തെരഞ്ഞെടുപ്പില്‍ പണമിറക്കിയത് വെറുതേയായോ? ട്രംപിന്റെ വിസ നിയന്ത്രണത്തില്‍ മുറുമുറുപ്പുമായി ടെക് കമ്പനികള്‍; എച്ച്1ബി വിസ ഫീസ് കുത്തനെ ഉയര്‍ത്തിയത് തിരിച്ചടിയാകും; മിടുക്കരെ പിടിച്ചു നിര്‍ത്താന്‍ കഴിയില്ലെന്നു മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: എച്ച് 1 ബി വിസയടക്കം ട്രംപിന്റെ പുതിയ വിസ നിയമങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ടെക് കമ്പനികള്‍. ടെക്നോളജി എക്സിക്യുട്ടീവുകള്‍, സംരംഭകര്‍, നിക്ഷേപകര്‍ എന്നിവരടക്കം പുതിയ നിയന്ത്രണങ്ങളും ഫീസ് വര്‍ധനയും തിരിച്ചടിയാകുമെന്നു മുന്നറിയിപ്പ് നല്കുന്നു. ഇവരെല്ലാം ട്രംപിന്റെ രണ്ടാം വരവിനുവേണ്ടി പണമൊഴുക്കിയവരാണെന്നതും ശ്രദ്ധേയമാണ്.
പുതിയ ഫീസ് നടപ്പാക്കുന്നതിലൂടെ ചെലവുകള്‍ ദശലക്ഷക്കണക്കിനു ഡോളര്‍ ഉയരുമെന്നാണ് ടെക്നോളജി നേതൃത്വത്തിലുള്ളവരുടെ വിലയിരുത്തല്‍. സ്റ്റാര്‍ട്ടപ്പുകളെ ഇതു ക്രമവിരുദ്ധമായി ബാധിക്കുമെന്നും പല കമ്പനികളുടെയും നയത്തിന്റെ ഭാഗമായുള്ള വിസ നടപടികള്‍ ബുദ്ധിമുട്ടിലാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംപ് ഭരണകൂടം ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്ന വിസ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. എച്ച് 1 ബി വിസയില്‍ ജോലിക്കെത്തുന്നവരുടെ ഫീസ് പത്തുലക്ഷം രൂപയാക്കുകയാണ് ഇതിലൊന്ന്. ആമസോണ്‍, മൈക്രോസോഫ്റ്റ്, മെറ്റ (ഫേസ്ബുക്ക്) എന്നിവയിലേക്കുള്ള വിസ നടപടികളെ ബാധിക്കും. ഇത് ഒറ്റത്തവണ മാത്രം ബാധകമാകുമോ അതോ നിലവിലെ ജീവനക്കാരെ ബാധിക്കുമോ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ പൂര്‍ണ വ്യക്തത വരുത്തിയിട്ടില്ല. ഫീസ് പ്രഖ്യാപിക്കുമ്പോള്‍ വിദേശത്തുള്ളവരെയും ബാധിക്കാന്‍ സാധ്യതയുണ്ട്.
ട്രംപിന്റെ രണ്ടാം വരവിനുശേഷം വൈറ്റ്ഹൗസുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന കമ്പനികളാണ് അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത് എന്നതു ശ്രദ്ധേയമായ കാര്യമാണ്. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളില്‍നിന്ന് ഏറ്റവും മിടുക്കരായ ആളുകളെ എത്തിക്കുന്നതിനു തടസമാകുമെന്നു വ്യക്തമാണെങ്കിലും ഇതുവരെ പരസ്യമായ നിലപാട് എടുത്തിട്ടില്ല.
കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ എച്ച്1ബി വിസ സ്പോണ്സര് ചെയ്തത് ആമസോണ്‍ ആണ്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, മൈക്രോസോഫ്റ്റ്, മെറ്റ, ആപ്പിള്‍, ഗൂഗിള്‍, കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷന്‍സ്, ജെപി മോര്ഗന്, വാള്‍മാര്‍ട്ട്, ഡെലോയിറ്റേ കണ്‍സള്‍ട്ടിംഗ്, ഓറക്കിള്‍ അമേരിക്ക, ഇന്‍ഫോസിസ്, കാപ്ജെമിനി അമേരിക്ക, എല്‍ടിഐ മൈന്‍ഡ് ട്രീ, എച്ച്സിഎല്‍ അമേരിക്ക, ഇന്റല്‍, എണസ്റ്റ് ആന്‍ഡ് യംഗ്, ഐബിഎം, സിസ്കോ സിസ്റ്റംസ് എന്നിവയാണ് ഇതില്‍ മുമ്പിലുള്ളത്.
അമേരിക്കയുടെ മെച്ചമെന്നത്, ഞങ്ങള്‍ക്കു ലോകമെമ്പാടുമുള്ള മിടുക്കരായ ജീവനക്കാരെ ആകര്‍ഷിക്കാന്‍ കഴിയുന്നു എന്നതാണെന്നു മുന്‍ ട്വിറ്റര്‍ (എക്സ്) എക്സിക്യുട്ടീവ് ആയ എസ്തര് ക്രോഫോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. ഇവര്‍ ഇപ്പോള്‍ മെറ്റയിലാണു പ്രവര്‍ത്തിക്കുന്നത്. ‘ഉയര്‍ന്ന ശേഷിയുള്ള കുടിയേറ്റക്കാര്‍ അമേരിക്കയില്‍നിന്ന് ഒന്നും എടുത്തുകൊണ്ടുപോകുന്നില്ല, പകരം അവറ അമേരിക്കയെ നിര്‍മിച്ചെടുക്കാനാണു സഹായിക്കുന്നത്. എനിക്കറിയാവുന്ന ഏറ്റവും മിടുക്കരായ സഹപ്രവര്‍ത്തകര്‍ എച്ച്1ബി വിസയിലൂടെ എത്തിയവരാണ്. അവര്‍ക്ക് അമേരിക്കയെന്ന സ്വപ്നം സാധ്യമാക്കിയതും ഇതിലൂടെയാണ്’- എസ്തര് പറഞ്ഞു.
അതിര്‍ത്തിയിലെ റെയ്ഡിലൂടെ നേരത്തേ അമേരിക്ക കുടിയേറ്റക്കാര്‍ക്കെതിരേ നടപടിയെടുത്തിരുന്നു. നിരവധി അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചു. അടുത്തിടെ സൗത്ത് കൊറിയയുടെ ഹ്യുണ്ടായ് മോട്ടോഴ്സിന്റെ ജോര്‍ജിയയിലെ ബാറ്ററി പ്ലാന്റില്‍ നടത്തിയ റെയ്ഡ് വിവാദമായിരുന്നു. ഇത് ദക്ഷിണ കൊടിയയെ ചൊടിപ്പിച്ചിരുന്നു. ഇവര്‍ അമേരിക്കയുമായുള്ള ബന്ധം ഉയര്‍ത്തി നടപടിയെ ചോദ്യം ചെയ്യുകയും ചെയ്തു.
ഇപ്പോഴത്തെ വിസ നടപടികള്‍ അമേരിക്കയ്ക്കു കൂടുതല്‍ തലവേദനയാകാനാണു സാധ്യതയെന്നും തൊഴില്‍ വിപണി ഇപ്പോള്‍തന്നെ ട്രംപിന്റെ നടപടിയെത്തുടര്‍ന്നു ശോഷിച്ചെന്നും ബെരണ്ബര്ഗിലെ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എഐ ഉപയോഗിച്ചു ജീവനക്കാരുടെ കുറവ് ചെറിയതോതില്‍ പരിഹരിക്കാന്‍ കഴിഞ്ഞേക്കും. എന്നല്‍, ഇടപാടുകാരുമായുള്ള ബന്ധംകൂടി വഷളാക്കാന്‍ നിയന്ത്രണങ്ങള്‍ ഇടയാക്കും. വിദേശത്തുനിന്നുള്ള ടാലന്റുകളെ ആകര്‍ഷിക്കാന്‍ വിസ നിയന്ത്രണങ്ങള്‍ ഇടയാക്കും. വിദേശ വിദ്യാര്‍ഥികള്‍ പെട്ടെന്നുതന്നെ രാജ്യംവിടാനും അമേരിക്കയില്‍ നിക്ഷേപിക്കേണ്ട ‘ബുദ്ധിശക്തി’യുടെ നഷ്ടവും ഇതിന്റെ ഫലമായുണ്ടാകും.
അമേരിക്ക കൂടുതല്‍ കഴിവുള്ളവരെ ആകര്‍ഷിക്കാനാണു ശ്രമിക്കേണ്ടത്. അതിനു പകരം അവരെ രാജ്യംവിടാന്‍ പ്രേരിപ്പിക്കുന്ന നടപടികളാണ് ഉണ്ടാകുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ട്രംപിന്റെ ആദ്യഘട്ടത്തില്‍ വൈറ്റ് ഹൗസിലെ നാഷണല്‍ എക്കണോമിക് കൗണ്‍സിലില്‍ അംഗമായിരുന്ന ഗാരി കോഹന് അടക്കമുള്ളവര്‍ അനുകൂലിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. ഇദ്ദേഹം ഇപ്പോള്‍ ഐബിഎമ്മിലാണു പ്രവര്‍ത്തിക്കുന്നത്. ഇതു കൂടുതല്‍ കഴിവുള്ളവരെ മാത്രം തെരഞ്ഞുപിടിച്ച് എത്തിക്കാന്‍ ഇടയാക്കുമെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തല്‍. നെറ്റ്ഫ്ളിക്സ് സിഇഒയും സമാനമായ നിലപാടെടുത്തിട്ടുണ്ട്. വിസ കൂടുതല്‍ കഴിവുള്ളവരിലേക്ക് എത്താന്‍ നയം സഹായിക്കുമെന്ന് റീഡ് ഹാസ്റ്റിംഗ് എക്സില്‍ കുറിച്ചു.






