Breaking NewsKeralaLead NewsNEWS

മൂക്കിന് താഴെ നടന്ന സംഭവം അറിഞ്ഞത് വീഡിയോ വൈറലായതോടെ! കണ്ണൂരില്‍ സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാളാഘോഷം, കേക്കുമുറി; ഒടുവില്‍ കേസ്

കണ്ണൂര്‍: സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചവര്‍ക്കെതിരേ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരേയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. പിറന്നാളാഘോഷത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

സംസ്ഥാന പോലീസ് സേനയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന സിറ്റി പോലീസ് ആസ്ഥാനത്തേക്ക് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കുകയും അത് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ഇത് പോലീസ് സേനയുടെ അന്തസ്സിന് കളങ്കംവരുത്തിയെന്നും എഫ്ഐആറിലുണ്ട്.

Signature-ad

സെപ്റ്റംബര്‍ 16-നാണ് പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. ഒരു യുവതിയുടെ പിറന്നാളിന് ചിലര്‍ സര്‍പ്രൈസ് നല്‍കുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. പോലീസ് സ്റ്റേഷനില്‍നിന്ന് വിളിക്കുകയാണെന്ന വ്യാജേനയാണ് ഇവര്‍ യുവതിയെ പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഇവിടെവെച്ച് സര്‍പ്രൈസായി കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കുകയായിരുന്നു.

സിറ്റി പോലീസ് ആസ്ഥാനത്തെ കാന്റീനോട് ചേര്‍ന്നുള്ള സ്ഥലത്തുവെച്ചായിരുന്നു കേക്കുമുറിയും പിറന്നാളാഘോഷവും. പോലീസിന്റെ ആയുധങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലവും ഇതിന് സമീപത്തുതന്നെയാണ്. പോലീസുകാരെന്ന വ്യാജേനയാണ് ഇവര്‍ പോലീസ് ആസ്ഥാനത്തേക്ക് അതിക്രമിച്ചുകയറിയതെന്നാണ് വിവരം. അതേസമയം, ഇത്തരത്തില്‍ അഞ്ചുപേര്‍ ഇവിടെയെത്തി പിറന്നാളാഘോഷം സംഘടിപ്പിച്ചത് പോലീസ് അറിഞ്ഞിരുന്നില്ല. വീഡിയോ പ്രചരിച്ചതോടെയാണ് ഇക്കാര്യം പോലീസ് അറിഞ്ഞതെന്നതും പോലീസിന്റെ സുരക്ഷാവീഴ്ച ചൂണ്ടിക്കാണിക്കുന്നു.

 

 

Back to top button
error: