Breaking NewsIndiaLead NewsLIFELife StyleNEWSNewsthen Special

സ്വര്‍ണ പണയ വായ്പയില്‍ പിടി മുറുക്കി റിസര്‍വ് ബാങ്ക്; പലിശയടച്ച് പുതുക്കാമെന്ന് മോഹം നടക്കില്ല; വായ്പാ തിരിച്ചടവില്‍ അച്ചടക്കം കൊണ്ടുവരിക ലക്ഷ്യം; അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍

മുംബൈ: സ്വര്‍ണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകള്‍ പുതുക്കി റിസര്‍വ് ബാങ്ക്. പണയ വായ്പയിൽ നിയന്ത്രണം കൊണ്ടുവരുന്ന നിരവധി വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് പുതുക്കിയത്. ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകു, സുതാര്യത ഉറപ്പ് വരുത്തുക, തിരിച്ചടവിൽ അച്ചടക്കം പാലിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിഷ്കരണം നടപ്പാക്കുന്നത്.

രണ്ട് ഘട്ടമായാണ് പരിഷ്കരണം. ഒന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്നു. രണ്ടാംഘട്ടം 2026 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കും. പണയ വായ്പയിന്മേൽ പലിശയടച്ച് പണയം പുതുക്കാനുള്ള സൗകര്യം നിർത്തലാക്കുന്നതാണ് പ്രധാന മാറ്റം. 2026 ഏപ്രിൽ ഒന്നുമുതൽ ഈ പരിഷ്കാരം നടപ്പാകും. വായ്പാ തിരിച്ചടിവില്‍ അച്ചടക്കം കൊണ്ടുവരികയാണ് ലക്ഷ്യം.

Signature-ad

ബുള്ളറ്റ് തിരിച്ചടവ് വ്യവസ്ഥയും ആർബിഐ കര്‍ശനമാക്കി. മുതലും പലിശയും സഹിതം 12 മാസത്തിനുള്ളില്‍ തിരിച്ചടയ്ക്കണം. വായ്പ അടച്ചുതീര്‍ത്താല്‍ പണയ സ്വര്‍ണം ഉടനെ തിരികെ നല്‍കാനും വീഴ്ചവരുത്തിയാല്‍ പിഴ ഈടാക്കാനും വ്യവസ്ഥ ചെയ്യുന്നു. വായ്പാ കരാര്‍, മൂല്യനിര്‍ണയം, ലേല നടപടികള്‍ എന്നിവ സുതാര്യമാക്കാൻ ഉപഭോക്താക്കള്‍ക്ക് മനസിലാകുന്ന പ്രാദേശിക ഭാഷയില്‍ എല്ലാ വിവരങ്ങളും നല്‍കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചു.

2.50 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്കായി സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനംവരെ അനുവദിക്കാം. 2.50 ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെയാണെങ്കില്‍ മൂല്യത്തില്‍ പരിധി 80 ശതമാനമായിരിക്കും. അതിനും മുകളിലാണ് വായ്പയെങ്കില്‍ 75 ശതമാനം പരിധിയും നിശ്ചയിച്ചു. ഈ മാറ്റങ്ങൾ 2026 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കും.

ആഭരണങ്ങള്‍, കോയിന്‍, ഇടിഎഫ് എന്നിവ ഉള്‍പ്പടെ ഏത് രൂപത്തിലുള്ള സ്വര്‍ണം വാങ്ങുന്നതിനുള്ള വായ്പ ഒക്ടോബർ ഒന്നുമുതൽ ലഭിക്കില്ല. അസംസ്‌കൃത രൂപത്തിലുള്ള സ്വര്‍ണത്തിനോ വെള്ളിക്കോ വായ്പ നല്‍കില്ല. അതേസമയം, സ്വര്‍ണമോ വെള്ളിയോ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന എല്ലാ നിര്‍മാതാക്കള്‍ക്കും പ്രവര്‍ത്തന മൂലധന വായ്പ അനുവദിക്കും. നേരത്തെ ഇത് ജ്വല്ലറികൾക്ക് മാത്രമായിരുന്നു ലഭിച്ചിരുന്നത്. ചെറു പട്ടണങ്ങളിലെ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കും സ്വര്‍ണ വായ്പ നല്‍കാനും റിസർവ് ബാങ്ക് അനുമതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: