‘നിങ്ങളുടെ എല്ലാ ശ്രമങ്ങള്‍ക്കും ഞങ്ങള്‍ ഒപ്പമുണ്ട്’; മദ്ധ്യേഷ്യയിലെ സമാധാന ശ്രമങ്ങളില്‍ ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി; ഗാസയിലെ സമാധാനശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ

ന്യുഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസയിലെ സമാധാന ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെ ഭാഗങ്ങള്‍ ഹമാസ് അംഗീകരിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷം എക്‌സിലിട്ട പോസ്റ്റിലാണ് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി അറിയിച്ചത്.
‘ഗാസയിലെ സമാധാന ശ്രമങ്ങള്‍ നിര്‍ണായക പുരോഗതി കൈവരിക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ബന്ദികളെ മോചിപ്പിക്കുന്നതിന്റെ സൂചനകള്‍ ഒരു സുപ്രധാന ചുവടുവയ്പ്പിനെ സൂചിപ്പിക്കുന്നു. സുസ്ഥിരവും നീതിയുക്തവുമായ സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്നത് തുടരും.” മോദിയുടെ പോസ്റ്റില്‍ പറഞ്ഞു.
ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പ്രധാനമന്ത്രി മോദി ഈ ആഴ്ച ആദ്യം പിന്തുണച്ചിരുന്നു, ഫലസ്തീന്‍, ഇസ്രായേല്‍ ജനതയ്ക്ക് ദീര്‍ഘകാലവും സുസ്ഥിരവുമായ സമാധാനത്തിലേക്കുള്ള ഒരു പ്രായോഗിക പാത ഇത് നല്‍കുന്നുവെന്ന് പറഞ്ഞു.
‘ഗാസ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതി സംബന്ധിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിന്റെ പ്രഖ്യാപനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പലസ്തീന്‍, ഇസ്രായേല്‍ ജനതയ്ക്കും വിശാലമായ പശ്ചിമേഷ്യന്‍ മേഖലയ്ക്കും ദീര്‍ഘകാലവും സുസ്ഥിരവുമായ സമാധാനം, സുരക്ഷ, വികസനം എന്നിവയിലേക്കുള്ള ഒരു പ്രായോഗിക പാത ഇത് നല്‍കുന്നു. പ്രസിഡന്റ് ട്രംപിന്റെ മുന്‍കൈയ്ക്ക് പിന്നില്‍ ബന്ധപ്പെട്ട എല്ലാവരും ഒത്തുചേരുകയും സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനം ഉറപ്പാക്കാനുമുള്ള ഈ ശ്രമത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.” പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ അംഗീകാരം പിന്നീട് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പങ്കിടുകയും ചെയ്തു. ഗാസ സമാധാന പദ്ധതിയില്‍ ട്രംപ് മുമ്പോട്ട വെച്ച ചില നിര്‍ദേശങ്ങള്‍ വെള്ളിയാഴ്ച രാത്രി ഹമാസ് അംഗീകരിച്ചു.
യുദ്ധം അവസാനിപ്പിക്കല്‍, ഇസ്രായേലിന്റെ പിന്‍വാങ്ങല്‍, ഇസ്രായേലി ബന്ദികളെ മോചിപ്പിക്കല്‍, സഹായ-വീണ്ടെടുക്കല്‍ ശ്രമങ്ങള്‍, പ്രദേശത്ത് നിന്ന് പലസ്തീനികളെ പുറത്താക്കുന്നതിനെതിരായ എതിര്‍പ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഞായറാഴ്ച വൈകുന്നേരം 6 മണിക്കകം സമാധാന പദ്ധതി അംഗീകരിക്കണമെന്നും അല്ലെങ്കില്‍ ‘എല്ലാ നരകവും’ അനുഭവിക്കണമെന്നും റിപ്പബ്ലിക്കന്‍ നേതാവ് പലസ്തീന്‍ ഗ്രൂപ്പിന് അന്ത്യശാസനം നല്‍കിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഹമാസ് ഇക്കാര്യം വ്യക്തമാക്കിയത്.






