Breaking NewsKeralaLead NewsNEWSNewsthen Specialpolitics

സ്ത്രീകളോടുള്ള തുടര്‍ച്ചയായ കോണ്‍ഗ്രസ് അവഗണനയില്‍ പ്രതിഷേധിച്ച് തല മൊട്ടയടിച്ച് പ്രതിഷേധം; പിന്നാലെ ഭര്‍ത്താവും കോണ്‍ഗ്രസ് വിട്ടു; തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിത്വം; ലതികയുടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിത്വത്തില്‍ യുഡിഎഫ് ആശയക്കുഴപ്പത്തില്‍; അതൃപ്തി പരസ്യമാക്കിയവര്‍ ഇനിയും പുറത്തുവരുമെന്ന് സൂചന

കോട്ടയം: എന്‍സിപി സംസ്ഥാന ഉപാധ്യക്ഷ ലതികാ സുഭാഷ് കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കും. 48ാം വാര്‍ഡായ തിരുനക്കരയിലാണ് ലതിക മല്‍സരിക്കുന്നത്.

യുഡിഎഫിന്റെ കുത്തക വാര്‍ഡാണ് തിരുനക്കര. നിലവില്‍ കോട്ടയം നഗരസഭ ഉപാധ്യക്ഷന്‍ ബി ഗോപകുമാറിന്റെ ഡിവിഷനാണ്. വനിതാ സംവരണം ആയതോടെയാണ് ലതികാ സുഭാഷിനെ രംഗത്തിറക്കി ഇടതുമുന്നണി അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുന്നത്.

Signature-ad

സംസ്ഥാന വനം വികസന കോര്‍പറേഷന്‍ അധ്യക്ഷയാണ് ലതിക. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതിക 2021 ല്‍ ഏറ്റുമാനൂര്‍ നിയമസഭ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചത്.

അന്ന് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചിരുന്നു. ഇന്ദിരാ ഭവന് മുന്നില്‍ തല മൊട്ടയടിച്ച് പ്രതിഷേധിച്ച ശേഷമാണ് പാര്‍ട്ടി വിട്ടത്. മുന്‍പ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ ആയിട്ടുണ്ടെങ്കിലും നഗരസഭ ഡിവിഷനില്‍ ആദ്യമായിട്ടാണ് സ്ഥാനാര്‍ഥിയാകുന്നത്.

അപ്രതീക്ഷിതമായി എത്തിയ സ്ഥാനാര്‍ത്ഥിത്വം എന്നാണ് ലതികാ സുഭാഷിന്റെ പ്രതികരണം. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം ആണ് മത്സരിക്കുന്നത്. എന്‍സിപി ഏല്‍പിച്ച ഉത്തരവാദിത്വമാണ്. നിയമസഭാ സീറ്റ് വനിതകള്‍ക്ക് നിഷേധിച്ചപ്പോള്‍ ആണ് 2021ല്‍ പ്രതിഷേധിച്ചത്.

എല്ലാ കാലത്തും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ക്ക് സീറ്റ് കൊടുത്തിട്ട് ഞാന്‍ അധ്യക്ഷ ആയപ്പോള്‍ സീറ്റ് കിട്ടിയില്ല. എല്‍ഡിഎഫ് അടുക്കും ചിട്ടയും ഉള്ള മുന്നണി സംവിധാനമാണെന്നും പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്നവരാണ് ഇവിടെ ഉള്ളതെന്നും ലതിക പറഞ്ഞു. കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും ലതികാ സുഭാഷ് പറഞ്ഞു.

മഹിള കോണ്‍ഗ്രസ് നേതാവായിരുന്ന ലതികാ സുഭാഷ് പാര്‍ട്ടി വിട്ടതിന് പിന്നാലെ അവരുടെ ഭര്‍ത്താവും കോണ്‍ഗ്രസ് വിട്ടിരുന്നു. കെആര്‍ സുഭാഷാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്. നേരത്തെ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് തല മൊട്ടയടിച്ച് പ്രതിഷേധിച്ചിരുന്നു ലതികാ സുഭാഷ്. വൈകാതെ തന്നെ അവര്‍ കോണ്‍ഗ്രസ് വിടുകയും ചെയ്തു. ഇപ്പോള്‍ അവര്‍ എന്‍സിപ്പിക്കൊപ്പമാണ്.

കെപിസിസിയുടെ നിര്‍വാഹക സമിതി അംഗം, ഡിസിസി സെക്രട്ടറി-വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു. ഇടക്കാലത്തേക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്-ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. 2016ല്‍ വൈപ്പിനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു സുഭാഷ്. വരുമാനമില്ലെന്നു പറഞ്ഞ് ഇടക്കാലത്തു ലതികാസ് കിച്ചണുമായും അവര്‍ രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസിന്റെ നയങ്ങളില്‍ അതൃപ്തിയുള്ള സ്ത്രീകള്‍ ഇനിയും മുന്നണി മാറ്റവുമായി രംഗത്തുവന്നേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

Back to top button
error: