Breaking NewsCrimeLead NewsNEWS

‘എംബിഎ, പിഎച്ച്ഡി, കൂടാതെ സ്റ്റീവ് ജോബ്സിന്റെയും ഒബാമയുടെയും പ്രശംസ! ഇരുപതോളം വിദ്യാര്‍ഥികളെ പീഡിപ്പിച്ച ‘സ്വാമി’യുടെ അവകാശവാദങ്ങള്‍ നീളുന്നു; 2009 ലും 2016 ലും പീഡനക്കേസുകള്‍

ന്യൂഡല്‍ഹി: ഇരുപതോളം വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന മാനേജ്‌മെന്റ് ഗുരുവാണെന്ന് സ്വയം അവകാശപ്പെടുന്ന ആത്മീയ നേതാവ് ചൈതന്യാനന്ദ സരസ്വതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ താനൊരു പ്രശസ്ത എഴുത്തുകാരനാണെന്ന ലേബലാണ് അവകാശപ്പെടുന്നത്.

അക്കാദമിക് ഗവേഷണങ്ങള്‍ പങ്കുവെക്കുന്ന പ്ലാറ്റ്ഫോമുകളിലെ പ്രൊഫൈല്‍ അനുസരിച്ച് ഷിക്കാഗോ സര്‍വകലാശാലയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എംബിഎയും പിഎച്ച്ഡിയും ഇയാള്‍ നേടിയിട്ടുണ്ട്. പോസ്റ്റ്-ഡോക്ടറല്‍ ബിരുദങ്ങളും ഡി.ലിറ്റും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇന്ത്യയിലും വിദേശത്തുമുള്ള സര്‍വകലാശാലകളില്‍നിന്ന് ഏഴ് ഓണററി ഡി.ലിറ്റ് ബിരുദങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ അവകാശപ്പെടുന്നു.

Signature-ad

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ചെതന്യാനന്ദ സരസ്വതിയുടെ പുസ്തകങ്ങളില്‍ ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങളിലും ഈ അവകാശവാദങ്ങള്‍ ആവര്‍ത്തിക്കുന്നു. ഈ അവകാശവാദങ്ങളില്‍ പലതും വ്യാജമാണെന്ന് സംശയിക്കുന്നതായും സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.

ഈ പുസ്തകങ്ങളുടെയെല്ലാം പുറംചട്ടയില്‍, 28 പുസ്തകങ്ങളും 143 ഗവേഷണ പ്രബന്ധങ്ങളും രചിച്ച ‘അന്താരാഷ്ട്ര പ്രശസ്തനായ എഴുത്തുകാരന്‍’ എന്ന് ചൈതന്യാനന്ദ സ്വയം പരിചയപ്പെടുത്തുന്നു. ‘ഫോര്‍ഗെറ്റ് ക്ലാസ്‌റൂം ലേണിംഗ്’ എന്ന പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത് ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് ആണ്. ‘മാനേജ്‌മെന്റിന്റെ പ്രായോഗിക ലോകത്തേക്കുള്ള അഭൂതപൂര്‍വമായ തയ്യാറെടുപ്പിനും വഴികാട്ടിയുമാണ്’ ചൈതന്യാനന്ദയുടെ പുസ്തകമെന്ന് സ്റ്റീവ് ജോബ്‌സ് പറഞ്ഞതായി പുസ്തകത്തിന്റെ മുന്‍പേജില്‍ ഉദ്ധരിക്കുന്നു.

മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ‘ട്രാന്‍സ്‌ഫോര്‍മിങ് പേഴ്‌സണാലിറ്റി’ എന്ന പുസ്തകത്തെക്കുറിച്ച് ആവര്‍ത്തിച്ച് പരാമര്‍ശിച്ചിരുന്നതായി ചൈതന്യാനന്ദയുടെ ഒരു പുസ്തകത്തിലെ പ്രൊഫൈലില്‍ അവകാശപ്പെടുന്നു. 2007-ല്‍ യൂറോപ്യന്‍, നോര്‍ത്ത് അമേരിക്കന്‍ വിപണികളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്നായിരുന്നു ഇതെന്നും അവകാശവാദമുണ്ട്.

ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ അഭിനന്ദന സന്ദേശവും പുസ്തകത്തിലുണ്ട്. പുസ്തകങ്ങളിലെ ‘ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്’ എന്ന ഭാഗത്ത് ‘പ്രഗത്ഭനായ പ്രൊഫസര്‍, പ്രശസ്തനായ എഴുത്തുകാരന്‍, പ്രഭാഷകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ആത്മീയ തത്വചിന്തകന്‍, മനുഷ്യസ്നേഹി, കൂടാതെ ഇന്ത്യയിലും വിദേശത്തും മാനേജ്മെന്റ് അക്കാദമിക് രംഗത്തെ ഒരു പ്രമുഖ വ്യക്തിത്വം’ എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്.

ചൈതന്യാനന്ദയുടെ അക്കാദമിക് പ്രൊഫൈലിലെ വിവരങ്ങളില്‍ ഭൂരിഭാഗവും വ്യാജമാണെന്നാണ് പോലീസ് വിശ്വസിക്കുന്നത്. താന്‍ ഡയറക്ടറായിരുന്ന വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

രാജ്യം വിടുന്നത് തടയാന്‍ പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഏകദേശം രണ്ട് പതിറ്റാണ്ടായി ചൈതന്യാനന്ദ സ്ത്രീകളെ ഉപദ്രവിച്ചിരുന്നതായും 2009-ലും 2016-ലും പീഡനത്തിന് കേസെടുത്തിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: