനാണ് അവസാനിക്കുക. പതിനാറാമത് അന്താരാഷ്ട്രനാടകോത്സവത്തില്‍ പത്ത് വിദേശനാടകങ്ങളും പതിനാല് ഇന്ത്യന്‍ നാടകങ്ങളും അവതരിപ്പിക്കും.പലസ്തീന്‍, അര്‍മേനിയ, നോര്‍വെ, ബ്രസീല്‍, അര്‍ജന്റീന, സ്‌പെയിന്‍, ജപ്പാന്‍, ഡെന്മാര്‍ക്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് ഇത്തവണ ഇറ്റ്‌ഫോക്കില്‍ എത്തുന്നത്. രാജസ്ഥാന്‍, ആസാം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘങ്ങളോടൊപ്പം അഞ്ചു മലയാള നാടകങ്ങളും ഈ മേളയുടെ ഭാഗമാകുന്നുണ്ട്.

Signature-ad

അന്തര്‍ദേശീയ വിഭാഗത്തില്‍- ഹാംലറ്റ് ടോയ്‌ലറ്റ് (കൈമാകു പേനന്റ് റേസ് തിയേറ്റര്‍ കമ്പനി, ജപ്പാന്‍), വൗ (ഡെബ്രിസ് തിയേറ്റര്‍ കമ്പനി, നോര്‍വേ), ഡംബിളിങ് (ഹാമസ്‌ഗെയിന്‍ സ്റ്റേറ്റ് തിയേറ്റര്‍, അര്‍മേനിയ), ദി ലാസ്റ്റ് പ്ലെ ഇന്‍ ഗാസ (ഇനാറ്റ് വെസ്നേം , പലസ്തീന്‍), ഫ്രാങ്കസ്റ്റീന്‍ പ്രോജക്ട് (ലൂസിയാനോ മന്‍സൗര്‍ കമ്പനി, അര്‍ജന്റീന), എ സ്‌ക്രീം ഇന്‍ ദി ഡാര്‍ക് (നോവ തിയേറ്റര്‍ കമ്പനി, ബ്രസീല്‍), ലൂസിയ ജോയ്‌സ്- എ സ്‌മോള്‍ ഡ്രാമ ഇന്‍ മോഷന്‍ (കാര്‍ലിക് ഡാന്‍സ തിയേറ്റര്‍, സ്‌പെയിന്‍) ഓറഞ്ചസ് ആന്റ് സ്റ്റോണ്‍സ് (അസ്തര്‍ തിയേറ്റര്‍, പലസ്തീന്‍), റോമിയോ ആന്റ് ജൂലിയറ്റ് (അസ്റ്റോറിയസ് ഹാസ്, ഡെന്മാര്‍ക്), ഡോണ്‍ ക്വിക്സോട്ട് (തീയേറ്റര്‍ ഡി വെന്റി, ഇറ്റലി) എന്നിവയാണ് അവതരിപ്പിക്കുക.

ദേശീയവിഭാഗത്തില്‍ മാല്‍പ്രാക്ടിസ് ആന്റ് ദി ഷോ (നാടക് ഘര്‍, പൂന), ദി ഫാര്‍ പോസ്റ്റ് (ദുര്‍ സെ ബ്രദേഴ്‌സ്, മുംബൈ), അണ്ടര്‍ ദി മാംഗോസ്റ്റിയന്‍ ട്രീ (പെര്‍ച്ഛ്, ചെന്നൈ), കുലംഗ ബര്‍ഹി (മേജങ്കരി മേഘ്മൊല്ലര്‍, ആസാം), ദി നെതര്‍ (ആസക്ത കലാമഞ്ച, പൂന), മെഹറൂണ്‍ (ഉജ്ജാര്‍ ഡ്രമാറ്റിക് അസോസിയേഷന്‍, മുംബൈ), സംതിങ്ങ് ലൈക് ട്രൂത്ത് (സോഷ്യല്‍ മഞ്ച് ആന്റ് പീസ് പ്രോജക്ട്സ്, പൂന), മെസോക് (ജ്യോതി ദോഗ്ര, മുംബൈ), അഗര്‍ബത്തി (സമാഗം രംഗ് മണ്ഡല്‍, രാജസ്ഥാന്‍) തുടങ്ങിയ നാടകങ്ങള്‍ കാണാം.

കേരളത്തില്‍നിന്ന് കൂഹൂ, ആന്‍ ആന്തോളജി ഓണ്‍ ട്രയിന്‍ (ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയേറ്റര്‍, പാലക്കാട്), ബൈ ബൈ ബൈപാസ് (കളിമുറ്റം, എറണാകുളം), നന്മയില്‍ ജോണ്‍ ക്വിക്സോട് (അത്‌ലറ്റ് കായിക നാടകവേദി, പാലക്കാട്), മാടന്‍ മോക്ഷം (മരുതം തിയേറ്റര്‍ ഗ്രൂപ്പ്, ആലപ്പുഴ), സ്‌ക്രീം (സ്‌കെയില്‍ മീഡിയ, പത്തനംതിട്ട) എന്നീ നാടകങ്ങളാണ് എത്തുക.

കഴിഞ്ഞ വര്‍ഷം അഞ്ചു വിദേശനാടകങ്ങളടക്കം ആകെ പതിനഞ്ചു നാടകങ്ങളാണ് അവതരിപ്പിച്ചിരുന്നത്. ഇത്തവണ പത്തു സംഘങ്ങളാണ് രാജ്യത്തിന് പുറത്തുനിന്നും ഈ ലോകനാടകമേളയില്‍ പങ്കെടുക്കുവാന്‍ വേണ്ടി എത്തുന്നത്. പരിമിതികള്‍ ഏറെയുണ്ടെങ്കിലും ഈ വര്‍ഷം നാടകങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ അക്കാദമിയും ഫെസ്റ്റിവല്‍ ഡയറക്ടറേറ്റും നേരത്തെ തന്നെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. അതിന്റെ ഫലമായാണ് അഞ്ചു മലയാളനാടകങ്ങളടക്കം ഇരുപത്തിനാലെണ്ണം ഉള്‍ക്കൊള്ളിക്കുവാന്‍ കഴിഞ്ഞതെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: