
ഷെഫാലി വന്നു കളിച്ചു കീഴടക്കി ദക്ഷിണാഫ്രിക്കയെ
ഇന്ത്യന്‍ വനിത ലോകകപ്പ് വിജയശില്‍പികളില്‍ പ്രധാനി ഷെഫാലി വര്‍മ
അഭിനന്ദനപ്രവാഹമൊഴുകുന്നു
ഇവിടെ എന്തെങ്കിലും നല്ലത് ചെയ്യാനായിരിക്കും ദൈവം എന്നെ അയച്ചതെന്ന വാക്കുകള്‍ ഫലിച്ചു
്
മുംബൈ: അവള്‍ വന്നു , കളിച്ചു, കീഴടക്കി ദക്ഷിണാഫ്രിക്കയെ. അവളുടെ പേരാണ് ഷെഫാലി വര്‍മ. ഇത്തവണ വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന് മുത്തമിടാന്‍ വഴിയൊരുക്കിയ പെണ്‍പടയില്‍ പ്രധാനിയാണ് ഷെഫാലി വര്‍മ. ഒരുപക്ഷേ ഗാലറിയിലോ ഡ്രസിംഗ് റൂമിലോ ഇരുന്ന് കളി കാണേണ്ടി വരുമായിരുന്നു ഈ പെണ്‍കുട്ടിക്ക്.
ഒരു ലോകകപ്പ് ഇലവനില്‍ പ്രകടമാക്കേണ്ട മികച്ച ഫോം ഇല്ലാത്തതുകൊണ്ട് ഇന്ത്യയുടെ വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചപ്പോള്‍ അന്തിമ ഇലവനിലോ റിസര്‍വിലോ പോലും ഷെഫാലി എന്ന പേരുണ്ടായിരുന്നില്ല.
എന്നാല്‍ കാലം കാത്തുവെച്ച മഹാവിസ്മയങ്ങള്‍ മറ്റൊന്നായിരുന്നു.
ഷെഫാലിക്കു പകരമായി ടീമില്‍ ഓപ്പണര്‍ ആയി എത്തിയ പ്രതീക മികച്ച പ്രകടനം തന്നെ കാഴ്ചവച്ചപ്പോള്‍ ടീം മാനേജ്‌മെന്റ് തീരുമാനം ശരിയാണെന്ന് പലര്‍ക്കും പറയേണ്ടിവന്നു.എന്നാല്‍ അപ്രതീക്ഷിതമായി സെമിഫൈനലിന് തൊട്ടുമുന്‍പ് പ്രതീകയ്ക്ക് പരിക്കേറ്റു.
ആ പരിക്കില്‍ നിന്ന് മോതിരം നേടാന്‍ എളുപ്പമല്ല എന്ന് വന്നതോടെ സെമി ഫൈനലില്‍ കളിക്കാന്‍ പ്രതീകയ്ക്ക് സാധിക്കില്ല എന്ന് ഉറപ്പായി.
പിന്നെ ഊഴം ലിസ്റ്റില്‍ ഇടം പിടിക്കാതെ പോയ ഷെഫാലിക്ക്.
തീര്‍ത്തും അപ്രതീക്ഷിതമായ ക്ഷണമാണ് ഷെഫാലിക്ക്. ലഭിച്ചത്.
ദൈവം ചിലപ്പോള്‍ അങ്ങനെയാണ്, ചിലര്‍ക്ക് ചില അവസരങ്ങള്‍ ഒന്നു വൈകിയേ കൊടുക്കൂ.. പക്ഷേ അത് അവര്‍ക്ക് മിന്നിത്തിളങ്ങാനുള്ള അവസരമായി മാറുകയും ചെയ്യും.
ഷെഫാലിയുടെ കാര്യത്തില്‍ അതാണ് സംഭവിച്ചത്.
ബാറ്റിംഗിന് ഇറങ്ങിയ ഷെഫാലി അറ്റാക്കിങ്ങിന് മുതിരാതെ കരുതലോടെ കളിച്ച് മുന്നേറിയപ്പോള്‍ കൃത്യമായ ഗെയിം പ്ലാന്‍ ഷെഫാലിയുടെ മനസ്സിലുണ്ടായിരുന്നു എന്ന് വ്യക്തമായിരുന്നു.
പിന്നീട് അറ്റാക്കിങ്ങിലേക്ക് ചുവട് മാറ്റിയ ഷെഫാലി തനിക്ക് കിട്ടിയ അവസരം ഏറ്റവും ഭംഗിയായി ഉപയോഗപ്പെടുത്തുന്നതാണ് കണ്ടത്.
87 റണ്‍സില്‍ നിന്ന് വെറും 13 റണ്‍ അകലെ മാത്രം സെഞ്ച്വറി കാത്തുനില്‍ക്കെ ഷെഫാലി ഔട്ട് ആകുമ്പോള്‍ അവളുടെ ഇന്നിംഗ്‌സില്‍ ഏഴു ഫോറുകളും രണ്ട് സിക്‌സുകളും കുറിക്കപ്പെട്ടിരുന്നു.
ദക്ഷിണാഫ്രിക്കയുടെ നിര്‍ണായ വിക്കറ്റുകള്‍ വീഴ്ത്തുന്നതിലും ഷെഫാലി മികവു പുലര്‍ത്തിയപ്പോള്‍ ഇവള്‍ ഫൈനലിനു വേണ്ടി കാത്തുവെച്ച ഇന്ത്യയുടെ തുറുപ്പുഗുലാന്‍ എന്ന് വിശേഷിപ്പിക്കാന്‍ തോന്നി.
ദൈവം എന്നെ ഇവിടെ അയച്ചത് എന്തെങ്കിലും നല്ലത് ചെയ്യാനാണ് എന്ന് സെമിയിലേക്ക് പകരക്കാരിയായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഷെഫാലി പറഞ്ഞിരുന്നു.
ഫൈനലിനു ശേഷം ഇന്ത്യ കപ്പ് ഉയര്‍ത്തുമ്പോള്‍ ഷെഫാലി പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു – മാറ്റിയിരുത്തപ്പെട്ട അവളെ ദൈവം ഗ്രൗണ്ടിലേക്കും പിച്ചിലേക്കും പറഞ്ഞയക്കുമ്പോള്‍ ഇന്ത്യക്കുവേണ്ടി ഏറ്റവും നല്ല കാര്യം ചെയ്യാനാണ് അവളെ നിയോഗിച്ചതെന്ന്.




