ഓണ്‍ലൈന്‍ ഗെയിമിംഗ് സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് ; റെയ്ഡ് നടന്നത് രണ്ട് സ്ഥാപനങ്ങളില്‍ ; റെയ്ഡ് നടത്തിയത് ഗെയിമര്‍മാരുടെ പരാതികളെ തുടര്‍ന്ന് ; കമ്പനികള്‍ അല്‍ഗോരിതം കൃത്രിമമായി കൈകാര്യം ചെയ്യുന്നതായി പരാതി

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ഗെയിമിംഗ് സ്ഥാപനങ്ങളില്‍ എന്‍ഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ന്യൂഡല്‍ഹിയിലും ബംഗളുരുവും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖ ഓണ്‍ലൈന്‍ ഗെയിമിംഗ് സ്ഥാപനങ്ങളായ വിന്‍സോയിലും ഗെയിംസ്‌ക്രാഫ്റ്റിലുമാണ് ഇഡി റെയ്ഡ് നടത്തിയത്.
ഗെയിമര്‍മാരെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ കമ്പനികള്‍ അല്‍ഗോരിതം കൃത്രിമമായി കൈകാര്യം ചെയ്യുന്നതായി ഗെയിമര്‍മാരുടെ പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് ഇഡി പരിശോധന നടത്തിയത്. കളിക്കാര്‍ക്ക് കൂടുതല്‍ നഷ്ടം വരുത്തുന്നതിനായി ഈ ഗെയിമിംഗ് ആപ്പുകളുടെ അല്‍ഗോരിതങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഇഡിക്ക് ലഭിച്ച പരാതികളില്‍ പറയുന്നു. ഉപയോക്താക്കളെ നിരന്തരം പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് ഗെയിംപ്ലേ സിസ്റ്റം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.
ഈ രണ്ടു കമ്പനികളുമായി ബന്ധപ്പെട്ട് ഡല്‍ഹി, ബംഗളുരു, ഗുരുഗ്രാം എന്നിവിടങ്ങളിലായി ആകെ 11 സ്ഥലങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തി.
വിന്‍സോയുടെയും ഗെയിംസ്‌ക്രാഫ്റ്റിന്റെയും കോര്‍പ്പറേറ്റ് ഓഫീസുകളിലും അവയുടെ സിഇഒമാര്‍, സിഎഫ്ഒമാര്‍ എന്നിവരുടെ വസതികളിലും ഇഡി സംഘങ്ങള്‍ പരിശോധന നടത്തി എന്നും സൂചനകളുണ്ട്. ഇഡി ഇത് സ്ഥിരീകരിച്ചിട്ടില്ല.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബെംഗളൂരു സോണല്‍ ഓഫീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
വിന്‍സോ, ഗെയിംസ് ക്രാഫ്റ്റ് എന്നീ രണ്ട് കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ ക്രിപ്റ്റോ വാലറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് ഈ റെയ്ഡുകളില്‍ ഇഡി കണ്ടെത്തിയെന്നും പറയപ്പെടുന്നു. ഇവരുടെ ഡിജിറ്റല്‍ ഇടപാടുകളെക്കുറിച്ചും ക്രിപ്റ്റോ കറന്‍സികള്‍ വഴി കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോയെന്നും ഇഡി പരിശോധിക്കുന്നുണ്ട്.






