മുടക്കിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം വീണ്ടും അവതരിപ്പിക്കും ; അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചതായി പി ടി എ ; സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നു വിദ്യാഭ്യാസവകുപ്പും

തിരുവനന്തപുരം: കലോത്സവത്തിനിടെ അദ്ധ്യാപകര്‍ മുടക്കിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം ഷോ വീണ്ടും അവതരിപ്പിക്കും. കാസര്‍കോട് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ കര്‍ട്ടന്‍ ഇട്ടതിനെ തുടര്‍ന്ന് മുടങ്ങിയ മൈം നാളെ ഉച്ചക്ക് 12 മണിക്ക് അവതരിപ്പിക്കാനാണ് തീരുമാനം. ആരോപണ വിധേയരായ രണ്ട് അധ്യാപകരേയും മാറ്റി നിര്‍ത്തും.
നിര്‍ത്തിവച്ച കലോത്സവം രാവിലെ മുതല്‍ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൈമിംഗ് ഷോ അവതരിപ്പിച്ചതിന്റെ പേരില്‍ ഇന്നലെയാണ് കാസര്‍കോട് കുമ്പള ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൂള്‍ കലോത്സവം നിര്‍ത്തിവെച്ചത്. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൈമിംഗ് മുഴുപ്പിക്കുന്നതിന്റെ മുന്‍പേ അധ്യാപകന്‍ കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു.
ഇന്ന് തുടരേണ്ട കലോത്സവം മാറ്റി വെച്ചതായും അറിയിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടി ഉണ്ടാകും. പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഏതെങ്കിലും ഒരു കലാരൂപം അവതരിപ്പിച്ചാല്‍ അത് തടയുന്നതും അതിന്റെ പേരില്‍ യുവജനോത്സവം നിര്‍ത്തിവയ്ക്കുന്നതും മര്യാദകേടാണ്.
സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എഎസ്എഫും എസ് എഫ് ഐയും സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. സംഭവത്തെ ക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച പ്രത്യേക പി ടി എ യോഗത്തിനിടെയായിരുന്നു മാര്‍ച്ച്. യോഗത്തില്‍ പങ്കെടുത്തവരെ പ്രതിഷേധക്കാര്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇതോടെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിന്ധു വ്യക്തമാക്കി. തിങ്കളാഴ്ച്ച കലോത്സവം വീണ്ടും നടത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചതായി പി ടി എ പ്രസിഡന്റ് എകെ ആരിഫ് പറഞ്ഞു. രണ്ട് അധ്യാപകര്‍ ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.






