പൂജയ്ക്ക് വിളിച്ചത് ഉണ്ണിക്കൃഷ്ണന്‍ പോറ്റി; ആ ഭാഗ്യം ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ എന്നു ജയറാം; വിവാദത്തിനു പിന്നാലെ നിലപാട് വ്യക്തമാക്കി നടന്‍; ‘വീരമണി പാടി, ഞാന്‍ പൂജയില്‍ പങ്കെടുത്തു’

ചെന്നൈ: ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ വിശദീകരണവുമായി നടൻ ജയറാം. ശബരിമലയിലേക്ക് നിർമ്മിച്ചു നൽകിയ സ്വർണവാതിൽ ചെന്നൈയിൽവെച്ച് പൂജ ചെയ്തത് തന്റെ വീട്ടിലല്ലെന്നും, സ്വർണം പൂശിയ കമ്പനിയിലെ ഓഫീസ് റൂമിൽ വെച്ചായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയാണ് തന്നെ പൂജയിലേക്ക് ക്ഷണിച്ചതെന്നും, ഇതൊരു വിവാദമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നൈ അമ്പത്തൂരിലെ, സ്വർണവാതിൽ നിർമ്മിച്ച കമ്പനിയുടെ ഫാക്ടറിയിലാണ് പൂജ നടന്നതെന്ന് ജയറാം അറിയിച്ചു. ബെംഗളൂരുവിൽ നിന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി തന്നെ വിളിച്ചത്. ശബരിമലയിലേക്ക് പോകുന്നതിനു മുമ്പ് അവിടെ വെച്ച് പൂജയുണ്ടെന്ന് അറിയിച്ചപ്പോൾ, ഒരു അയ്യപ്പഭക്തനെന്ന നിലയിൽ അതൊരു മഹാഭാഗ്യമായി കരുതി താൻ എത്തുകയായിരുന്നു. താനാണ് വീരമണി സ്വാമിയെ വിളിച്ചത്.
വീരമണി പാട്ടുപാടുകയും താൻ പൂജയിൽ പങ്കെടുക്കുകയും ചെയ്തു. പൂജയിൽ താൻ ദക്ഷിണയൊന്നും നൽകിയില്ല. പൂജ ചെയ്യണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. താൻ പങ്കെടുക്കുന്ന പൂജയിലൂടെ അയ്യപ്പനെ കൊണ്ടുപോകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്നും, ഇതൊന്നും പിൽക്കാലത്ത് വിവാദമാവുമെന്ന് അറിഞ്ഞിരുന്നില്ലെന്നും ജയറാം കൂട്ടിച്ചേർത്തു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് ശബരിമലയിൽ വെച്ചുള്ള പരിചയമുണ്ടെന്നും എല്ലാ വർഷവും മകരവിളക്കിന് കാണാറുണ്ടെന്നും ജയറാം പറഞ്ഞു. സമൂഹ വിവാഹം, സൈക്കിൾ വിതരണം തുടങ്ങിയ പോറ്റിയുടെ മറ്റ് പ്രവർത്തനങ്ങൾക്കും അദ്ദേഹം തന്നെ വിളിക്കാറുണ്ട്.
ശബരിമലയിലേക്കുള്ള സ്വർണപ്പാളിയോ സ്വർണവാതിലോ വീട്ടിലേക്ക് പൂജയ്ക്കായി കൊണ്ടുവന്നിരുന്നോ എന്ന ചോദ്യത്തിന്, “അങ്ങനെയുള്ള ഭാഗ്യം ആരെങ്കിലും വേണ്ടെന്നുവയ്ക്കുമോ?” എന്നാണ് ജയറാം മറുപടി നൽകിയത്. മുൻപും ചങ്ങനാശ്ശേരിക്ക് അടുത്തുള്ള ഒരു ക്ഷേത്രത്തിൽ നട സമർപ്പണം നടത്തുന്നതിന് മുൻപ് അവിടെ വെച്ച് പൂജയ്ക്ക് വെച്ചപ്പോൾ താൻ പോയി തൊഴാനുള്ള ഭാഗ്യം ലഭിച്ചിരുന്നതായും അദ്ദേഹം ഓർമ്മിച്ചു.
jayaram-clarifies-sabarimala-pooja-gold-door-pooja-jayaram






