കാലത്തിനു മുന്നേ കുതിച്ച സിനിമ; ബാബാ കല്യാണിയില്‍ പറഞ്ഞത് സത്യമായി; ഡല്‍ഹി സ്‌ഫോടനക്കേസുമായി ഏറെ സാമ്യം ബാബാ കല്യാണിക്ക്; സിനിമയിലെ പ്രൊഫസര്‍ യഥാര്‍ഥ സ്‌ഫോടനത്തില്‍ ഡോക്ടറായി ; സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ യാഥാര്‍ത്ഥ്യമായി

തൃശൂര്‍: മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ബാബാ കല്യാണി എന്ന ത്രില്ലര്‍ സിനിമയുടെ കഥയുമായി ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് സാമ്യതയേറെ. ബാബാ കല്യാണിയില്‍ തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി ദീര്‍ഘവീക്ഷണത്തോടെ എഴുതിവെച്ചതാണ് ഇപ്പോള്‍ ഡല്‍ഹി ചെങ്കോട്ടയില്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.
സിനിമയുടെ തുടക്കത്തില്‍ സാധാരണ എഴുതിക്കാണിക്കാറുണ്ട്, ഈ സിനിമയ്ക്കും ഇതിലെ സംഭവങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി യാതൊരു ബന്ധവുമില്ല, ഏതെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കില്‍ അത് യാദൃശ്ചികം മാത്രം എന്ന്. പക്ഷേ ബാബാ കല്യാണിയിലെ പല കാര്യങ്ങളും കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ അതേ പോലെ സംഭവിച്ചു.
സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറുകളാണ് ബാബാ കല്യാണിയില്‍ വില്ലന്‍മാരായ തീവ്രവാദികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ ദുരന്തം വിതച്ചത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറായിരുന്നു.
ബാബാ കല്യാണിയിലെ തീവ്രവാദി ഒരു കോളജ് പ്രൊഫസറായിരുന്നെങ്കില്‍ ഡല്‍ഹി ചെങ്കോട്ട ആക്രമണത്തിന്റെ സൂത്രധാരന്‍ ഒരു ഡോക്ടറാണ് എന്നതേയുള്ളു വ്യത്യാസം. സിനിമയിലെ വില്ലനും ജീവിതത്തിലെ യഥാര്‍ഥ വില്ലനും അറിവും വിദ്യാഭ്യാസവുമുള്ളവര്‍.
തിരക്കേറിയ ഒരു തീര്‍ഥാടന കേന്ദ്രത്തില്‍ കൊണ്ടുചെന്ന് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സ്‌ഫോടനം നടത്താനാണ് സിനിമയിലെ ഭീകരവാദി പദ്ധതി ആസൂത്രണം ചെയ്യുന്നത്.
ഡല്‍ഹിയിലെ തിരക്കേറിയ തെരുവുകളിലോ മറ്റിടങ്ങളിലോ സ്‌ഫോടകവസ്തു നിറച്ച കാര്‍ പൊട്ടിക്കാനായിരുന്നു യഥാര്‍ഥത്തില്‍ ഭീകരുടെ പദ്ധതി.

സിനിമയില്‍ ഭീകരരുടെ പദ്ധതി ബാബാ കല്യാണിയും കൂട്ടരും ചേര്‍ന്ന് തകര്‍ത്ത് അവരുടെ മിഷനെ പരാജയപ്പെടുത്തുമ്പോള്‍ ഇവിടെ ഡല്‍ഹിയില്‍ ഭീകരര്‍ വിചാരിച്ച പോലെ ഓപ്പറേഷന്‍ വിജയിപ്പിച്ചെടുക്കാനായി എന്നതാണ് വ്യത്യാസം.
ബാബു എന്നായിരുന്നു ബാബാ കല്യാണിയില്‍ ഭീകരവാദിയായ പ്രൊഫസറെ അവതരിപ്പിച്ച ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ പേര്.
നടന്ന സംഭവങ്ങള്‍ സിനിമയാക്കുന്നത് പതിവാണെങ്കിലും നടക്കാനിരിക്കുന്ന സംഭവങ്ങള്‍ മുന്‍കൂട്ടി സിനിമയില്‍ കൊണ്ടുവരുന്നത് അപൂര്‍വമാണ്. ബാബാ കല്യാണി ഇപ്പോള്‍ അങ്ങിനെ ഒരു സിനിമയായി മാറിയിരിക്കുന്നു. കാലത്തെ അതിജീവിച്ച സിനിമ. കാലത്തിനപ്പുറം നടക്കാനിരിക്കുന്ന സംഭവങ്ങളെ നേരത്തെ അടയാളപ്പെടുത്തിയ സിനിമ.
തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമിക്കിരിക്കട്ടെ ഒരു സെല്യൂട്ട്. 2025 ല്‍ നടന്ന ഒരു സംഭവത്തെ 2006ല്‍ തന്നെ വെള്ളിത്തിരയില്‍ പകര്‍ത്തിയിട്ടതിന്.






