Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

യുഎന്‍ വിലക്ക് നീങ്ങി; വര്‍ഷങ്ങള്‍ക്കു ശേഷം താലിബാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്; ഇത്രകാലം ഉടക്കുവച്ചത് പാകിസ്താന്‍; അഫ്ഗാന്‍ പിടിച്ചശേഷം ആദ്യമെത്തുന്ന ഇസ്ലാമിക നേതാവ്; റഷ്യയില്‍ നിന്ന് നേരേ ഇന്ത്യയിലേക്ക് എത്തുമെന്ന് സൂചന

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ ഇന്റര്‍നെറ്റിനടക്കം വിലക്ക് ഏര്‍പ്പെടുത്തിയ താലിബാന്‍ ഭരണകൂടത്തിലെ പ്രധാനി ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തുന്നു. താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖി ഒക്‌ടോബര്‍ 10ന് ഇന്ത്യയിലെത്തുമെന്നാണു വിവരം. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ യാത്രാ വിലക്ക് നീക്കിയതിനു പിന്നാലെയാണ് താലിബാന്‍ മന്ത്രിക്ക് ഇന്ത്യയിലെത്താന്‍ വഴിയൊരുങ്ങുന്നത്

നേതത്തേയും അമീര്‍ ഇന്ത്യ സന്ദര്‍ശനത്തിനു പദ്ധതിയിട്ടിരുന്നെങ്കിലും യാത്രാ വിലക്കിനെ തുടര്‍ന്നു മാറ്റിവയ്‌ക്കേണ്ടിവന്നു. പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഇത്രകാലവും യാത്രാവിലക്ക് നേരിടേണ്ടിവന്നത്. ഒമ്പതുമുതല്‍ 16 വരെയാണ് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ഇളവു നല്‍കിയിരിക്കുന്നതെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Signature-ad

2021 ഓഗസ്റ്റില്‍ അഷ്‌റഫ് ഗാനി സര്‍ക്കാര്‍ വീണതിനുശേഷം ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന താലിബാന്‍ നേതാവാണ് അമീര്‍. അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും സാങ്കേതികമായി ബന്ധം പുനരാരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും താലിബാന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഇപ്പോഴും താലിബാന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് യുഎന്‍ വിലക്ക് തുടരുകയാണ്. ഇവര്‍ വിലക്കു നീക്കാനുള്ള പരിശ്രമത്തിലുമാണ്. 2015ല്‍ കൊണ്ടുവന്ന യാത്രാ വിലക്ക് അനുസരിച്ച് ഇളവു ലഭിക്കാന്‍ പ്രത്യേകം അപേക്ഷ നല്‍കണം. യുഎന്നിലെ അംഗം മുഖാന്തിരം വേണം അപേക്ഷകള്‍ സമര്‍പ്പിക്കാന്‍. 1988ല്‍ കൊണ്ടുവന്ന ഉപരോധ കമ്മിറ്റിയിലെ 15 അംഗങ്ങളാണ് ഇളവിനെക്കുറിച്ചു തീരുമാനം എടുക്കുന്നത്. താലിബാന്‍ നേതാക്കള്‍ക്ക് യാത്രാ വിലക്ക്, ആയുധ വ്യാപാരത്തിനുള്ള വിലക്ക് എന്നിവയും ഏര്‍പ്പെടുത്തിയിരുന്നു. 2025 ഡിസംബര്‍ 31 വരെ ഈ കമ്മിറ്റിയുടെ ചെയര്‍മാന്‍ പാകിസ്താന്‍ പ്രതിനിധിയായിരുന്നു. കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും അനുകൂലിച്ചാല്‍ പോലും ഒരു രാജ്യം എതിര്‍ത്താല്‍ വിലക്കു തുടരേണ്ടിവരും.

ഇതിനുമുമ്പും അമീര്‍ അപേക്ഷ നല്‍കിയെങ്കിലും പാകിസ്താന്റെ ഉടക്കാണ് തടസമായത്. നേരത്തേ, താലിബാന്‍ നേതാക്കള്‍ പാക്‌സതാന്‍ സന്ദര്‍ശിക്കാനും ലക്ഷ്യമിട്ടിരുന്നെങ്കിലും അമേരിക്ക എതിര്‍ത്തതോടെ മുടങ്ങി. ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍ അമീറുമായി ഫോണില്‍ സംഭാഷണം നടത്തിയിരുന്നു. 2021നുശേഷ ആദ്യമായി നടന്ന ആശയവിനിമയമായിരുന്നു ഇത്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുമ്പ് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി ദുബായില്‍ ജനുവരിയിലും കൂടിക്കാഴ്ച നടത്തി.

2024ല്‍ അഫ്ഗാനിലെ പക്തീക പ്രവിശ്യയില്‍ പാകിസ്താന്‍ ആക്രമണം നടത്തിയതിനു പിന്നലെ ഇന്ത്യ താലിബാന്‍ സര്‍ക്കാരുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. അന്നു നടത്തിയ ആക്രമണത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. താലിബാന്റെ പരിശീലന കേന്ദ്രങ്ങളെയാണു പാകിസ്താന്‍ ലക്ഷ്യമിട്ടത്. താലിബാന്‍ അധികാരം പിടിക്കുന്നതിനു മുമ്പ് ഇന്ത്യ 500 പ്രോജക്ടുകളില്‍ അഫ്ഗാനിസ്താനില്‍ നിക്ഷേപം നടത്തിയിരുന്നു. എന്നാല്‍, പിന്നീട് ഇതു മുടങ്ങി.

കഴിഞ്ഞ മേയില്‍ ചൈന സന്ദര്‍ശിച്ചതോടെയാണ് അമീര്‍ ലോക ശ്രദ്ധയിലേക്കു വന്നത്. മോസ്‌കോയിലേക്ക് ഒക്‌ടോബര്‍ ആറിനു താലിബാന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തും. ഒക്‌ടോബര്‍ ഏഴിന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി അമീര്‍ കൂടിക്കാഴ്ച നടത്തും. ഇതിനുശേഷം ഇന്ത്യയിലേക്ക് എത്തുമെന്നാണു കരുതുന്നത്.

 

taliban-foreign-minister-muttaqi-to-visit-india-next-week-after-un-grants-him-travel-ban-waiver

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: