ഗംഗ ബീഹാര്‍ വഴി ഇനി ഒഴുകാന്‍ പോകുന്നത് ബംഗാളിലേക്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ; ആ വെള്ളം വാങ്ങിവെച്ചോളാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മറുപടി ; ദുര്‍ഗയുടെ മണ്ണിലേക്ക് ബിജെപിയ്ക്ക് സ്വാഗതമില്ലെന്നും മറുപടി

ന്യൂഡല്‍ഹി: ഗംഗ ഇനി ഒഴുകാന്‍ പോകുന്നത് ബീഹാര്‍ വഴി ബംഗാളിലേക്കാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചുട്ട മറുപടി. 2026 ല്‍ ജനാധിപത്യപരമായി തന്നെ മറുപടി പറയുമെന്നും ബിജെപി അപമാനിതരായി ഇഴയുമെന്നുമാണ് പ്രതികരണം. ബീഹാറിലേത് ബീഹാറിലെ മാത്രം കാര്യമല്ലെന്നും ബീഹാറല്ല ബംഗാളെന്നും വരട്ടെ കാണിച്ചുതരാമെന്നും തൃണമൂലിന്റെ മറുപടിയില്‍ പറഞ്ഞു.
ബിജെപിയുടെ വെല്ലുവിളിക്ക് തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴിയാണ് മറുപടി നല്‍കിയത്. ‘2026 ലും ബംഗാളിലെ ജനങ്ങള്‍ നിങ്ങളുടെ ധാര്‍ഷ്ട്യത്തെ ജനാധിപത്യപരമായി തകര്‍ക്കും. നിങ്ങള്‍ അപമാനിതരായി ഇഴഞ്ഞു നീങ്ങും. നിങ്ങള്‍ക്ക് ഇവിടെ സ്വാഗതം ഇല്ല, നിങ്ങള്‍ക്ക് ഒരിക്കലും സ്വാഗതം ലഭിക്കുകയുമില്ല.” ‘ഞങ്ങളുമായി കളിക്കുന്നത് എളുപ്പമല്ല’ എന്ന് മമത ബാനര്‍ജി പറയുന്ന ഒരു പഴയ വീഡിയോയും പോസ്റ്റിനൊപ്പം ഉണ്ട്. ‘നമ്മുടെ പുണ്യഭൂമിയെ ബംഗ്ലാദേശികളുടെയും റോഹിംഗ്യകളുടെയും സംസ്ഥാനം’ എന്ന് മുദ്രകുത്തി വോട്ടിനായി നിങ്ങള്‍ ബംഗാളിലേക്ക് ഒളിച്ചോടുന്നു. ഇത്രയും നിന്ദ്യമായ അപവാദത്തില്‍ മുഴുകുന്ന ഒരു പാര്‍ട്ടിയോട്, ഞങ്ങള്‍ ഒരു തീക്ഷ്ണമായ ചോദ്യം ഉന്നയിക്കുന്നു: നിങ്ങള്‍ക്ക് ഒട്ടും നാണമില്ലേ?’ തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.
ഗംഗ ഇനി ഒഴുകാന്‍ പോകുന്നത് ബംഗാളിലേക്കാണെന്നും ബീഹാറിലെ വിജയം ബംഗാളിലെ തങ്ങളുടെ വിജയത്തിലേക്കുള്ള വഴിയായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറില്‍ എന്‍ഡിഎ 202 സീറ്റുമായി പടുകൂറ്റന്‍ വിജയം നേടിയതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. സമാനമായ രീതിയിലുള്ള വിജയം ബംഗാളിലും കാഴ്ചവെയ്ക്കാ നുള്ള ഗ്രൗണ്ട വര്‍ക്കാണ് ബീഹാറിലെ വിജയത്തിലൂടെ കണ്ടതെന്നും പറഞ്ഞു. വന്‍ വിജയത്തിന് ശേഷം ബിജെപി ഓഫീസിലായിരുന്നു പ്രതികരണം.
ബീഹാര്‍വഴി ഗംഗ ബംഗാളിലേക്ക് ഒഴുകുകയാണ്. ഇത് ഒരു നദിപോലെ ബംഗാളിലും വിജയം നേടാന്‍ വേണ്ടി ഒഴുകുകയാണെന്ന് ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 243 ലെ 202 സീറ്റുകളും എന്‍ഡിഎ പിടിച്ചെടുത്തിരുന്നു. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരുകയും ചെയ്തു. നിങ്ങളുടെ പ്രതീക്ഷകളാണ് എന്റെ പ്രതിജ്ഞയെന്നും നിങ്ങളുടെ സ്വപ്‌നങ്ങളാണ് എന്റെ പ്രചോദനമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബീഹാറിലെ വിജയം പാര്‍ട്ടി പ്രവര്‍ത്തകരുടേതാണെന്നും വ്യക്തമാക്കി.
ബീഹാറിലെ പ്രതിപക്ഷ സഖ്യത്തെ ജംഗിള്‍രാജ് എന്ന് വിളിച്ച പ്രധാനമന്ത്രി ബംഗാളിലെ കാട്ടുനീതിയെ വേരോടെ പിഴുതെറിയണമെന്നും പറഞ്ഞു. ഈ വിജയം ബംഗാളില്‍ മാത്രമല്ല ദക്ഷഇണേന്ത്യയിലെ പ്രവര്‍ത്തകരെയും പ്രചോദിപ്പിക്കുമെന്നും പറഞ്ഞു.






