Breaking NewsSports

സുരക്ഷാസംവിധാനം ചര്‍ച്ചചെയ്യാന്‍ പോലീസ് ഉന്നതരുടെ യോഗം ; മെസ്സി കൊച്ചിയില്‍ പന്തു തട്ടുമെന്ന് ഉറപ്പായി ; 32,000 കാണികളെയേ അനുവദിക്കൂ, ടിക്കറ്റ് 5000 രൂപയായേക്കും

കൊച്ചി: ഇതിഹാസഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സി കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ കളിക്കുമെന്ന് ഉറപ്പാക്കി പോലീസ്. നവംബര്‍ 17 ന് ഫുട്‌ബോള്‍ മാന്ത്രികനും കൂട്ടരും കേരളത്തില്‍ എത്തുമ്പോള്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉന്നതോദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതായിട്ടാണ് വിവരം. കലൂര്‍ രാജ്യന്തര സ്‌റ്റേഡിയത്തില്‍ നവംബര്‍ 17 ന് നടക്കുന്ന മത്സരത്തില്‍ ലോകചാംപ്യന്മാര്‍ക്ക് എതിരാളികളായി കളത്തിലെത്തുക ഓസ്‌ട്രേലിയയാകുമെന്ന സൂചനകള്‍ നേരത്തേ പുറത്തുവന്നിരുന്നു.

മത്സരത്തിന് മൂന്നോ നാലോ ദിവസം മുമ്പ് സൂപ്പര്‍താരം ഉള്‍പ്പെട്ട അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌റ്റേഡിയത്തിലേക്ക് പരമാവധി 32,000 പേര്‍ക്ക് മാത്രമായിരിക്കും അനുമതി. 5000 രൂപയായിരിക്കും ടിക്കറ്റ് ചാര്‍ജ്ജെന്നും വിവരമുണ്ട്. സുരക്ഷാക്രമീകരണം ചര്‍ച്ച ചെയ്യാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

Signature-ad

അഞ്ചുലക്ഷം പേരെയാണ് ഈ ദിവസം നഗരത്തില്‍ പ്രതീക്ഷിക്കുന്നത്. ഇരുടീമുകളെയും പങ്കെടുപ്പിച്ച് റോഡ്‌ഷോയും നടത്താന്‍ സംഘാടകര്‍ ഉദ്ദേശിക്കുന്ന സാഹചര്യത്തില്‍ അതിനും വലിയ സുരക്ഷാ സന്നാഹങ്ങള്‍ തന്നെ വേണ്ടി വരും. മെസ്സി ഏകദേശം 14 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ കളിക്കാനെത്തുന്നത്. 2011 ല്‍ കൊല്‍ക്കത്തയിലെ പ്രശസ്തമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയ്ക്കെതിരെ സൗഹൃദമത്സരം കളിച്ച മെസ്സിയുടെ കേരളത്തിലേക്കുള്ള വരവ് ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുകയാണ്.

ലാറ്റിനമേരിക്കന്‍ യോഗ്യതാമത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായിട്ടാണ് അര്‍ജന്റീന അടുത്ത ലോകകപ്പിന് ടിക്കറ്റ് ഉറപ്പിച്ചത്. ഏഷ്യാ ഓഷ്യാനിയ ഗ്രൂപ്പിലെ ഏറ്റവും കരുത്തരായ ടീമുകളില്‍ ഒന്നും മെച്ചപ്പെട്ട റാങ്കുമുള്ള ടീമാണ് ഓസ്‌ട്രേലിയ.

Back to top button
error: