തിരുവനന്തപുരം: കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന ഖ്യാതിയിലേക്കു കടക്കുമ്പോള്‍ വിമര്‍ശനവുമായി എത്തിയ സാമ്പത്തിക വിദഗ്ധര്‍ക്കു മറുപടിയുമായി ഇടതുപക്ഷം. സോഷ്യല്‍ മീഡിയയില്‍ സാമ്പത്തിക വിദഗ്ധനായ ഗോപകുമാര്‍ മുകുന്ദന്‍ എഴുതിയ കുറിപ്പിലാണ് പദ്ധതിയെ ചോദ്യം ചെയ്യുന്നവരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നത്. അതിദരിദ്രരെ നിര്‍ണയിച്ച മാനദണ്ഡങ്ങളും ആധികാരിക പഠന റിപ്പോര്‍ട്ടും പുറത്തുവിടണമെന്നായിരുന്നു സാമ്പത്തിക ശാസ്ത്രജ്ഞരായ ഡോ. എം.എ. ഉമ്മന്‍, സിഡിഎസ് മുന്‍ ഡയറക്ടര്‍ ഡോ. കെ.പി. കണ്ണന്‍, ആര്‍വിജി മേനോന്‍ എന്നിവരുടെ ആവശ്യം. അതിദരിദ്ര മുക്ത കേരളമാണോ അതോ അഗതി മുകത കേരളമാണോ എന്നതായിരുന്നു ഇവരുടെ ചോദ്യം.
ഏറ്റവും ദരിദ്രരായ 5.29 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി അരിയും ഗോതമ്പും നല്‍കുന്നുണ്ട്. കേന്ദ്രം സൗജന്യവിലയ്ക്കാണ് ഇത് നല്‍കുന്നത്. പിന്നെ എങ്ങനെയാണ് കേരളത്തിലെ അതിദരിദ്രരുടെ എണ്ണം 64,006 ആയി കുറഞ്ഞത്? ഇവരെല്ലാം അതിദാരിദ്ര്യത്തില്‍നിന്ന് കരകയറിയാല്‍ മഞ്ഞക്കാര്‍ഡ് ഉള്ള അന്ത്യോദയ അന്നയോജനയില്‍ ഗുണഭോക്താക്കള്‍ ഇല്ലാതെ വരില്ലേ? ഇപ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന കേന്ദ്രസഹായം അവസാനിക്കില്ലേ? എന്നീ ചോദ്യങ്ങളും ഇവര്‍ ഉയര്‍ത്തി.
ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് മുന്‍ റെസിഡന്റ് എഡിറ്റര്‍ എം.കെ. ദാസ്, ഡോ. എം.പി. മത്തായി, ഡോ. സി.പി. രാജേന്ദ്രന്‍, പ്രൊഫ. കെ. അരവിന്ദാക്ഷന്‍, ഡോ. മേരി ജോര്‍ജ്, ആര്‍. രാധാകൃഷ്ണന്‍, ഡോ. സുനില്‍മാണി, ഡോ. വി. രാമന്‍കുട്ടി, ഡോ. ജോണ്‍ കുര്യന്‍, ഡോ. എം. കബീര്‍, ഡോ. ജെ. ദേവിക, ഡോ. എം. വിജയകുമാര്‍, ഡോ. എന്‍.കെ. ശശിധരന്‍പിള്ള, ജോസഫ് സി. മാത്യു, ഡോ. കെ.ജി. താര, ഡോ. കെ.ടി. റാംമോഹന്‍, ഡോ. ശ്രീധര്‍ രാധാകൃഷ്ണന്‍, എം. ഗീതാനന്ദന്‍, പ്രൊഫ. പി. വിജയകുമാര്‍, സരിത മോഹന്‍ ഭാമ എന്നിവരും തുറന്ന കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.
എന്നാല്‍, അനുകമ്പാപൂര്‍ണവും അനൗപചാരികവുമായ പിന്തുണയില്‍നിന്നുപോലും പുറത്തായ മഹേഷിനെപ്പോലുള്ളവരെ ഉയര്‍ത്തിക്കാട്ടിയാണ് മറുപടി. സാമ്പ്രദായികമായ കണക്കുവച്ചാണോ ഇത്തരം ആളുകളെ കണ്ടെത്തേണ്ടത്? ഇപ്പോള്‍ കണക്കു ചോദിക്കുന്നവര്‍ 2021ല്‍ പ്രസിദ്ധപ്പെടുത്തിയ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പ്രവര്‍ത്തനമാണെന്നു നിഷേധിക്കുമോ എന്നും പോസ്റ്റില്‍ ചോദിക്കുന്നു. നീതി ആയോഗിന്റെ മള്‍ട്ടി ഡൈമന്‍ഷണല്‍ പോവര്‍ട്ടി കണക്ക് അനുസരിച്ച് 0.55 ശതമാനമാണ് കേരളത്തിന്റെ ദാരിദ്ര്യമെന്നു കണക്കാക്കിയാല്‍ മഹേഷിനെപ്പോലുള്ളവര്‍ പെടുമോ എന്നും ചോദ്യം ഉയരുന്നു. നിങ്ങള്‍ ഏതോ ചില്ലു കൊട്ടാരത്തില്‍ കഴിയുന്ന മൂഢപണ്ഡിതരാണോ എന്നും സംശയമുണ്ടെന്നും പോസ്റ്റില്‍ കുറിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
കിടങ്ങറ പാലത്തിന്റെ കീഴെ വലിച്ചു കെട്ടിയ പ്ലാസ്റ്റിക് പായയ്ക്ക് കീഴിലാണ് ഓർമ്മ വെച്ച കാലം മുതൽ മഹേഷ് ജീവിച്ചത്. മാനസിക ആരോഗ്യ വെല്ലുവിളികൾ നേരിട്ട അമ്മ, ഭിന്നശേഷിക്കാരനായ മഹേഷ്, ഭാര്യയും. അരികുവൽക്കരണം എന്നതിന്റെ അങ്ങേയറ്റത്തെ അനുഭവമാണ്.
അവരെ Extreme Poverty Eradication Project (EPEP) അഥവാ അതി ദാരിദ്ര്യ നർമ്മാർജ്ജന പദ്ധതി കൈപിടിച്ചത് എങ്ങനെ എന്നു ദേശാഭിമാനി വാർത്തയിലുണ്ട്. ഒരു രേഖകളും ഇല്ലാതിരുന്ന ഇവർക്ക് ആദ്യം തിരിച്ചറിയൽ രേഖകളും AAY റേഷൻ കാർഡും കൊടുത്തു. ഒരു വാടക വീട് എടുത്ത് പഞ്ചായത്ത് അവരെ അങ്ങോട്ടേക്ക് മാറ്റി.കുടുംബശ്രീ കറിക്കത്തി വിൽപ്പനയ്ക്ക് സഹായം കൊടുത്തു. ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു ചികിൽസാ സഹായം ഉറപ്പാക്കി. വനിതയെ തൊഴിലുറപ്പ് പദ്ധതിയിൽ ചേർത്തു. അതോടെ ബാങ്ക് അക്കൌണ്ടും വരുമല്ലോ? ലൈഫ് പദ്ധതിയിൽ ഇപ്പോൾ വീട് ഒരുങ്ങുന്നു.
എന്താണ് അതി ദാരിദ്ര്യം എന്നു മനസ്സിലാകുന്നുണ്ടോ ? വരുമാനത്തിന്റെയോ ഉപഭോഗത്തിന്റെയോ ഇടുങ്ങിയ നിർവ്വചനങ്ങളിൽ അതി ദാരിദ്ര്യത്തെ മനസ്സിലാക്കാൻ കഴിയില്ല . പല ഘടകങ്ങൾ ചേർന്ന് മനുഷ്യരെ അതി ദരിദ്രാവസ്ഥയുടെ ഒരു ദൂഷിത വൃത്തത്തിൽ (Poverty Cycle-Poverty Trap) പെടുത്തുകയാണ് . അതിൽ എത്തുന്നത് എങ്ങനെയാണ്? പലതരം ഘടകങ്ങൾ ഒന്നിനു മീതെ ഒന്നായി കുമിഞ്ഞു ചേർന്ന് കെണി തീർക്കുകയാണ്. അതു സ്വമേധയാ പൊട്ടിക്കാൻ കെണിയിൽ പെട്ടവർക്ക് കഴിയില്ല. കാരണം അവരുടെ vulnerability പരസ്പരം രൂക്ഷമാക്കിക്കൊണ്ടിരിക്കും. അവർ ആരെയും കേൾക്കാനോ കേൾക്കപ്പെടാണോ ശേഷിയുള്ളവരായിരിക്കില്ല. ആരോടും ഒന്നും ചോദിക്കാനോ പറയാനോ പ്രാപ്തി പ്രകടിപ്പിക്കുകയുമില്ല.
ഔപചാരിക സാമൂഹ്യ പിന്തുണാ സംവിധാനങ്ങളിൽ നിന്നും വേർപെട്ട, അനൌപചാരികവും അനുകമ്പാ പൂർണ്ണവുമായ പിന്തുണയിൽ നിന്നു പോലും അരികുവൽ ക്കരിക്കപ്പെട്ട മനുഷ്യർ. ഇവിടെ നോക്കൂ,അമ്മയുടെ മാനസിക വെല്ലുവിളിയായിരിക്കണം ഈ കുടുംബത്തെ ദാരിദ്ര്യ കെണിയിൽ എത്തിച്ചത്. അവരുടെ കിടപ്പാടം തെരുവിലാകുന്നു. ആരും സഹായത്തിനില്ലാതാകുന്നു. തൊഴിലുറപ്പോ കുടുംബശ്രീയോ അപ്രാപ്യമാകുന്നു. റേഷൻ ഇല്ല, പെൻഷൻ ഇല്ല. ആരോടും പറയാതെ സാമൂഹ്യമായി ഏതാണ്ട് വിസ്മൃതമായി അങ്ങനെ Poverty Trapൽ പെട്ട് പോകുന്ന മനുഷ്യർ.
ഇത്തരം മനുഷ്യരെ കണ്ടെത്തുന്ന പ്രക്രിയ എങ്ങനെ വേണം? സാമ്പ്രദായികമായി ദാരിദ്ര്യം അളക്കുന്നത് വരുമാന കണക്കു വെച്ചോ, ഉപഭോഗ കണക്കു വെച്ചോ ആകാം. ദേശീയ കുടുംബ ആരോഗ്യ സർവേയുടെയും ദേശീയ സാമ്പിൾ സർവ്വെയുടെയും കണക്കുകൾ വെച്ചുകൊണ്ടു ചില സൂത്രവാക്യങ്ങൾ അപ്ളൈ ചെയ്ത് ഉണ്ടാക്കുന്ന അനുമാനങ്ങളാണ് രാജ്യത്ത് ദാരിദ്ര്യ നിരക്ക് സംബന്ധിച്ച എസ്റ്റിമേറ്റ് ഉണ്ടാക്കുന്നത്. ബഹുമുഖ ദാരിദ്ര്യ സൂചിക അഥവാ Multi-Dimensional Poverty Indexഉം ഇത്തരത്തിലുള്ള എസ്റ്റിമേറ്റ് ആണ്. നിതി ആയോഗ് കണക്കുകൾ പ്രകാരം 0.55 ശതമാനമാണ് കേരളത്തിന്റെ Multi-Dimensional Poverty എന്നു പറഞ്ഞാൽ കിടങ്ങറയിലെ മഹേഷിനെ നമുക്കു കണ്ടെത്താൻ കഴിയുമോ? അവരെ poverty trap ൽ പെടുത്തുന്ന ഘടകങ്ങൾ തിരിച്ചറിയുക സാധ്യമാണോ?
കേരളം ഇന്നു അഭിസംബോധന ചെയ്യുന്ന Extreme Poverty കണ്ടെത്തിയ രീതി ശാസ്ത്രം ഇപ്പോൾ ചോദിക്കുന്ന കണ്ണനും കൂട്ടരും ഇത് 2021 ൽ പ്രസിദ്ധപ്പെടുത്തിയ ഒരു മാർഗ്ഗ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പ്രവർത്തനമാണ് എന്നത് നിഷേധിക്കുമോ? നിങ്ങൾ കണ്ടിട്ടില്ല അല്ലേ ? അതാണ് നിങ്ങൾ ഏതോ ചില്ലു കൊട്ടാരത്തിൽ കഴിയുന്ന മൂഡ പണ്ഡിതരാണോ എന്നു സംശയിക്കേണ്ടി വരുന്നത്. അല്ലെങ്കിൽ നിങ്ങൾ നിക്ഷിപ്ത ലക്ഷ്യങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്. ഏതു സർവ്വെ എന്നു ചോദിക്കുന്ന കണ്ണനും മേനനും വിധേയ കൂട്ടവും ഇത് സർവ്വേ ആയിരുന്നില്ല എന്നെങ്കിലും മനസിലാക്കണം.
പല തലത്തിൽ വാലിഡേറ്റ് ചെയ്യപ്പെട്ട തിരിച്ചറിയൽ (identification) ആയിരുന്നു ആ പ്രക്രിയയുടെ ഫലം എന്നെങ്കിലും തിരിയണ്ടേ? വർഡിനും താഴെ തലത്തിൽ നടന്ന 60000 ണ് മുകളിൽ ഫോക്കസ് ഗ്രൂപ് ചർച്ചകളും വാർഡ് തല വാലിഡേഷനും കണ്ടിട്ടില്ല എന്നും അറിഞ്ഞിട്ടില്ല എന്നും കണ്ണനും മേനനും രാമൻകുട്ടിയും പുലമ്പും പോലെ പറയാൻ സതീശൻ നടക്കരുത്. പിന്നെ നിങ്ങൾ ഇക്കാലം ഈ താഴത്ത് എന്താ.. ആയിരുന്നോ എന്നു മനുഷ്യർ ചോദിക്കും. ഈ പണ്ഡിത മൂഡർക്കുള്ള ഉത്തരം വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞിട്ടുണ്ട്. ‘അവന്റെ ഒരു ആഖ്യയും ആഖ്യാതാവും’..
AAY കാർഡ് എണ്ണം വെച്ച് ഇന്നു സതീശനും സെറ്റും ഇറങ്ങിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം കേരളത്തിന്റെ എസ്റ്റിമേഷൻ എടുത്തു വെച്ചു മാതൃഭൂമി എന്ന ആർഎസ്എസ് ജിഹ്വ ഇതേ വാദം എഴുന്നള്ളിക്കുന്നുണ്ട്. AAY കാർഡാണ് എന്നതോ അതില്ല എന്നതോ ഒന്നും അതിൽ തന്നെ poverty trap നെ നിർണ്ണയിക്കുന്നില്ല എന്നു മനസ്സിലായില്ലേ? അതിൽ നിരവധി ഘടകങ്ങൾ ഉണ്ട്. അതായത് extreme poor എന്നത് എല്ലാ AAYകാർഡ് ഉടമകളുമല്ല. AAY കാർഡ് ഇല്ലാതായാലേ കേരളത്തിൽ ദാരിദ്ര്യം ഇല്ലാതായി എന്നു പറയാനാകൂ എന്നൊക്കെ വേണമെങ്കിൽ വാദിച്ചോളൂ.
ഇവിടെ അഭി സംബോധന ചെയ്യുന്നത് Extreme Poverty യെയാണ്. അതു ചേർന്നു നിൽക്കുന്നത് poverty trap നോടാണ് എന്നു തിരിയണം. മന്ത്രി അനിലിന്റെ ഏതോ നിയമ സഭാ ഉത്തരം എടുത്തു വെച്ചു കീറി പൊളിക്കുന്ന മാതൃഭൂമിയിലെ വിഡ്ഡിക്കൂട്ടം അതു വേ ഇതു റേ എന്നു മനസിലാക്കിയാൽ നിങ്ങൾക്ക് കൊള്ളാം . ഞങ്ങളുടെ നാട്ടിൽ ഒരു പറച്ചിലുണ്ട് . എലിയും പിന്നെ..എലിയും (ഞാൻ അത്രയേ പറയൂ) തിരിച്ചറിയാത്ത കൂട്ടം എന്ന്. അതു തന്നെ.
അഗതികളെയാണോ നിങ്ങൾ അതിദരിദ്രർ എന്നു വിളിക്കുന്നത് എന്ന ചോദ്യം കണ്ണനും മേനനും കുട്ടിയും കൂട്ടരും ഉന്നയിച്ചിട്ടുണ്ട്.
ഏതായാലും 2021 ൽ ഇറക്കിയ മാർഗ്ഗ നിർദ്ദേശങ്ങളോ തുടർന്നുള്ള സർക്കാർ ഉത്തരവുകളോ ഒന്നും നിങ്ങൾ കണ്ടമട്ടില്ല എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. അതിൽ അതീവ ക്ലേശ ഘടകങ്ങൾ, ക്ലേശ ഘടകങ്ങൾ എന്നിങ്ങനെ മാനദണ്ഡങ്ങൾ ഉണ്ട്. അവയുടെ സ്കോറിങ്, വാലിഡേഷൻ എന്നിവയെല്ലാം എങ്ങനെ എന്നതും പൊതു സഞ്ചയത്തിൽ ലഭ്യമാണ്. ഇതിന്റെ ശുദ്ധത നിങ്ങൾ തർക്കിച്ചോളൂ. എന്നാൽ 2021 ൽ ഇറക്കിയ ഗൈഡ് ലൈൻ കണ്ടിട്ടില്ലാത്ത ജീവികളോട് തൽക്കാലം പോകാൻ പറയണം. 2002 ൽ തുടങ്ങിയ ആശ്രയ അല്ലേ അതി ദാരിദ്ര്യ നിർമ്മാർജ്ജനം എന്നും അങ്ങനെയെങ്കിൽ അതിൽ ഉണ്ടായിരുന്ന 118309 കുടുംബങ്ങൾ എങ്ങനെ 64006 ആയി കുറഞ്ഞു എന്നും അതൊരു പ്രഹേളികയല്ലേ എന്നതുമാണ് മറ്റൊരു ചോദ്യം. ഇത് സതീശൻ മാത്യു വഴി കണ്ണനു എഴുതി കൊടുത്ത ചോദ്യമാണ്.
ആശ്രയ മുതൽ തുടങ്ങിയത് എന്താണ് സാറന്മാരെ? ആശ്രയ കുടുംബശ്രീയുടെ ഒരു സബ് സ്കീം ആയിരുന്നു. ഇത് ഫല പ്രദമല്ല എന്നു കണ്ട് റീ ഡിസൈൻ ചെയ്താണ് destitute free Kerala വന്നത്. ഇതു ഇപ്പോഴും തുടരുന്നുണ്ട് എന്നാണ് എന്റെ മനസിലാക്കൽ. കുടുംബ ശ്രീ നടപ്പിലാക്കുന്ന 1.5 ലക്ഷം പ്രോജക്ട്റ്റുകൾ അഗതി രഹിത കേരളത്തിനായി നടക്കുണ്ട്. Destitute എന്നതും extreme poor എന്നതും ഒരേ ഗണമല്ല എന്നും extreme poverty എന്ന കെണിയെ സമയ ബന്ധിതമായി അഭിസംബോധന ചെയ്യണം എന്നും പറഞ്ഞും പ്രഖ്യാപിച്ചും നടക്കുന്ന പദ്ധതിയാണ് EPEP എന്നതും തിരിയാത്തവരല്ലല്ലോ നിങ്ങൾ നിർവ്വചനങ്ങളിൽ തർക്കം ഉണ്ടാകാം. അതു സെമിനാർ നടത്തി പ്രബന്ധിച്ചോളൂ. ഇവിടെ സംഭവം വ്യക്തമാക്കിയിട്ടുണ്ട്. അവിടെ മുട്ടാപ്പോക്ക് പറയുമ്പോൾ വീണ്ടും ബഷീറിനെ ഓർമ്മിപ്പിക്കുകയേ തരമുള്ളൂ.
ഈ കേന്ദ്ര പദ്ധതിയെ കുറിച്ചുള്ള തള്ള് ഇതുവരെ ഗോവി, മുരളി, സുരേന്ദ്രൻ , രായീവ്, കുര്യച്ചൻ എന്നിത്യാദി കൂശ്മാണ്ഡങ്ങളിൽ നിന്നും കേട്ടാൽ മതിയായിരുന്നു. ഇപ്പോൾ കണ്ണനും മേനനും രാമൻ കുട്ടിയും സെറ്റും ഇതേ ചോദ്യവുമായി ഇറങ്ങിയിട്ടുണ്ട്. കേന്ദ്ര പദ്ധതി വല്ലതും extreme poverty eradication നു കിട്ടിയിട്ടുണ്ടോ എന്ന് . രാജീവ് ചന്ദ്ര ശേഖരൻ ചോദിച്ച ചോദ്യം, അല്ല അവകാശവാദം ഇവർ ഉന്നയിക്കുന്നത് കണ്ടു സന്തോഷം ഉണ്ട്. തോലു പൊളിയുന്നുണ്ട്.
കേന്ദ്രാവിഷ്കൃത പദ്ധതി ആരുടെയും തറവാട്ടു കണ്ടം വിറ്റ വകയല്ല . അതു ഫല പ്രദമായി integrate ചെയ്യാൻ കഴിയുന്നത് കേരളത്തിന്റെ മേന്മയാണ് എന്ന് ഇവരോട് പറയേണ്ടി വരുന്നത് ഒരു പഴയ പരിഷത്തുകാരൻ എന്ന നിലയിൽ വലിയ ദൌർഭാഗ്യമായി ഞാൻ കരുതുന്നു.
കേന്ദ്ര പദ്ധതി കൊണ്ട് extreme poverty eradication നടത്തിയ ബീഹാർ അനുഭവത്തെ കുറിച്ചുള്ള കണ്ണന്റെ പ്രബന്ധം വൈകാതെ പരിഷത്ത് പ്രസിദ്ധീകരിക്കുമായിരിക്കും.
പട്ടിക വർഗ്ഗ വിഭാഗത്തിൽ അതി ദരിദ്രർ 5.5 ശതമാനം മാത്രമാണല്ലോ, അവിടെ എന്തു മാജിക് കാണിച്ചു എന്നതാണ് മറ്റൊരു ചോദ്യം. അവർ അഗതികളാണോ അതി ദരിദ്രരാണോ എന്നാണ് ഉപ ചോദ്യം. അതി ദരിദ്രരായവർ എന്നതിന് ഈ പദ്ധതി നൽകുന്ന വിശദീകരണം ഗൈഡ് ലൈൻ വായിച്ചിട്ട് വന്നാൽ മതി. ഈ വിഭാഗത്തിൽ മാത്രമല്ല ആകെ 64406 കുടുംബങ്ങളിലും എന്തൊക്കെ ചെയ്തു എന്നത് സർക്കാർ വിശദമായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഒരു മാജിക്കും ഇല്ല. നിശ്ചയദാർഡ്യത്തോടെയുള്ള പ്രവർത്തനം മതി. അതെങ്ങനെയാണ് 2021 ൽ ഇറക്കിയ ഗൈഡ് ലൈൻ നോക്കാതെ ഇതെന്തൊ സർവ്വെയാണ് എന്നു പറഞ്ഞ് നടക്കുന്നവരോട് എന്തു പറയാൻ?
പിന്നെയുള്ളത് ആശമാർ etc etc ആണ്. അല്ല കണ്ണാ അപ്പോൾ ആശമാർ മാത്രം മതിയോ? സ്കൂൾ പാചക തൊഴിലാളികൾ വേണ്ടേ? Oh RSSUCI എഴുതി തന്ന ചോദ്യമാണല്ലേ? ok
അതി ദാരിദ്ര്യം അങ്ങനെ ഒരുനാൾ നിർമ്മാർജ്ജനം ചെയ്യുന്നതെങ്ങനെ എന്നോ മറ്റോ ഉള്ള അക്കാദമികമായ ചോദ്യം ഉന്നയിച്ചിരുന്നു എങ്കിൽ എന്തെങ്കിലും ആത്മാർത്ഥതയും അന്തസ്സും ഉള്ള ഉദ്യമം എന്നു കരുതാമായിരുന്നു. ഇത് കെ.പി.കണ്ണന്റെ നേതൃത്വത്തിൽ RSSUCI യുടെ ആശാ സമരത്തിൽ ഉയർത്തിയ വിതണ്ഡ വാദത്തെ ഓർമ്മിപ്പിക്കുന്ന അസംബന്ധം മാത്രമാണ്. കേരളത്തിലെ മന്ത്രിമാർക്ക് കാർ വാങ്ങാൻ ബജറ്റിൽ 100 കോടി രൂപ വകയിരുത്തി എന്നും ആശമാർക്ക് കൊടുക്കാൻ അതു പോരേ എന്നുമുള്ള പച്ചക്കള്ളം എഴുന്നള്ളിച്ചു നടന്ന മാന്യ ദേഹമാണ് കണ്ണൻ. ബാക്കി പരിഷത്തിലെ ചില വിധേയർ.
പതിവു പോലെ മേരി ടീച്ചറും. അവരോടൊപ്പം അന്തിച്ചർച്ചാ ഭിക്ഷാംദേഹികളായ ചിലരും കൂടി മാസ്റ്റർ മൈൻഡ് ചെയ്ത ഒന്നിൽ കുറച്ചുപേർ തല വെച്ചിരിക്കുന്നു എന്നു മാത്രം.
ദാരിദ്ര്യം ഒരു ഫിനോമിനയാണ്. അതി ദാരിദ്ര്യം എന്നത് ദാരിദ്ര്യ കെണിയിൽ പെട്ടുപോകുന്ന സ്ഥിതിയാണ്. സമൂഹം സൂചിന്തിതമായി ഇടപെട്ടല്ലാതെ ഈ കെണി പൊട്ടില്ല.
ഭൂപരിഷ്ക്കരണവും വിദ്യാഭ്യാസ പരിഷ്ക്കരണവും പൊതു വിതരണവും അധികാര വികേന്ദ്രീകരണവും കുടുംബശ്രീയും നടത്തിയ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയും പാർട്ടിയുടെ സർക്കാരും നടത്തുന്ന ധീരമായ മറ്റൊരു ഇടപെടലാണ് അതി ദാരിദ്ര്യത്തെ അഭിസംബോധന ചെയ്യുന്ന പദ്ധതിയും. അതു പ്രത്യേകമായി അഭിസംബോധന ചെയ്യേണ്ട ഒന്നാണ് എന്ന ബോധത്തിനാണ് ഇടതു പക്ഷ ബോധം എന്നു പറയുന്നത്.
അതിൽ ഒരു സുപ്രധാന ഘട്ടം എത്തുകയാണ്. അതു കണ്ടു ഓരിയിട്ടാൽ എന്തു കാര്യം? അതി ദാരിദ്ര്യം എന്നത് ഉണ്ടാക്കുന്ന സാഹചര്യങ്ങൾ , vulnerabilities, stress factors, shocks എല്ലാം കൂടുതൽ തെളിമയോടെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം മനസിലാക്കുന്നു എന്നത് കൂടിയാണ് ഈ പദ്ധതിയുടെ പ്രാധാന്യം. Poverty Trap ലേക്ക് വീണു പോകാതിരിക്കാനുള്ള കരുതൽ ഇത് നൽകുന്ന പാഠവുമാണ്. അതിനു ഇപ്പോൾ identify ചെയ്ത extreme poverty യെ അഭിസംബോധന ചെയ്തു കൊണ്ടേ സാധിക്കൂ എന്നതു കാണണം. . കരുതൽ അവസാനിക്കുകയല്ല, കേരളത്തിലെ ഇതപര്യന്തമുള്ള വികസന രാഷ്ട്രീയ പ്രക്രിയയിൽ കൂടുതൽ ജാഗ്രതയോടെയുള്ള കരുതൽ ഉൾച്ചേരുകയാണ് ചെയ്യുന്നത്.