‘സുരേഷ് ഗോപിയുടെ പ്രജകളാകാന്‍ സൗകര്യമില്ല, മന്ത്രിയുടെ പെരുമാറ്റം സഹിക്കാന്‍ വയ്യ ; തൃശൂരില്‍ കലുങ്ക്‌സംവാദത്തിന് പിന്നാലെ നാല് ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

തൃശൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയോട് വിയോജിച്ച് കലുങ്ക് സംവാദത്തിന് പിന്നാലെ നാലു ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ടു. സംവാദത്തിന്റെ പിറ്റേന്ന് ബിജെപി ഉപേക്ഷിച്ച ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുയാണ്.
വരന്തരപ്പിള്ളിയില്‍ നടന്ന കലുങ്ക് സംവാദത്തിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കലുങ്ക് സംവാദത്തില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകരാണ് സംവാദത്തിന്റെ അടുത്ത ദിവസം പാര്‍ട്ടി വിട്ടത്. പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരാണ് പാര്‍ട്ടി വിട്ടത്. ബിജെപി ഭരിക്കുന്ന വേലുപ്പാടം വാര്‍ഡില്‍ നിന്നുള്ള സജീവ ബിജെപി പ്രവര്‍ത്തകരാണ് ഇവര്‍.
ഈ മാസം 18നായിരുന്നു വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കലുങ്ക് സംവാദം നടന്നത്. പിറ്റേന്ന് 19നാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സുരേഷ് ഗോപി സംവാദത്തിനിടെ അപമാനിച്ചതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് പാര്‍ട്ടി വിട്ടവര്‍ പറഞ്ഞത്.
മന്ത്രിയുടെ പെരുമാറ്റം താല്‍പര്യമില്ലാത്തതിനാലാണ് പാര്‍ട്ടി വിട്ടതെന്നും സുരേഷ് ഗോപിയുടെ പ്രജകളല്ല തങ്ങളെന്നും പാര്‍ട്ടി വിട്ട പ്രസാദ് പറഞ്ഞു. രാഹുല്‍ ഗാന്ധി സാധാരണക്കാരുടെ ചായക്കടയില്‍ പോയി ചായ കുടിക്കുമെന്നും എന്നാല്‍ എല്ലാവരും പ്രജകളെന്ന് കരുതുന്ന സുരേഷ് ഗോപിക്ക് അത് പറ്റില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






