Breaking NewsKeralaLead NewsLIFELife StyleMovieNEWSSocial MediaTRENDING

‘അന്നു മനോജ് കെ. ജയന്റെ കൈവിട്ടു പോയിരുന്നെങ്കില്‍ രാധയായി മാറിയ ഞാന്‍ ട്രെയിനിനു മുന്നില്‍ ചാടുമായിരുന്നു; ഭയന്നുപോയ അദ്ദേഹം കരണത്തടിച്ചതു പോലും ഞാന്‍ അറിഞ്ഞില്ല’; സല്ലാപം സിനിമയില്‍ ജീവിതത്തിനും അഭിനയത്തിനും ഇടയിലെ നൂല്‍പാലത്തിലൂടെയുള്ള നിമിഷങ്ങളെക്കുറിച്ച് തുറന്നെഴുതി മഞ്ജു വാര്യര്‍

ഓടിവന്ന മനോജേട്ടന്‍ 'രാധേ..' എന്ന വിളിയോടെ പിടിച്ചുമാറ്റാന്‍ നോക്കുമ്പോള്‍ ഞാന്‍ പിടിയില്‍ നില്കുന്നില്ല. തീവണ്ടിയുടെ നേരെ സര്‍വശക്തിയുമെടുത്ത് കുതറിച്ചെല്ലുകയാണ്. ഇതിനിടയില്‍ 'രാധേ' എന്ന വിളി മാറ്റി മനോജേട്ടന്‍ 'മഞ്ജൂ'....എന്നാക്കിക്കഴിഞ്ഞിരുന്നു. ആ സിനിമയില്‍ പറയേണ്ട ഡയലോ?ഗുകളൊക്കെ മറന്ന് മനോജേട്ടന്‍ ദിവാകരനില്‍ നിന്ന് മനോജ് കെ.ജയനായി മാറി.

കൊച്ചി: സല്ലാപം സിനിമയുടെ സെറ്റില്‍ രാധയെന്ന കഥാപാത്രമായി മാറിയതിനെക്കുറിച്ചുള്ള നടുക്കുന്ന ഓര്‍മകള്‍ പങ്കുവച്ച് നടി മഞ്ജു വാര്യര്‍. ലോഹിതദാസിന്റെ സിനിമയുടെ ക്ലൈമാക്‌സ് രംഗത്തില്‍ മനോജ് കെ. ജയനുമൊത്തുള്ള ആത്മഹത്യാ രംഗത്തിന്റെ ഷൂട്ടിംഗിനിടെയാണ് മനസ് കൈവിട്ടുപോയതിനെക്കുറിച്ച് ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിക്കുന്ന ആത്മകഥയില്‍ വിവരിക്കുന്നത്.

കഥാപാത്രമെന്ന നിലയില്‍ പൂര്‍ണമായും ലയിച്ചുകഴിഞ്ഞ തന്നെ യാഥാര്‍ഥ്യത്തിലേക്കു തിരിച്ചെത്തിക്കാന്‍ മനോജ് കെ. ജയന്‍ കരണത്തടിച്ചിട്ടു പോലും താന്‍ അറിഞ്ഞില്ലെന്ന് മഞ്ജു പറയുന്നു. ട്രെയിനിനു മുന്നില്‍ ചാടി ആത്മഹ്യ ചെയ്യാന്‍ ഓടുന്ന കഥാപാത്രത്തെ നിയന്ത്രിക്കാന്‍ മനോജ് പാടുപെട്ടെന്നും അദ്ദേഹത്തിന്റെ കൈവിട്ടുപോയിരുന്നെങ്കില്‍ താനിന്നുണ്ടാകില്ലെന്നും മഞ്ജു ഓര്‍ക്കുന്നു.

മഞ്ജുവിന്റെ വാക്കുകള്‍

Signature-ad

‘ലോഹി സാര്‍ പറഞ്ഞുതരുന്നതിനെ മനസ്സിലിട്ട് ആലോചിച്ചു പെരുക്കിയെടുക്കുന്നതായിരുന്നു ‘സല്ലാപ’ത്തില്‍ എന്റെ രീതി. ആദ്യ ദിവസങ്ങളില്‍ തന്നെ ഇങ്ങനെ രാധയായി മെല്ലെ മാറിത്തുടങ്ങിയിരുന്നു. അഭിനയിച്ചുതുടങ്ങി ഇത്രവര്‍ഷമായിട്ടും എനിക്ക് നേരത്തെ പറഞ്ഞ പരിമിതികളുണ്ട്. അപ്പോള്‍ പിന്നെ ഒന്നുമറിയാത്ത ഒരു പ്രായത്തില്‍ എന്താകും ചിന്തകളും അഭിനയരീതിയുമെന്ന് പറയേണ്ടതില്ലല്ലോ. ഷൂട്ട് തുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ക്ലൈമാക്‌സ് എടുക്കുന്ന ദിവസമായി. നേരത്തെ പറഞ്ഞ ചെറുതുരുത്തി പാലത്തിനുമുകളിലെ സന്ധ്യ.

പതിവുപോലെ ലോ?ഹി സാര്‍ രാധയുടെ അപ്പോഴത്തെ മാനസികാവസ്ഥ എന്തെന്ന് വിശദീകരിച്ചു. അവള്‍ എങ്ങനെയൊക്കെയായിരിക്കും പെരുമാറുക,അവളുടെ ചലനങ്ങളെന്താകും എന്നെല്ലാം പറഞ്ഞുതന്നു. ആ നിമിഷം ഒരു തന്മയീഭവിക്കല്‍ സംഭവിച്ചുവെന്ന് പറയാം. ‘മണിച്ചിത്രത്താഴി’ല്‍ ?ഗം?ഗ നാ?ഗവല്ലിയാകുന്നതുപോലുള്ള കൂടുമാറ്റം. ഒരുതരത്തില്‍ പറഞ്ഞാല്‍ അപരവ്യക്തിത്വത്തിലേക്ക് അഥവാ ദ്വന്ദവ്യക്തിത്വത്തിലേക്കുള്ള പറക്കല്‍.

ആത്മഹത്യയ്ക്ക് അരികെയാണ് രാധ. അവള്‍ക്ക് മുന്നില്‍ അതല്ലാതെ വേറെ വഴിയില്ല. അപമാനത്തില്‍ നിന്ന് കുതറി അവള്‍ ഒരു പാടവരമ്പിലൂടെ ഓടുന്നു. ഓടിയോടി തീവണ്ടിപ്പാളത്തിലേക്ക് കയറുന്നു. പിന്നെ ചുണ്ടിലൊരു ബീഡിയും കത്തിച്ച് വില്ലനെപ്പോലെ ചുവന്നവെളിച്ചവുമായി വരുന്ന തീവണ്ടിക്ക് നേര്‍ക്ക്. ‘ഥ’ ഷേപ്പിലാണ് അവിടെ തീവണ്ടിപ്പാളം. ഒന്നില്‍നിന്ന് പിരിഞ്ഞുണ്ടായ മറ്റൊന്ന്. അതിലൊന്നിലേക്ക് കരച്ചിലോടെ വീഴുന്ന രാധ തീവണ്ടി മറ്റേപ്പാളത്തിലൂടെ പോകുന്നതുകണ്ട് അതിനുനേര്‍ക്ക് കുതിക്കുകയാണ്. അതാണ് എനിക്ക് അഭിനയിക്കേണ്ടിയിരുന്ന രം?ഗം.

പാളത്തില്‍ വീണ ഞാന്‍-അല്ല രാധ- അടുത്തുകൂടി പാഞ്ഞുപോകുന്ന തീവണ്ടിയുടെ നേര്‍ക്ക് അലറിച്ചെന്നു. മനോജേട്ടനാണ്(മനോജ് കെ.ജയന്‍) ആ സീനില്‍ കൂടെയുള്ളത്. ഓടിവന്ന മനോജേട്ടന്‍ ‘രാധേ..’ എന്ന വിളിയോടെ പിടിച്ചുമാറ്റാന്‍ നോക്കുമ്പോള്‍ ഞാന്‍ പിടിയില്‍ നില്കുന്നില്ല. തീവണ്ടിയുടെ നേരെ സര്‍വശക്തിയുമെടുത്ത് കുതറിച്ചെല്ലുകയാണ്. ഇതിനിടയില്‍ ‘രാധേ’ എന്ന വിളി മാറ്റി മനോജേട്ടന്‍ ‘മഞ്ജൂ’….എന്നാക്കിക്കഴിഞ്ഞിരുന്നു. ആ സിനിമയില്‍ പറയേണ്ട ഡയലോ?ഗുകളൊക്കെ മറന്ന് മനോജേട്ടന്‍ ദിവാകരനില്‍ നിന്ന് മനോജ് കെ.ജയനായി മാറി. പക്ഷേ ഞാന്‍ രാധ തന്നെയായിരുന്നു. അവള്‍ക്ക് മുന്നില്‍ ആത്മഹത്യയല്ലാതെ മറ്റൊന്നില്ല. അതെ, ആ നിമിഷം രാധയ്ക്ക്-അല്ല,എനിക്ക്-ആത്മഹത്യ ചെയ്യണമായിരുന്നു.

മനോജേട്ടന്‍ ആഞ്ഞുവലിച്ചിട്ടും ഞാന്‍ തീവണ്ടിക്ക് നേരെ തന്നെ കുതിച്ചു. ഇതിനിടയില്‍ എന്റെ നീണ്ടമുടി തീവണ്ടിയുടെ വാതിലിനരികിലെ കൈപിടിക്കുന്ന കമ്പിയിലുടക്കി. അതിനൊപ്പം ഞാനും തീചിതറിച്ച് പായുന്ന ചക്രങ്ങള്‍ക്കിടയിലേക്ക് വീഴേണ്ടതായിരുന്നു. പക്ഷേ മനോജേട്ടന്‍ എന്നെ അഭിനയത്തില്‍ നിന്ന് ജീവിതത്തിലേക്ക് വലിച്ചിട്ടു. എന്റെ കുറേ മുടിയിഴകളുമായി ആ തീവണ്ടി ഇതൊന്നുമറിയാതെ ഏതോ ദൂരദിക്കിലേക്ക് പാഞ്ഞു.

പിന്നെ ഒരു നിശബ്ദത. മനോജേട്ടന്റെ ആഞ്ഞുള്ള കരണത്തടിയുടെ ശബ്ദം പോലും ഞാന്‍ കേട്ടില്ല. അതെന്റെ കവിളിലായിരുന്നോ എന്നുപോലും എനിക്കോര്‍മയില്ല. ഞാന്‍ തളര്‍ന്ന് നിലത്തേക്കിരുന്നു. അപ്പോഴേക്കും ലോഹിസാര്‍ അടക്കമുള്ളവര്‍ ഓടിവന്നു. ലോഹിസാര്‍ എന്റെ കവിളി തട്ടിക്കൊണ്ട് ‘കഴിഞ്ഞു…കഴിഞ്ഞു..’ എന്നു പലവട്ടം പറഞ്ഞു. മുഖത്ത് വെള്ളം തളിച്ചു. പിന്നെയും കുറേനിമിഷം കഴിഞ്ഞപ്പോഴാണ് എനിക്ക് സ്ഥലകാലബോധം വന്നത്. സംവിധായകന്‍ സുന്ദര്‍ദാസ് സാറും യൂണിറ്റിലുമുള്ളവരുമൊക്കെ വന്ന് ‘എന്താണീ കാണിച്ചത്’ എന്നൊക്കെ ചോദിച്ചു. അവര്‍ കട്ട് വിളിക്കാന്‍ പോലുമാകാതെ നില്കുകയായിരുന്നു അത്രയും നേരം. മുന്നില്‍ സിനിമയല്ല, പകരം ജീവിതം.

ഇരുപത്തിയൊമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ‘ഓണ്‍ ദ് ടെക്‌നിക്ക് ഓഫ് ആക്ടിങ്’ അരികെ വച്ച് ആലോചിക്കുമ്പോള്‍ എന്തൊരു അമച്വറായിട്ടായിരുന്നു ഞാന്‍ ആ സീനില്‍ അഭിനയിച്ചത്/പെരുമാറിയത് എന്ന് തോന്നിപ്പോകുന്നു. അഭിനേതാവ് എന്ന നിലയിലുള്ള ആത്മാര്‍ഥതയാണ് ഒന്നുമറിയാത്ത പ്രായത്തില്‍ ഞാന്‍ കാണിച്ചത്. തീവണ്ടി പാഞ്ഞുപോകുമ്പോള്‍ അതിന് ചുറ്റുമുള്ള വായുവില്‍ മര്‍ദവ്യതിയാനമുണ്ടാകും. അരികെ നില്കുകയാണെങ്കില്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടും. അത് ഫിസിക്‌സാണ്. അഭിനേതാവായ ഞാന്‍ അത് മനസ്സിലാക്കേണ്ടതായിരുന്നു. ഫിസിക്‌സ് പഠിച്ചിട്ടുള്ള ഞാന്‍, ഞാനായി നിന്നുകൊണ്ടുവേണ്ടിയിരുന്നു രാധയാകാന്‍. എന്റെ മനസ് കൈവിട്ടുപോകരുതായിരുന്നു. മഞ്ജു എഴുതി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: