മൈക്രോസോഫ്റ്റ് പിന്‍മാറിയാലും ‘പ്രോജക്ട് നിംബസ്’ നിലയ്ക്കില്ല; ഇസ്രയേല്‍ മൈക്രോസോഫ്റ്റ് ‘അസൂര്‍’ ചാരപ്പണിക്ക് ഉപയോഗിച്ചത് ഇങ്ങനെ; എഐ ഉപയോഗിച്ച് ഫോണ്‍കോളുകള്‍ ടെക്‌സ്റ്റ് ആക്കി മാറ്റി; എപ്പോള്‍ വേണമെങ്കിലും തെരയാവുന്ന വിധത്തില്‍ സൂക്ഷിച്ചു; ‘യൂണിറ്റ് 8200’ നിരീക്ഷണം തുടരും

ന്യൂയോര്‍ക്ക്: ഗാസയിലും വെസ്റ്റ് ബാങ്കിലും വ്യക്തികളെ നിരീക്ഷിക്കാനും ഫോണ്‍കോള്‍ അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്താനും മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സര്‍വീസ് ആയ അസൂര്‍ ഉപയോഗിച്ചെന്നു കണ്ടെത്തിയതിനു പിന്നാലെ ഇസ്രയേല്‍ സൈന്യത്തിനുള്ള സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിക്കു സമാനമായ ‘യൂണിറ്റ് 8200’ ആണ് എഐ സംവിധാനത്തിന്റെ സഹായത്താല്‍ ഫോണ്‍കോളുകള്‍ ചോര്‍ത്തിയത്.
ഫോണ്‍കോളുകള്‍ റെക്കോഡ് ചെയ്യാനും നിരീക്ഷിക്കാനും മറ്റും ഉപയോഗിക്കുന്നെന്ന റിപ്പോര്‍ട്ട് ഗാര്‍ഡിയന്‍, 927 മാഗസിന്‍, ഇസ്രയേലിലെ ലോക്കല്‍ കോള്‍ എന്ന മാസിക എന്നിവര്‍ ചേര്‍ന്നായിരുന്നു അന്വേഷണം. ലേഖനം പുറത്തുവന്നതിനു പിന്നാലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് പറഞ്ഞു.
വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും പലസ്തീനികളുടെ മൊബൈല്‍ ഫോണ്‍ കോള്‍ റെക്കോര്‍ഡിംഗുകള്‍ വലിയ അളവില്‍ സംഭരിക്കാന്‍ ഇസ്രായേലി സൈനിക നിരീക്ഷണ ഏജന്‍സി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സര്‍വീസായ ‘അസൂര്‍’ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. പലസ്തീനികളുടെ ഫോണ്‍കോളുകള്‍ വ്യാപകമായി അപ്‌ലോഡ് ചെയ്യാനും നിരീക്ഷിക്കാനുമാണ് എഐ സംവിധാനത്തിന്റെ സഹായത്തോടെ അസൂര്‍ ഉപയോഗിച്ചത്.
ഠ പങ്കാളിത്തം ഇങ്ങനെ
2021ല്‍ യൂണിറ്റ് 8200 ന്റെ കമാന്‍ഡര്‍ യോസി സാരിയേല്‍ മൈക്രോ സോഫ്റ്റ് സിഇഒ സത്യ നാദല്ലയെ സന്ദര്‍ശിച്ചതോടെയാണു കരാറിനു തുടക്കം. ഇസ്രയേലിന്റെ ഇന്റലിജന്‍സ് വിവരങ്ങള്‍ അസൂറിലേക്കു നീക്കണമെന്നതായിരുന്നു യോസിയുടെ ആവശ്യം. ഇതനുസരിച്ച് മൈക്രോസോഫ്റ്റിന്റെ പ്രത്യേക സംഘം യൂണിറ്റ് 8200 ന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സംവിധാനത്തിനായി പണി തുടങ്ങി. മിലിട്ടറി ബേസില്‍നിന്ന് പ്രത്യേകം പ്രവേശനം ലഭിക്കുന്ന തരത്തിലാണ് അസൂറും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയത്. അസൂറിനെ സംബന്ധിച്ചിടത്തോളം ശക്തരായ പങ്കാളിയെ ലഭിക്കേണ്ടത് അക്കാലത്ത് അത്യാവശ്യവുമായിരുന്നു.
സൈന്യത്തിന്റെ ആവശ്യം ലളിതമായിരുന്നു- ഇസ്രയേലിന്റെ നിലവിലെ സ്‌റ്റോറേജ് സംവിധാനത്തില്‍ ഫോണ്‍കോളുകളും മറ്റു വിവരങ്ങളും സൂക്ഷിക്കാനുള്ള വമ്പന്‍ ശേഷിയുണ്ടായിരുന്നില്ല. പലസ്തീനികള്‍ക്കുവേണ്ടി അവരുടെ ഇന്റലിജന്‍സ് വിവരങ്ങള്‍ സൂക്ഷിക്കുന്ന സ്‌റ്റോറേജ് സംവിധാനം ഐഡിഎഫിനു വികസിപ്പിക്കേണ്ടിയിരുന്നു. പതിനായിരക്കണക്കിനു ഫോണ്‍കോള്‍ റെക്കോഡുകള്‍ ആയിരക്കണക്കിനു കമ്പ്യൂട്ടറുകളിലാണു സൂക്ഷിച്ചത്. അസൂറിലേക്കു മാറിയതോടെ അതിരില്ലാത്ത സ്‌റ്റോറേജ് സംവിധാനമാണു ലഭിച്ചത്. പദ്ധതി നിലവില്‍ വന്നതോടെ നിരീക്ഷിക്കുകയും റെക്കോഡ് ചെയ്യുകയും ചെയ്യുന്ന ഫോണ്‍കോളുകളുടെ എണ്ണം ആയിരത്തില്‍നിന്നു പതിനായിരമായി ഉയര്‍ന്നു.
ഠ നിരീക്ഷണം എങ്ങനെ?
ക്ലൗഡ് കംപ്യൂട്ടിംഗിന്റെ എല്ലാ സാധ്യതകളും ഇസ്രയേല്‍ ഉപയോഗിച്ചു. മൈക്രോസോഫ്റ്റിന്റെയും ഐഡിഎഫിന്റെയും എന്‍ജിനീയര്‍മാര്‍ പ്രത്യേകം സംവിധാനം ഗാസയ്ക്കും പലസ്തീനുംവേണ്ടി ഒരുക്കി. ആധുനിക എഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഈ റെക്കോഡുകള്‍ പരിശോധിക്കാനും കഴിഞ്ഞു.
ചോര്‍ത്തിയ ഫോണ്‍കോളുകളും ടെക്‌സ്റ്റുകളും ക്ലൗഡില്‍ വാക്കുകളാക്കി മൊഴിമാറ്റം ചെയ്തു. ഇതു പെട്ടെന്നു പരിശോധിക്കാനും കഴിയും. ഡാറ്റകള്‍ സൂക്ഷിക്കുന്നതിനൊപ്പം സെര്‍ച്ച് എന്‍ജിന്‍ എന്ന നിലയിലും അസൂര്‍ പ്രവര്‍ത്തിച്ചു. എഐ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ടെക്‌സ്റ്റ് ആക്കിയ ഡാറ്റകള്‍ പെട്ടെന്നു പരിശോധിക്കാന്‍ കഴിയുമായിരുന്നെന്നു ഗാര്‍ഡിയന്‍ കണ്ടെത്തി.
ഏതൊരു ഡാറ്റയും പിന്നീടു തെരയാവുന്ന വിധത്തിലുള്ള ടെക്‌സ്റ്റ് ആക്കി മാറ്റാനുള്ള മള്‍ട്ടി-മോഡല്‍ എഐ ആയി ഇതു പ്രവര്‍ത്തിച്ചു. ഫോണ്‍കോളുകള്‍ ഒരിക്കല്‍ ടെക്‌സ്റ്റ് ആക്കി മാറ്റിക്കഴിച്ചാല്‍ ഇത് എപ്പോള്‍ വേണമെങ്കിലും തെരച്ചില്‍ നടത്താവുന്ന ഡോക്കുമെന്റ് ആയി മാറുന്നു. ഒരു ഇന്റലിജന്‍സ് ഓഫീസര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വിവരങ്ങള്‍ തെരയാനും അത് സാറ്റലൈറ്റ് ചിത്രങ്ങളുമായി കൂട്ടിയോജിപ്പിക്കാനും കഴിഞ്ഞു.
ഠ ഡാറ്റകള്‍ എവിടുന്നു വരുന്നു?
പലസ്തീനിലെ നെറ്റ്‌വര്‍ക്കുകള്‍ ഒരിക്കലും സ്വതന്ത്രമായിരുന്നില്ല. 1995ലെ ഒസ്‌ലോ കരാര്‍ അനുസരിച്ച് ഇസ്രയേല്‍ പലസ്തീനില്‍ സ്വതന്ത്രമായ കമ്യൂണിക്കേഷന്‍ സിസ്റ്റവും മൊബൈല്‍ നെറ്റ്‌വര്‍ക്കും നിര്‍മിക്കാന്‍ അനുവദിച്ചു. പക്ഷേ, ഫലത്തില്‍ എല്ലാ ടെലി-കമ്യൂണിക്കേഷന്‍ സംവിധാനങ്ങളുടെയും കണ്‍ട്രോള്‍ ഇസ്രയേലിന്റെ കൈയിലായിരുന്നു. ഗാസയിലും വെസ്റ്റ് ബാങ്കിലെയും ആശയവിനിമയങ്ങള്‍ ഏതുരൂപത്തിലായാലും അത് ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള സ്വിച്ചുകളിലൂടെയാണു കടന്നുപോയത്.
സ്വതന്ത്രമായ സെല്ലുലാര്‍ സര്‍വീസ് ഇല്ലാത്തതിനാല്‍ പലസ്തീന്‍ ഇസ്രയേലി ഓപ്പറേറ്റര്‍മാരുടെ സര്‍വീസ് ആണ് ഉപയോഗിച്ചത്. അതുകൊണ്ടുതന്നെ കൂട്ടത്തോടെയുള്ള നിരീക്ഷണം സര്‍വസാധാരണമായി. പലസ്തീന്‍ ഇന്റര്‍നെറ്റിലും ഫോണ്‍കോളിലും സര്‍വനിയന്ത്രണവും ഇസ്രയേലിനായിരുന്നു എന്നു ഫലം. ഇത് ഓസ്‌ലോ കരാറിന്റെ ലംഘനമാണെന്നും ഗാര്‍ഡിയന്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇതിനെ സുരക്ഷയ്ക്കുവേണ്ടിയുള്ള നിരീക്ഷണം എന്നു വിളിച്ചപ്പോള്‍ മനുഷ്യാവകാശ സംഘടനകള്‍ ചാരപ്രവര്‍ത്തനമായും കണക്കാക്കി.
ഠ നിരീക്ഷണം നില്‍ക്കുമോ?
മൈക്രോസോഫ്റ്റ് അസൂര്‍ മാത്രമല്ല ഇസ്രയേല്‍ ഉപയോഗിക്കുന്നത്. ആമസോണ്‍ വെബ് സര്‍വീസും സ്‌റ്റോറേജ് സംവിധാനമായി ഉപയോഗിക്കുന്നു. ക്ലൗഡ് സംവിധാനങ്ങള്‍ക്കായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് 1.2 ബില്യണ്‍ ഡോളറിന്റെ കരാറുകളിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. പ്രൊജക്ട് നിംബസ് എന്ന പേരില്‍ ഗൂഗിള്‍, ആമസോണ്‍, ഐബിഎമ്മിന്റെ റെഡ് ഹാറ്റ് എന്നിവരുമായും കരാറുണ്ട്. യുഎസ് ഡിഫെന്‍സ് കമ്പനിയായ പാലന്റീറുമായും കരാറുണ്ട്. ഫലത്തില്‍ മൈക്രോസോഫ്റ്റ് ഇല്ലെങ്കിലും അമേരിക്കയിലെ എല്ലാ പ്രധാനപ്പെടട് കമ്പനികളുമായുമുള്ള കരാര്‍ ഇസ്രയേല്‍ തുടരും. അസൂറിനെ പിന്‍വലിക്കുന്നതുകൊണ്ട് ‘യൂണിറ്റ് 8200’ പൊളിയില്ല. അത് പ്രവര്‍ത്തനങ്ങള്‍ മറ്റു ക്ലൗഡ് സര്‍വീസുകളിലേക്കു മാറ്റുമെന്നു മാത്രം. ചാരപ്പണി പഴയതുപോലെ തുടരുകയും ചെയ്യും.
how-israel-used-azure-to-monitor-palestinians-explained
In August, a joint investigation by The Guardian, +972 Magazine and Local Call revealed that Israel’s military intelligence unit had built a cloud-based surveillance system using Microsoft’s Azure to store audio recordings of Palestinians’ phone calls. Unit 8200, which is considered Israel’s equivalent to the U.S.’s National Security Agency, was reportedly uploading “audio files of millions of calls by Palestinians in the occupied territories”






