Breaking NewsCrimeIndiaKeralaLead NewsNEWSNewsthen Specialpolitics

ഡല്‍ഹി സ്‌ഫോടനം ; മരിച്ചവരുടെ എണ്ണം 12 ആയി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന മൂന്നുപേരാണ് ഇന്ന് മരിച്ചത്. സ്‌ഫോടനത്തില്‍ മുപ്പതോളം പേര്‍ക്ക് പരുക്കേറ്റിരുന്നു.
അതിനിടെ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍മാരിലേക്ക് നയിക്കുന്ന നിര്‍ണായക തെളിവുകളും അന്വേഷണ സംഘം കണ്ടെത്തി. പുല്‍വാമയിലെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ ലാപ്‌ടോപ്പും മൊബൈലും കണ്ടെത്തി.
ജയ്‌ഷെ മുഹമ്മദിന്റെ അനുബന്ധ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് ഡോക്ടര്‍ ഉമര്‍ മുഹമ്മദെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ടെലഗ്രാം വഴിയാണ് സംഘം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. സംഘാംഗങ്ങളെ വന്‍ സ്‌ഫോടക ശേഖരവുമായി ഫരീദാബാദില്‍ നിന്നും പിടികൂടിയതിന് പിന്നാലെയാണ് ഉമര്‍ ചാവേറായത്. ഇയാള്‍ ചാവേറാകാന്‍ തീരുമാനിച്ചിരുന്നോ അതോ അബദ്ധത്തില്‍ ചാവേറായതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
1989 ഫെബ്രുവരി 24ന് പുല്‍വാമയില്‍ ജനിച്ച ഉമര്‍ ഫരീദാബാദിലെ അല്‍ ഫലാ മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി. ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് എംഡിയും എടുത്തു. അനന്ത്‌നാഗിലെ മെഡിക്കല്‍ കോളജില്‍ സീനിയര്‍ റസിഡന്റായി ജോലി ചെയ്യുന്നതിനിടെയാണ് ഫരീദാബാദിലേക്ക് സ്ഥലംമാറ്റം കിട്ടിയത്. ആദില്‍ അഹമ്മദ് റാഥേറിന്റെയും മുസമ്മില്‍ ഷക്കീലീന്റെയും ഉറ്റസുഹൃത്തായിരുന്നു ഉമറെന്നും പോലീസ് പറയുന്നു. ഇവരെ ജമ്മു പോലീസ് പിടികൂടിയതില്‍ പരിഭ്രാന്തനായ ഉമര്‍ സ്‌ഫോടക വസ്തു നിറച്ച കാറുമായി ഡല്‍ഹിയിലേക്ക് എത്തുകയും സ്‌ഫോടനം നടത്തുകയുമായിരുന്നുവെന്നുമാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.

ഭീരുക്കളാണ് ഡല്‍ഹിയില്‍ സ്‌ഫോടനം നടത്തിയതെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് പറഞ്ഞു. ആക്രമണത്തെ അപലപിച്ച അദ്ദേഹം ഉറ്റവരെ നഷ്ടമായവരുടെ വേദനയില്‍ സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാരും അഭിഭാഷകരും പങ്കുചേരുന്നുവെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: