സഹജീവിസ്‌നേഹം പഠിക്കേണ്ട ബാല്യങ്ങളെ അപരവിദ്വേഷം പഠിപ്പിക്കുന്നു ; ബാലഗോകുലത്തിന്റെ മറവില്‍ ആര്‍എസ്എസ് ശാഖകളില്‍ നടക്കുന്നത് ബാലപീഡനമാണെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: ബാലഗോകുലത്തിന്റെ മറവില്‍ ആര്‍എസ്എസ് ശാഖയില്‍ നടന്ന ബാലപീഡനമാണ് നടക്കുന്നതെന്നും സഹജീവി സ്‌നേഹം പഠിക്കേണ്ട ബാല്യങ്ങളെ അപരവിദ്വേഷം പഠിപ്പിക്കുന്ന ഇടമാക്കുന്നെന്നും ആക്ഷേപം. കോട്ടയം പാമ്പാടിയില്‍ ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ജാഗ്രതാ സദസുമായി എത്തുകയാണ് ഡിവൈഎഫ്ഐ.
കോട്ടയം സ്വദേശിയായ യുവാവിന്റെ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 17 ന് ബ്ലോക്ക് കേന്ദ്രങ്ങളില്‍ ജാഗ്രതാ സദസ്സ് സംഘടിപ്പിക്കാനൊ രുങ്ങുകയാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. യുവാവിനെ കൊന്നതാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
” ആര്‍എസ്എസ് ശാഖയില്‍ വച്ച് കുട്ടിക്കാലം മുതലേ നേരിടേണ്ടി വന്ന ലൈംഗീക പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് മരണത്തിന് മുന്‍പ് യുവാവ് ഇന്‍സ്റ്റഗ്രാം വഴി പങ്കുവെച്ചത്. അടുത്ത ബന്ധുക്കള്‍ ആണെങ്കില്‍ പോലും ആര്‍എസ്എസ് ആണെങ്കില്‍ ആ ബന്ധം ഉപേക്ഷിക്കണം എന്ന് പറയണമെങ്കില്‍ ആ യുവാവ് എത്ര മാത്രം പീഡിപ്പിക്കപ്പെട്ടു എന്നതിന് വേറെ തെളിവുകള്‍ ആവശ്യമില്ല. സഹജീവി സ്‌നേഹം പഠിക്കേണ്ട ബാല്യങ്ങളെ അപരവിദ്വേഷം പഠിപ്പിക്കുന്ന ഇടമാക്കി, മനുഷ്യത്വം ഇല്ലാത്തവരാക്കി മാറ്റുന്ന ഇത്തരം ശാഖകളിലേക്ക് നമ്മുടെ കുഞ്ഞുങ്ങള്‍ എത്താതിരിക്കാന്‍ കൂടുതല്‍ ജാഗ്രത ഉണ്ടാവണം. എത്ര മാത്രം അകറ്റി നിര്‍ത്തേണ്ട ആശയവും പ്രവര്‍ത്തിയുമാണ് ആര്‍എസ്എസ് മുന്നോട്ടു വെക്കുന്നത് എന്ന് യുവാവ് ജീവിതം അവസാനിപ്പിക്കും മുമ്പ് കുറിച്ചിരുന്നു. ആര്‍എസ്എസിന്റെ മനുഷ്യവിരുദ്ധ മുഖമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെട്ടത്. യുവാവിന്റെ മരണത്തില്‍ അന്വേഷണം നടത്തി ഘാതകരായ ആര്‍എസ്എസ് ക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം.” ഡിവൈഎഫ്‌ഐ വ്യക്തമാക്കി.
യുവാവ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്ന ‘എന്‍എം’ എന്നയാളെ പ്രതി ചേര്‍ത്തിരിക്കുകയാണ്. തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ആളെ തിരിച്ചറിഞ്ഞ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. യുവാവിന്റെ കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ അസ്വാഭാവിക മരണത്തിനായിരുന്നു പൊലീസ് കേസെടുത്തത്.
സംഭവത്തില്‍ പോക്സോ വകുപ്പ് അടക്കം ചുമത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ വാഴൂര്‍ ബ്ലോക്ക് കമ്മിറ്റി പൊന്‍കുന്നം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സത്യസന്ധമായ അന്വേഷണം നടക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസിന്റെ കോട്ടയം വിഭാഗം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കും ആര്‍എസ്എസ്എസിന്റെ ദക്ഷിണ വിഭാഗം ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവം കോണ്‍ഗ്രസും ഏറ്റെടുത്തിരിക്കുകയാണ്. ബിജെപിയ്ക്ക് എതിരേ ആയുധമാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ യൂത്ത്‌കോണ്‍ഗ്രസുകാര്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു.






