‘എന്റെ കഥാപാത്രം മനോഹരമായത് മഞ്ജു വാര്യര്‍ എന്ന അഭിനേത്രി എതിരേ നിന്നതുകൊണ്ടുമാത്രം’; ഭാര്യയുടെ മരണത്തിനുശേഷം ഞാന്‍ അനുഭവിക്കുന്ന ഏകാന്തതകൂടിയാണ് ആ കഥാപാത്രം: മമ്മൂട്ടി സംശയിച്ചിട്ടും രഞ്ജിത്ത് ആണ് എന്നിലേക്ക് എത്തിച്ചത്: ‘ആരോ’ എന്ന ഹ്രസ്വചിത്രത്തെക്കുറിച്ച് ശ്യാമപ്രസാദ്

കൊച്ചി: ഭാര്യയുടെ മരണത്തിനുശേഷം തന്റെ ജീവിതത്തിലുണ്ടായ തീവ്രമായ ഏകാന്തതയാണു ‘ആരോ’ എന്ന സിനിമയെ ഹൃദയത്തില്‍ ഉള്‍ക്കൊള്ളാന്‍ സഹായിച്ചതെന്നു സംവിധായകന്‍ ശ്യാമപ്രസാദ്. മമ്മൂട്ടി കമ്പനി നിര്‍മിച്ചു രഞ്ജിത്ത് സംവിധാനം ചെയ്തു ശ്യാമപ്രസാദും മഞ്ജു വാര്യരും മുഖ്യ വേഷത്തില്‍ അഭിനയിച്ച ‘ആരോ’ എന്ന ഹ്രസ്വചിത്രം വ്യാപകമായി സ്വീകരിക്കപ്പെട്ടതിനുശേഷം നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അടുത്ത കാലത്തായി ഏറ്റവും തീവ്രമായിട്ടുള്ള ഏകാന്തത അനുഭവിച്ചിട്ടുള്ള ആളാണ് ഞാന്‍. രണ്ടുവര്‍ഷം മുന്‍പാണ് എന്റെ പത്‌നി വിട പറഞ്ഞത്. ‘ബീയിംഗ് എലോണ്‍’ എന്നൊരു അവസ്ഥയെ എനിക്ക് ഏറ്റവും നന്നായി മനസിലാക്കാനാകും . ആ അനുഭവങ്ങളെക്കൂടിയാണ് ആരോയിലെ അഭിനയവേളയില്‍ ഞാന്‍ ഊര്‍ജ്ജമാക്കിയത്. ഒരു പക്ഷെ അങ്ങിനെ സ്വന്ത അനുഭവങ്ങളില്‍ നിന്നല്ലെങ്കില്‍ പോലും ഒരു കലാകാരന് പരകീയമായ അനുഭാവങ്ങളെ സഹഭാവത്തോടെ ഉള്‍ക്കൊള്ളാന്‍ സാധിക്കും, സാധിക്കണം എന്നാണ് എന്റെ വിശ്വാസം. അതാണ് അഭിനേതാവിന്റെ കല’യെന്നു ശ്യാമപ്രസാദ് മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘മഞ്ജുവാര്യര്‍ തനിക്കെതിരേ നിന്നതുകൊണ്ടാണു തന്റെ കഥാപാത്രവും മനോഹരമായത്. ‘മഞ്ജു വാര്യര്‍ വിവിധ തരം റോളുകള്‍ ചെയ്ത് പരിചയമുള്ള, ടെക്‌നിക്കലി വളരെ സെശഹഹലറ ആയിട്ടുള്ള ഒരു കലാകാരിയാണ്. ഞാന്‍ ഒരിക്കലും ടെക്‌നിക്കലി പ്രൊഫിഷന്റ് ആയിട്ടുള്ള അഭിനേതാവല്ല. എനിക്ക് അത് പോലെ സൗഹൃദപരമായ സാഹചര്യമുളളത് കൊണ്ട്, വളരെ കംഫര്‍ട്ടബിളായി അഭിനയിച്ച് പോയി എന്നെയുള്ളൂ. ആക്ഷന്‍ പറഞ്ഞാല്‍ സ്വിച്ചിട്ട പോലെ വ്യത്യസ്ത ഭാവങ്ങളെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന പ്രതിഭയാണ് മഞ്ജു. യഥാര്‍ഥ അഭിനേത്രി. അതുകൊണ്ട് ഞാനുമായിട്ട് ഒരു താരതമ്യം പോലും സാധ്യമല്ല . എന്റെ കഥാപാത്രം അത്രയും മനോഹരമായത് മഞ്ജു എനിക്കെതിരെ നിന്നത് കൊണ്ട് കൂടിയാണ്’
‘എന്റെയുള്ളിലെ സംവിധായകനെ മാറ്റി നിര്‍ത്തി കഥാപാത്രത്തെ സമീപിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. കാരണം മറ്റൊരു സംവിധായകന്‍ കണ്‍സീവ് ചെയ്ത കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കേണ്ടത്. അവിടെ എന്നിലെ നടനാണ് ചിന്തിക്കേണ്ടതും അഭിനയിക്കേണ്ടതും. അപ്പോള്‍ സംവിധായകന്‍ കണ്‍സീവ് ചെയ്ത കഥാപാത്രത്തെ എത്രത്തോളം അര്‍ത്ഥവത്തും വിശ്വസനീയവുമായി അവതരിപ്പിക്കാം എന്നതിനാണ് ശ്രമിച്ചിട്ടുള്ളത്.

പിന്നെ ഈ കഥയുടെ ഒരു നിര്‍ണായകമായ സന്ദര്‍ഭമുണ്ടല്ലോ- അവിശ്വസനീയതയുടെ, മായികമായ ഒരു സന്ദര്‍ഭം, അത് തിരിച്ചറിയാന്‍, മനസ്സിലാക്കാന്‍ പോലുമാകാതെ നില്‍ക്കുന്ന ഒരാളെയാണ് അവതരിപ്പിക്കേണ്ടത്. പക്ഷേ ആ സന്ദര്‍ഭമാവുമ്പോഴേക്കും അയാളില്‍ മറ്റ് ഏതെല്ലാമോ തീവ്ര വികാരങ്ങളും ഓര്‍മകളുമൊക്കെ ഉയര്‍ന്നു വരുന്നുണ്ട്. അയാള്‍ ഒരു പ്രത്യേക വികാരവായ്‌പ്പോടെയാണ് പിന്നീട് അവള്‍ പറയുന്ന കാര്യങ്ങളെ കേള്‍ക്കുന്നത് . അപ്പോള്‍ അയാളില്‍ നിശബ്ദമായ ഒരു പരിണാമം സംഭവിക്കുന്നുണ്ട്. അത് വിശ്വസീനയമായ രീതിയില്‍ ആയി പ്രതിഫലിപ്പിക്കുക എന്നുള്ളത് വളരെ പ്രധാനമായിരുന്നു
ഈയൊരു ഭാവ പരിണാമം എന്നെ തന്നെ ബോധ്യപ്പെടുത്താനും, അനുഭാവവും പ്രേമവും കലര്‍ന്ന ഒരു മനസ്സോടെ അവതരിപ്പിക്കാനും സാത്വികമായ ഒരു അഭിനയതലം ആവശ്യമായിരുന്നു. അതായത് ഉള്ളില്‍ നിന്നും സത്യസന്ധമായി വരുന്നത്, അത് കണ്ണുകളില്‍ പ്രതിഫലിക്കണം , അതൊക്കെ കുറച്ച് ശ്രമകരം ആയിരുന്നു. ചിത്രീകരണ സമയത്ത് അവിടെ രഞ്ജിത്ത് മ്യൂസിക്ക് ഒക്കെ വളരെ വിദഗ്ധമായി ഉപയോഗിച്ചു . ഈ പരിണാമം റിയലിസ്റ്റിക്കായ ഒരു സാഹചര്യമല്ലല്ലോ. അത് പറഞ്ഞ് ഫലിപ്പിക്കുക എളുപ്പമായിരുന്നില്ല, എന്നാലും അതൊക്കെ കൃത്യമായി ചെയ്യാന്‍ സാധിച്ചു’ എന്നാണ് മനസിലാക്കുന്നതെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
‘ഈ കഥാപാത്രം എന്നെ ഏല്‍പ്പിക്കുക എന്നത് പൂര്‍ണമായും സംവിധായകന്‍ രഞ്ജിത്തിന്റെ തീരുമാനവും വിശ്വാസവുമായിരുന്നു. ശ്യാമപ്രസാദിന് ഇത് പറ്റും എന്ന് നിര്‍മാതാവായ മമ്മൂട്ടിയുടെ സംശയത്തിന് പ്രതികരണമായി ഉറപ്പിച്ച് പറഞ്ഞത് രഞ്ജിത്താണ്. അതൊരു സംവിധായകന്റെ കാഴ്ചപ്പാടും വിശ്വാസവുമാണ്. ഒരു സംവിധായകനെന്ന നിലയില്‍ ഞാനും കുറേ അഭിനേതാക്കളെ കാണുകയും കഥാപാത്രങ്ങളാക്കുകയുമൊക്കെ ചെയ്തിട്ടുള്ളതല്ലേ? അപ്പോ സംവിധായകന്റെ ആ വിഷനിലും പ്രൊസസിലും വിശ്വസിക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്. പിന്നെ ഈ കഥയോട് ഒരു കൗതുകവും തോന്നി’.
‘ചിത്രത്തിന്റെ അവസാന ഭാഗത്ത് ആ സ്ത്രീയെ നോക്കി നില്‍ക്കുമ്പോള്‍ എന്റെ കണ്ണ് ഞാന്‍ അറിയാതെയാണ് നിറഞ്ഞത്, ഗ്ലിസറിന്‍ പോലും ഇല്ലാതെയാണ് അത് സംഭവിച്ചത്, അത് കൃത്യമായി മുന്‍പേ തീരുമാനിച്ചത് ആയിരുന്നില്ല, അതുകൊണ്ട് തന്നെ ആ ക്രൂവിലുള്ള എല്ലാവരും അഭ്ദുതപ്പെട്ട് പോയി. സത്യത്തില്‍ കണ്ണ് നിറയല്‍ ആയിരുന്നില്ല അത്, മനസ് നിറയല്‍ ആയിരുന്നു. അതിലേക്ക് എത്താന്‍ സാധിച്ച ആ മൊമന്റ് എന്നെ സംബന്ധിച്ചിടത്തോളം വളരെ സ്‌പെഷ്യലാണെ’ന്നും ശ്യാമപ്രസാദ് പറഞ്ഞു.






