Breaking NewsKeralaLead News

ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍; നാട്ടുകാര്‍ പാട്ടകൊട്ടിയിട്ടും പടക്കം പൊട്ടിച്ചിട്ടും രക്ഷയില്ല ; കൊമ്പന്റെ ആക്രമണത്തില്‍ പാലക്കാട്ടും ഒരാള്‍ മരണമടഞ്ഞു, രണ്ടിടത്തും പ്രദേശവാസികളുടെ പ്രതിഷേധം

മൂന്നാര്‍: സംസ്ഥാനത്ത് രണ്ടിടത്തായി കാട്ടാന ആക്രമണത്തില്‍ ആള്‍ക്കാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വന്‍ പ്രതിഷേധം. ഇടുക്കി ചിന്നക്കനാല്‍ മേഖലയിലും പാലക്കാട് അട്ടപ്പാടിയിലുമാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഇതിന് പുറമേ മൂന്നാറില്‍ തേയിലത്തോട്ടത്തിന് നടുവില്‍ മൂന്ന് പുലികളെയും കണ്ടെത്തി. മൂന്നിടത്തും നാട്ടുകാരുടെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

ചിന്നക്കനാലിലെ 80 ഏക്കര്‍ഭാഗത്താണ് ചക്കക്കൊമ്പനുള്ളത്. ജനവാസമേഖലയോട് അടുത്താണ് നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. കാട്ടാനയെ ഓടിക്കാന്‍ പ്രദേശവാസികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും പോകാന്‍ കൂട്ടാക്കിയിട്ടില്ല. നാട്ടുകാര്‍ പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും ഓടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആന പോകാതെ നില്‍ക്കുന്നത് നാട്ടുകാരില്‍ ഭീതി പടര്‍ത്തുന്നുണ്ട്. ജനവാസമേഖലയ്ക്ക് അരികിലായി നില്‍ക്കുന്ന ആന കൃഷിയും തകര്‍ത്ത് ആള്‍ക്കാര്‍ താമസിക്കുന്നിടത്തേക്ക് എത്തുമോ എന്നാണ് ആശങ്ക.

Signature-ad

ആനകളെ തുരത്താനുള്ള നീക്കങ്ങള്‍ നാട്ടുകാര്‍ തുടങ്ങിക്കഴിഞ്ഞിരിക്കുയാണ്. കഴിഞ്ഞദിവസം ഏലത്തോട്ടത്തില്‍ പണിയെടുക്കുകയായിരുന്ന ജോസഫ് എന്ന വേലുച്ചാമിയെ ആന ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. രാവിലെ ജോലിക്ക് എത്തിയ ജോസഫ് പണിയെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ആനയെത്തിയതും ചവിട്ടിക്കൊന്നതും.

പാലക്കാട്ടെ അട്ടപ്പാടിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ നാട്ടുകാര്‍ മണ്ണാര്‍ക്കാട് ചിന്നക്കനാല്‍ റോഡ് ഉപരോധിച്ചിരിക്കുകയാണ്. മണ്ണാര്‍ക്കാട് ഡിഎഫ്ഒ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വരികയും നാട്ടുകാരുമായി ചര്‍ച്ച നടത്തുകയുമാണ്. ജില്ലാകളക്ടര്‍ എത്തി ചര്‍ച്ച നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാട്ടാനകളെ തുരത്തി സുരക്ഷിതമായി ജീവിക്കാനും ജോലി ചെയ്യാനുമുള്ള അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ ശിവകുമാര്‍ എന്നയാള്‍ മരണമടഞ്ഞിരുന്നു.

മൂന്നാര്‍ കുണ്ടള, ചിറ്റിവര എസ്റ്റേറ്റില്‍ ലയങ്ങള്‍ക്ക് സമീപം പുലിയെ കണ്ടതായും വിവരമുണ്ട്. വൈകിട്ട് അഞ്ചുമണിയോടെ മൂന്ന് പുലികളെ തേയിലത്തോട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ ആള്‍ക്കാര്‍ ഭീതിയിലാണ്. ഇന്നലെ അവധിയായിരുന്നതിനാല്‍ ആളുകള്‍ എസ്റ്റേറ്റില്‍ ജോലിക്ക് എത്തിയിരുന്നില്ല എന്നതാണ് ആശ്വാസമായത്. തേയിലത്തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് 500 മീറ്റര്‍ അടുത്താണ് പുലിയെ കണ്ടെത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയിരിക്കുകയാണ്.

Back to top button
error: