ദൃശ്യം ഫാമിലി ഡ്രാമ, മുമ്പും ത്രില്ലറായി കണക്കാക്കിയിട്ടില്ല; ‘3’ ന് അമിതപ്രതീക്ഷയോടെ വരാതിരിക്കുക: ജീത്തു ജോസഫ്

ജോര്‍ജുകുട്ടിയുടെ ജീവിതത്തിലും കുടുംബത്തിലും ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന കഥയാണ് ‘ദൃശ്യം 3’ പറയുന്നതെന്ന് സംവിധായകന് ജീത്തു ജോസഫ്. ‘ദൃശ്യം’ ആദ്യ രണ്ട് ഭാഗങ്ങളെ താന്‍ ത്രില്ലറായി കണക്കാക്കിയിട്ടില്ല. ഫാമിലി ഡ്രാമയായിരുന്നുവെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. മൂന്നാംഭാഗത്തിന്റെ പൂജച്ചടങ്ങിന് മുമ്പ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പൂത്തോട്ട എസ്എന്‍ കോളേജിലാണ് ചിത്രത്തിന്റെ പൂജ.
‘ഒത്തിരി പ്രതീക്ഷിക്കേണ്ട. അമിത പ്രതീക്ഷയോടെ വരാതിരിക്കുക. ജോര്‍ജുകുട്ടിയുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത്, അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന കഥയാണ് പറയുന്നത്. അത് എന്താണെന്ന് അറിയാന്‍ വരിക. ജോര്‍ജുകുട്ടിയുടെ കുടുംബത്തില്‍ നാലരവര്‍ഷത്തിന് ശേഷം എന്തൊക്കെ സംഭവിച്ചു, സംഭവിക്കാം എന്നുള്ളതാണ് സിനിമ പ്രതിപാദിക്കുന്നത്. അമിത പ്രതീക്ഷയില്ലാതെ, എന്നാല്‍ ആ ആകാംക്ഷയില്‍ വരണം’, ചിത്രത്തെക്കുറിച്ച് ജീത്തു പറഞ്ഞു.
‘ഞാന്‍ മുമ്പും ദൃശ്യത്തെ ത്രില്ലറായി കണക്കാക്കിയിട്ടില്ല. ഫാമിലി ഡ്രാമയാണ്. അതില്‍ ചില കാര്യങ്ങള്‍ സംഭവിക്കുന്നു എന്നേയുള്ളൂ’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ജീത്തു പറഞ്ഞു. ‘സിനിമയ്ക്ക് മാത്രമല്ല, സാമൂഹിക- സാംസ്കാരിക മേഖലയിലും അദ്ദേഹം ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എല്ലാരീതിയിലും ഫാല്‍ക്കെ അവാര്‍ഡിന് അര്‍ഹതപ്പെട്ട വ്യക്തിയാണ്’, ജീത്തു അഭിപ്രായപ്പെട്ടു.






